കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച എറണാകുളം മാർക്കറ്റ് ഭാഗികമായി തുറന്നേക്കും. ഒരേ സമയം മാർക്കറ്റിന്റെ മൂന്നിലൊന്ന് കടകൾ തുറക്കാൻ അനുമതി നൽകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. എന്നാൽ, വ്യാപാരികളുടെ സംഘടനയുമായി ചർച്ച നടത്തിയ ശേഷമാകും ഇതെങ്ങനെ നടപ്പിൽ വരുത്തണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ ധാരണയാകൂ.

To advertise here,

മാർക്കറ്റ് തുറക്കുകയാണെങ്കിൽ പോലീസിന്റെ മേൽനോട്ടത്തിൽ കർശന നിയന്ത്രണങ്ങളോടെയാകും പ്രവർത്തനം. ഇവിടെ നടത്തിയ സാംപിൾ പരിശോധനയിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി.

ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകളിലൊന്നായ ആലുവ മാർക്കറ്റും പ്രത്യേക ദിവസങ്ങളിൽ തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. മൊത്തവ്യാപാരികൾക്ക് കട ആഴ്ചയിൽ ഒരു ദിവസം തുറക്കാനാണ് അനുമതി. ബുധനാഴ്ചകളിൽ വലതുവശത്തെ കടകളും ശനിയാഴ്ചകളിൽ ഇടതുവശത്തുള്ള കടകളുമാകും തുറക്കുക. രാവിലെ ആറു മുതൽ 11 വരെയാണ് പ്രവർത്തന സമയം. 

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനത്ത് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. ഇവിടെ പ്രത്യേക നോഡൽ ഓഫീസറെ നിയമിച്ചതായി ചെല്ലാനം സന്ദർശിച്ച ശേഷം മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെല്ലാനത്ത് ആരംഭിച്ച് ഫസ്റ്റ് ​ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഇന്നു മുതൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും.

ജില്ലയിലെ പഞ്ചായത്തുകളിലും മുനിപ്പാലിറ്റികളിലും ഫസ്റ്റ് ​ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്.