
ആലപ്പുഴ: എവറസ്റ്റ് പർവതത്തിന്റെ ബേസ് ക്യാമ്പിലെത്തിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ടു വൈദികർ ജനാഭിമുഖ കുർബാനയെ അനുകൂലിച്ച് പോസ്റ്റർ ഉയർത്തി. പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്രയുടെ ഭാഗമായാണ് ഇവിടെയെത്തിയത്.
കുറുമശ്ശേരി ലിറ്റിൽഫ്ളവർ പള്ളിയിലെ ഫാ. പോൾ പാറേക്കാട്ടിൽ, ഏലൂർ സെയ്ന്റ് ആൻസ് പള്ളിയിലെ ഫാ. എബി എടശ്ശേരി എന്നിവരാണ് ഒൻപതുദിവസത്തെ ട്രെക്കിങ്ങിനൊടുവിൽ ക്യാമ്പിലെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 5,364 മീറ്റർ (17,598 അടി) ഉയരത്തിലാണ് ബേസ് ക്യാമ്പ്.
ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ് ഈ യാത്രയെന്ന് കാഠ്മണ്ഡുവിൽനിന്ന് ഫാ. പോൾ പാറേക്കാട്ടിൽ ഫോണിലൂടെ പറഞ്ഞു. ആരോഗ്യം, പ്രകൃതിസ്നേഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു മുഖ്യലക്ഷ്യം. പോസ്റ്റർ ഉയർത്തിയത് യാത്രയുടെ ഭാഗമായാണ്.
ഒക്ടോബർ 14-നാണ് ഇവർ കൊച്ചിയിൽനിന്നു പുറപ്പെട്ടത്. എന്നാൽ, കാലാവസ്ഥ മോശമായതിനാൽ ട്രെക്കിങ് റൂട്ടിലെത്താൻ മൂന്നുദിവസം വൈകി. കനത്തമഞ്ഞിലും മോശം കാലാവസ്ഥയിലും കാടുംമേടുംവഴി വാഹനത്തിലും നടന്നും പോകേണ്ടിവന്നു. യാത്രയ്ക്കു മുന്നോടിയായി നാലുമാസത്തോളം രണ്ടുപേരും കടുത്ത വ്യായാമങ്ങൾ ചെയ്തിരുന്നു. പൂർണമായും വെജിറ്റേറിയനായി. എവറസ്റ്റ് യാത്രയ്ക്ക് ഒരു പോർട്ടർ കൂടെയുണ്ടായിരുന്നു.
3,000 അടിയിലും 4,000 അടിയിലും എത്തിയശേഷം ഓരോദിവസം വിശ്രമിച്ചു. കാലാവസ്ഥയുമായി ശരീരം പൊരുത്തപ്പെടാനായിരുന്നു ഇത്.
ഒരു ട്രെക്കിങ് കമ്പനിയിൽ രജിസ്റ്റർചെയ്താണു പോയത്. മുകളിലേക്കുള്ള ഓരോഘട്ടത്തിലും ഭേദപ്പെട്ട താമസസൗകര്യമുണ്ടായിരുന്നു. ഏറ്റവും മുകളിലെ ചെലവാണ് കടുപ്പമെന്ന് ഫാ. പോൾ പറഞ്ഞു. അവിടെ ഒരു ഗ്ലാസ് ചൂടുവെള്ളത്തിന് 700 രൂപ നൽകണം. കുപ്പിവെള്ളത്തിന് 500 രൂപയും. നാൽപ്പത്തേഴുകാരായ ഇരുവരും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കു തയ്യാറെടുക്കുകയാണ്.
Content Highlights: Priests of Ernakulam-Angamaly archdiocese raises pro-unified mass at base camp of mount Everest
Published: 30 Oct 2024, 08:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented