കൊച്ചി: ആലുവ ഇടയാറിലെ മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒഡിഷ സ്വദേശിയായ തൊഴിലാളി മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫോര്‍മല്‍ ട്രേഡ്‌ലിങ്‌സ് എന്ന സ്ഥാപനത്തിന്റെ ബോയ്‌ലറാണ് ശനിയാഴ്ച അര്‍ധരാത്രിയില്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

To advertise here,

ആലുവയ്ക്കടുത്ത് ഇടയാര്‍ വ്യവസായി മേഖലയിലെ  ഫോര്‍മല്‍ ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനത്തിലാണ് അപകടം. അപകടസമയത്ത് നാല് തൊഴിലാളികളാണ് സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നത്. ഇവരില്‍ ഒഡിഷ സ്വദേശി മരിക്കുകയും മറ്റു മൂന്നുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.  

മൃഗങ്ങളുടെ കൊഴുപ്പും എല്ലും ഉള്‍പ്പെടെ സംസ്‌കരിച്ചെടുക്കുന്ന ഫാക്ടറിയാണ് ഫോര്‍മല്‍ ട്രേഡ് ലിങ്ക്‌സ്. സ്ഥാപനത്തിലെ ബോയ്‌ലര്‍ പൊട്ടിത്തെറിക്കാനിടയായ സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ല. പൊട്ടിത്തെറിച്ച ബോയ്‌ലറിന്റെ ഒരുഭാഗം കമ്പനിയുടെ മുന്‍വശത്തേക്കും മറ്റൊരു ഭാഗം തൊട്ടപ്പുറത്തെ അടച്ചിട്ട മറ്റൊരു കമ്പനിയുടെ കോമ്പൗണ്ടിലേക്കുമായി ചിതറിവീഴുകയായിരുന്നു.