ആലപ്പുഴ: മാരാരിക്കുളം ബീച്ചില്‍ ശക്തമായ കടലൊഴുക്കില്‍ മുങ്ങിത്താണ യുവതിയെ കോസ്റ്റല്‍ പോലീസും വാര്‍ഡന്മാരും ചേര്‍ന്ന് രക്ഷിച്ചു. ബംഗാള്‍ സ്വദേശിയും ബംഗളൂരുവിൽ ഐ.ടി.  പ്രൊഫഷണലുമായ യുവതി ബീച്ചില്‍ തീരത്തുനിന്ന് 20 മീറ്റര്‍ ഉള്ളിലായി കടലില്‍ കുളിക്കവേ മുങ്ങിത്താഴുകയായിരുന്നു.

To advertise here,

ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റല്‍ പോലീസും വാര്‍ഡന്മാരും ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ ബോധരഹിതയായി കമിഴ്ന്നു കിടന്ന യുവതിയെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. ബോധം തിരിച്ചുകിട്ടിയതോടെ ആംബുലന്‍സില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 

ഇത് തന്റെ രണ്ടാം ജന്മമാണെന്നു പറഞ്ഞ യുവതി രക്ഷകരായ കോസ്റ്റല്‍ പോലീസിനും വാര്‍ഡന്മാര്‍ക്കും നന്ദി അറിയിച്ചു. ജി.എസ്.ഐ. ആല്‍ബര്‍ട്ട്, സി.പി.ഒ. വിപിന്‍ വിജയ്, കോസ്റ്റല്‍ വാര്‍ഡന്മാരായ സൈറസ്, ജെറോം, മാര്‍ഷല്‍, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിന്‍റെ വീഡിയോ കേരള പോലീസിന്‍റെ ഫേയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.