
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമസ്ത എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വാർത്താസമ്മേളനത്തിലെ കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. പിന്നാലെ ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന തലക്കെട്ടോടെ മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പോസ്റ്റ് നീക്കി.
കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്.
കാന്തപുരത്തിന്റെ പരാമർശത്തെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തേ രംഗത്തെത്തുകയും, പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എ.പി. വിഭാഗം നേതാക്കൾ നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടത്. പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
നേരത്തെ കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയ്ക്കെതിരേ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കാന്തപുരം മതത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലിരുന്ന് പറയുന്നുവെന്നുമായിരുന്നു വിമർശനം. വ്യാപാരിയായിരുന്ന പ്രവാചകന്റെ ഭാര്യ ഖദീജ, യുദ്ധത്തിൽ സൈന്യത്തെ നയിച്ച ആയിഷ, ബിൽക്കീസ് രാജ്ഞി തുടങ്ങിയ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതിലുണ്ടായ നീരസവും വിഷമവും അറിയിക്കാനും പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെടാനുമാണ് എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്.
അതിനിടെ കാന്തപുരത്തെ പിന്തുണച്ച് സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഓരോ വ്യക്തിക്കും തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. അതിനെ പരിഹസിക്കുന്നത് ശരിയല്ല. മതപരമായ കാര്യങ്ങൾ പറയുന്നവരെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Published: 03 Sept 2026, 12:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented