പത്തനംതിട്ട: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് ആന്റോ ആന്റണി എംപിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തേക്കും. 2019-ലെ തിരഞ്ഞെടുപ്പ് സമയത്ത് ആന്റോ ആന്റണിക്ക് രണ്ട് കോടി രൂപ കൈമാറി എന്നായിരുന്നു സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ വെളിപ്പെടുത്തൽ. പണം കൈപ്പറ്റിയതായി ആന്റോ ആന്റണി സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പണമാണെന്നാണ് കരുതിയതെന്നും ഇതിൽ വലിയൊരു തുക തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുക സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്.

To advertise here,

ഈ തുക കള്ളപ്പണമോ അല്ലെങ്കിൽ കൊള്ളയിലൂടെ സമ്പാദിച്ചതോ ആയ പണമോ ആണെന്ന നിഗമനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്ളത്. രേഖകൾ ഇല്ലാതെയാണ് പണം വാങ്ങിയതെങ്കിൽ അത് കള്ളപ്പണമാകാമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനപ്രകാരം ലോക്‌സഭ തിരഞ്ഞെടുപ്പിൽ 90-95 ലക്ഷം രൂപ മാത്രം ചെലവാക്കാൻ അനുമതിയുള്ള സാഹചര്യത്തിൽ ബാക്കി തുക എവിടെപ്പോയി എന്ന ചോദ്യവും സിപിഎം ഉയർത്തുന്നുണ്ട്.

ഈ ഇടപാടിനെക്കുറിച്ച് കോൺഗ്രസ് പാർട്ടിക്ക് അറിവുണ്ടായിരുന്നോ എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എംപിക്കെതിരെ ആരോപണം ഉയരുന്നതിനിടെ, ആന്റോ ആന്റണിക്കെതിരെയുള്ള ഈ പുതിയ വെളിപ്പെടുത്തൽ കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതേസമയം, ശബരിമല തന്ത്രി വലിയൊരു തുക ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു എന്ന പ്രചാരണം നെടുംപറമ്പിൽ ഉടമകൾ നിഷേധിച്ചു.