എടക്കര: കാടിനോടു ചേർന്ന വഴിയിൽ അതിരാവിലെയെപ്പോഴോ നടക്കാൻ ഇറങ്ങിയതായിരുന്നു ആന. കാഴ്ച കണ്ട്, ആസ്വദിച്ച് ഗമയോടെ ആനത്താരയിലേക്ക് നടക്കവേ മുന്നിലതാ വരുന്നു ഒരു സ്കൂട്ടർ. മറുവശത്ത് വേറെയും വാഹനങ്ങൾ. ഈ വനപാത ഇവരെല്ലാം ചേർന്നങ്ങനെ കൈയിലൊതുക്കിയാൽ ശരിയാവില്ലല്ലോ എന്നു തോന്നിയിരിക്കണം. ആ തോന്നലോടെ മുന്നോട്ടുനീങ്ങി. നിമിഷനേരംകൊണ്ട് ചവിട്ടിക്കൂട്ടി. സ്കൂട്ടർ തരിപ്പണം. അതിലുണ്ടായിരുന്ന യാത്രക്കാരൻ ആനയുടെ വരവുകണ്ട് ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു.
നാടുകാണി ചുരം പാതയിൽ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ചുരത്തിലെ ഒന്നാം വളവിനു സമീപമാണ് ആന സ്കൂട്ടർ ആക്രമിച്ചു തകർത്തത്. കാരക്കോട് പുത്തിരിപ്പാടം തോരത്ത് ഷറഫുദ്ദീൻ ആണ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത്. വഴിക്കടവിൽനിന്ന് ഗൂഡല്ലൂരിലേക്കായിരുന്നു യാത്ര. ഒന്നാം വളവിന് സമീപമെത്തിയപ്പോഴാണ് ആന മുന്നിൽപ്പെട്ടത്. കുതിച്ചെത്തിയ ആനയിൽനിന്ന് ഒരുവിധത്തിൽ ഓടിരക്ഷപ്പെടുകയായിരുന്നു.
യാത്രക്കാരൻ ഇറങ്ങി ഓടിയതോടെ സ്‌കൂട്ടർ ചവിട്ടിത്തകർത്താണ് ആന മടങ്ങിയത്. നെല്ലിക്കുത്ത് വനം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
Content Highlights: elephant attacked and damaged a scooter on a forest path near Edakkara-nadukani churam
Published: 10 Jun 2025, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented