കൊച്ചി: ശ്രീലക്ഷ്മിയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് മുലപ്പാല്‍ കുടിക്കുന്ന നേരത്ത് സാന്‍വി മനസ്സില്‍ പറഞ്ഞത് ഈ വാചകമാകാം, റണ്‍ അമ്മ റണ്‍... രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പാലുകൊടുത്ത് മാരത്തണിന്റെ ട്രാക്കില്‍ വിയര്‍ത്തോടുമ്പോള്‍ ശ്രീലക്ഷ്മി പറഞ്ഞതും അതേ വാചകമായിരുന്നു, റണ്‍ അമ്മ റണ്‍. കാരണം ആ നേരത്ത് ശ്രീലക്ഷ്മിക്കൊപ്പം ട്രാക്കില്‍ അവളുടെ ഭര്‍ത്താവിന്റെ അമ്മ ഷിജിയും ഓടുന്നുണ്ടായിരുന്നു.

To advertise here,

അര്‍ബുദ രോഗത്തോട് പടവെട്ടി ജീവിതം തിരികെപ്പിടിക്കുന്ന ആവേശത്തില്‍ ഷിജിയും പ്രസവാനന്തര വിഷാദരോഗത്തെ മറികടക്കാന്‍ ശ്രീലക്ഷ്മിയും ഓടുമ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാം പറഞ്ഞത് ഒന്നുമാത്രമായിരുന്നു, 'ഗ്രേറ്റ് സല്യൂട്ട്, രണ്ട് അമ്മമാര്‍ക്കും'.

ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നതിന്റെ സാക്ഷ്യപത്രം പോലെയാണ് മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ ഡോ. ശ്രീലക്ഷ്മി പ്രശാന്തും ഭര്‍ത്താവിന്റെ അമ്മ ഷിജി ഉണ്ണികൃഷ്ണനും ഓടാനെത്തിയത്. പാലാ മാര്‍ സ്ലീവ മെഡിസിറ്റിയിലെ നേത്രരോഗ വിദഗ്ധയായ ഡോ. ശ്രീലക്ഷ്മി ഡിസംബറിലാണ് മകള്‍ സാന്‍വിക്ക് ജന്മം നല്‍കിയത്.

''പ്രസവാനന്തരം പല സ്ത്രീകളെയും പോലെ ഞാനും ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലേക്ക് പോയിരുന്നു. പ്രസവാനന്തര വിഷാദത്തില്‍നിന്നുള്ള മോചനമായാണ് ഞാന്‍ ഓട്ടത്തിലേക്ക് വന്നത്. എന്നെപ്പോലെ പ്രസവാനന്തരം ബുദ്ധിമുട്ട് നേരിടുകയും ജോലിക്കു പോകാന്‍ കഴിയുമോയെന്ന് ആശങ്കപ്പെടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ എന്റെ ഓട്ടത്തിന് കഴിഞ്ഞാല്‍ അതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം'' - ആദ്യമായി മാരത്തണിലെത്തിയ ശ്രീലക്ഷ്മി പറഞ്ഞു.

അര്‍ബുദരോഗത്തെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടയിലാണ് ഷിജി മരുമകള്‍ക്കൊപ്പം ഓടാനെത്തിയത്. അമ്മയും ഭാര്യയും ഓടാന്‍ ട്രാക്കിലെത്തുമ്പോള്‍ രണ്ടാള്‍ക്കും പിന്തുണയുമായി ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഹരികൃഷ്ണനും മാരത്തണില്‍ ഓടിയിരുന്നു. പുലര്‍ച്ചെ മാരത്തണിന്റെ വേദിയില്‍ വെച്ചുതന്നെ സാന്‍വിയെ മുലയൂട്ടിയാണ് ശ്രീലക്ഷ്മി ഓടാന്‍ തുടങ്ങിയത്. താന്‍ ഓടുമ്പോള്‍ മോള്‍ വിശന്നുകരഞ്ഞാലോ എന്നു കരുതി ശ്രീലക്ഷ്മി മുലപ്പാല്‍ കുപ്പിയിലാക്കി തന്റെ അമ്മ ശ്രീജയുടെ കൈയില്‍ ഏല്‍പ്പിച്ചിരുന്നു. മാരത്തണ്‍ കഴിഞ്ഞ് മെഡലണിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ശ്രീലക്ഷ്മി ഓടിയെത്തി ആദ്യം സാന്‍വിക്ക് സമ്മാനിച്ചതും അതേ മധുരമായിരുന്നു.