ന്യൂഡൽഹി: ഡൽഹിയിൽ പുരോഗമിക്കുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇ.പി. ജയരാജൻ പങ്കെടുക്കുന്നില്ല. പങ്കെടുക്കില്ലെന്ന് കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം. കേരളത്തിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പ് തോൽവിയടക്കം ചർച്ച ചെയ്യുന്നതിനായാണ് ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.

To advertise here,

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. കേരളത്തിലെ പരാജയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ പി.ബി. യോഗത്തിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് പൂർണമായും സ്വീകരിക്കാൻ പി.ബി. യോഗം തയ്യാറായിരുന്നില്ല. പകരം ചില മാറ്റങ്ങൾ വരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന ഘടകം സമർപ്പിച്ച റിപ്പോർട്ടുകൂടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയ്ക്കെടുക്കും.

കേരളത്തിൽ തെറ്റുതിരുത്തൽ നയത്തിന്റെ ഭാഗമായി കീഴ്ഘടകങ്ങൾ ഉൾപ്പെടെയുള്ളവയുടെ അഭിപ്രായങ്ങളും നിലപാടുകളും അറിയിക്കണമെന്ന് സംസ്ഥാന ഘടകവും കേന്ദ്ര ഘടകവും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച നിർദേശങ്ങളെല്ലാം ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണ് ഇന്ന് സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ, ഇത്രയും നിർണായകമായ യോഗത്തിൽ ഇ.പി. ജയരാജൻ പങ്കെടുക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ അവധി വേണമെന്ന് ഇ.പി. ജയരാജൻ അറിയിച്ചെന്നും വിവരമുണ്ട്.