കോഴിക്കോട്: കോഴിക്കോട് സ്വദേശി കാക്കനാട്ടേക്ക് തപാലയച്ചു. അതിന്റെ കവര്‍ റോഡരികില്‍നിന്ന് ലഭിച്ചപ്പോള്‍ മേല്‍വിലാസം നോക്കി കളമശ്ശേരി നഗരസഭ പിഴചുമത്തിയത് കോഴിക്കോട്ടുകാരിക്ക്. ഒടുവില്‍ വീഴ്ചപറ്റിയെന്ന് തിരിച്ചറിഞ്ഞ നഗരസഭ അത് തിരുത്തി പിഴ ഒഴിവാക്കി.

To advertise here,

കോവൂര്‍ പാലാഴി എംഎല്‍എ റോഡില്‍ ഗ്രീന്‍ലൈന്‍ വില്ലാസിലെ ഒ.വി. വിനീതയാണ് കാക്കനാട്ടെ നേഹാ ചോപ്രയ്ക്ക് ഫെബ്രുവരി മൂന്നിന് തപാലയച്ചത്. റോഡരികില്‍ മാലിന്യം വലിച്ചെറിഞ്ഞെന്ന് ചൂണ്ടിക്കാട്ടി 24-നാണ് നഗരസഭയില്‍നിന്നുള്ള കത്ത് വിനീതയ്ക്ക് ലഭിച്ചത്.

''ഭര്‍ത്താവ് അനീഷ് നഗരസഭയില്‍ ബന്ധപ്പെട്ടപ്പോള്‍ റോഡരികില്‍നിന്നാണ് കവര്‍ കിട്ടിയതെന്നും അതിലെ മേല്‍വിലാസം പ്രകാരമാണ് പിഴചുമത്തിയതെന്നുമാണ് അവര്‍ പറഞ്ഞത്. നേരത്തേതന്നെ നേഹാ ചോപ്രയില്‍നിന്ന് 15,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. സ്വകാര്യ ഏജന്‍സിക്ക് കൊടുത്ത മാലിന്യം ഏജന്‍സി റോഡില്‍ തള്ളിയെന്നാണ് നേഹ പറഞ്ഞത്. കവര്‍ കീറിയിരുന്നെന്നും അതുപ്രകാരമാണ് ഞങ്ങള്‍ക്കും പിഴ നോട്ടീസ് അയച്ചതെന്നും നഗരസഭ അറിയിച്ചു. കാര്യം ബോധ്യപ്പെട്ടപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന് വ്യക്തമാക്കി'' -വിനീത പറഞ്ഞു.

നവോദയ റോഡരികില്‍ മൂന്ന് ചാക്കിലായി മാലിന്യം തള്ളിയിരിക്കുകയായിരുന്നുവെന്നും കുറ്റക്കാരായവര്‍ക്ക് 15,000 രൂപ പിഴയിട്ടെന്നും കളമശ്ശേരി നഗരസഭ അധികൃതര്‍ അറിയിച്ചു. മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു.