കൊച്ചി: കിഫ്ബിക്കെതിരായ യുഡിഎഫ് നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി മുൻധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രംഗത്തെത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വലിയ സംഭാവനയാണ് നൽകുന്നതെന്നും ലാഭകരമായ പദ്ധതികൾ മാത്രമേ ഏറ്റെടുക്കാവൂ എന്ന നിലപാട് ശരിയല്ലെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.

To advertise here,

ലാഭകരമായ പദ്ധതികൾ മാത്രമേ കിഫ്ബി ഏറ്റെടുക്കാവൂ എന്ന് വാദിച്ചാൽ സ്കൂളുകളിലും ആശുപത്രികളിലുമൊക്കെ ലാഭമുണ്ടാക്കാൻ കഴിയുമോ എന്ന് ബാലഗോപാൽ ചോദിച്ചു. അങ്ങനെ ലാഭമില്ലെന്ന് പറഞ്ഞ് സ്കൂളും ആശുപത്രിയുമൊന്നും വേണ്ടെന്ന് വെക്കുന്നത് കേരളത്തെ പുറകോട്ട് കൊണ്ടുപോകാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കാൻവേണ്ടി മാത്രം വലിയ തുകയാണ് കിഫ്ബി മാറ്റിവെച്ചത്. അതുകൊണ്ടാണ് ഇപ്പോൾ ദേശീയപാത നിർമാണം ഇത്രയും വേഗത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഭൂമിയുടെ ന്യായമായ വിലയുടെ ഇരട്ടിയിലധികം നൽകിയാണ് ഭൂമി ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും 'കുളിപ്പിച്ചു കുളിപ്പിച്ച് കുഞ്ഞില്ലാത്ത സ്ഥിതിയാക്കരുത്' എന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

കിഫ്ബി കണ്ണൂർ ജില്ലയ്ക്ക് കൂടുതൽ പരിഗണന നൽകി എന്ന പ്രസ്താവന തള്ളി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രംഗത്തുവന്നു. സങ്കുചിതമായ പ്രാദേശിക വികാരം ഉണ്ടാക്കാൻ കഴിയുന്ന രീതിയിലുള്ള പ്രതികരണം മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് നടത്താൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂർ ജില്ല ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച രാഗേഷ്, നാടിന്റെ വ്യവസായ വികസന ഭൂപടത്തിൽ കണ്ണൂർ ജില്ലയ്ക്ക് ഒരു ഇടം വേണ്ടേ എന്നും ആ ഇടം ഉണ്ടാകുന്നത് തെറ്റാണോ എന്നും ചോദ്യമുയർത്തി.