എടവണ്ണ: തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചു. എടവണ്ണ അങ്ങാടിയിൽ ദീർഘകാലമായി ഓട്ടോഡ്രൈവറായ പാലപ്പെറ്റ വലിയപറമ്പൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്. പരിക്കേറ്റ യാത്രക്കാരൻ വണ്ടൂർ കെഎസ്എഫ്ഇ അസിസ്റ്റന്റ്‌ മാനേജർ പാലപ്പെറ്റ മാഞ്ചേരിക്കുത്ത് രാജനെ (53) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

വ്യാഴാഴ്‌ച രാവിലെ എട്ടരയോടെ എടവണ്ണ-അരീക്കോട് പാതയിലെ കല്ലിടുമ്പിലാണ് അപകടം. സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ കൃഷ്ണനെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ആനന്ദവല്ലി (ആശവർക്കർ). മക്കൾ: അനുഷ, ജിഷ്ണു. മരുമകൻ: വി. ദിനേശ്. സഹോദരങ്ങൾ: അയ്യപ്പൻ, ചോഴിക്കുട്ടി, ശിവരാജൻ, പരേതരായ ഉണ്ണിക്കുട്ടി, രാമൻകുട്ടി. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12-ന് കുടുംബശ്‌മശാനത്തിൽ.

ഭീതിയിൽ ജനം

തെരുവുനായശല്യത്താൽ പൊറുതിമുട്ടി ജനം. വ്യാഴാഴ്‌ച കല്ലിടുമ്പിലുണ്ടായ അപകടംകൂടാതെ നിലമ്പൂർ-മഞ്ചേരി പാതയിൽ പത്തപ്പിരിയം പന്തപ്പള്ളിയിലും തെരുവുനായ കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞു. കുട്ടികൾ ഉൾപ്പെടെ അഞ്ചു യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ വീട്ടിൽക്കയറിയാണ് എട്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്. ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെയെടുത്ത് പരിഹാരനടപടികൾ കൈക്കോള്ളേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

വീട്ടിനകത്തും പുറത്തും ഭീതിയോടെ കഴിയേണ്ട ഗതികേടിലാണ് ജനങ്ങളിപ്പോൾ. പാതയോരങ്ങളിലെല്ലാം നായകൾ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രണ്ടിടങ്ങളിലാണ് നായ്‌ക്കൾ വാഹനങ്ങൾക്കു കുറുകെച്ചാടി അപകടമുണ്ടായത്. ഇതിനകം ഇത്തരത്തിൽ നിരവധി സംഭവങ്ങൾ എടവണ്ണയിലും ജില്ലയിൽ മറ്റിടങ്ങളിലുമുണ്ടായി. ബൈക്കിനു പുറകേ തെരുവുനായ ചാടി ഈയിടെ പോലീസുകാരനും പരിക്കേറ്റിരുന്നു. ഏതുനിമിഷവും തെരുവുനായ്‌ക്കൾ വാഹനങ്ങൾക്കു മുൻപിൽ ചാടാൻ സാധ്യത മുന്നിൽക്കണ്ടുവേണം വാഹനമോടിക്കാൻ. ഇരുചക്രവാഹനയാത്രക്കാരും ഓട്ടോയാത്രക്കാരുമാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും.

നിർത്തിയിട്ട വാഹനങ്ങൾക്കടിയിലും ഇവ താവളമാക്കുന്നുണ്ട്. നിലമ്പൂർ-മഞ്ചേരി പാതയിൽ എടവണ്ണ ബസ്‌സ്റ്റാൻഡിലും ചാലിയാർ വ്യൂ പോയിന്റിലും കുന്നുമ്മലിലും പത്തപ്പിരിയത്തുമൊക്കെ ശല്യം അതിരൂക്ഷമാണ്. എടവണ്ണ-തിരുവാലി പാതയിലും മുണ്ടേങ്ങര-ഒതായി പാതയിലും ആശുപത്രി പരിസരങ്ങളും മറ്റും തെരുവുനായ്‌ക്കളുടെ സ്വൈരവിഹാര കേന്ദ്രങ്ങളാണ്.