
ഡോ. ഹാരിസ് ചിറയ്ക്കൽ | Image courtesy: Mathrubhumi news screengrab
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വേണു എന്ന രോഗിയെ തറയില്‍ കിടത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍. ധാരാളം മെഡിക്കല്‍ കോളേജുകൾ തുടങ്ങിയിട്ട് കാര്യമില്ല. നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ ശക്തിപ്പെടുത്തണം. വേണുവിനെ തറയിലാണ് കിടത്തിയിരുന്നത്. ആധുനികസംസ്‌കാരത്തില്‍ എങ്ങനെ തറയില്‍ കിടത്തി ചികിത്സിക്കുമെന്നും അദ്ദേഹം ആരാഞ്ഞു. ഒരിക്കല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ വളരെ വിഷമകരമായ അവസ്ഥയുണ്ടായെന്നും ഡോക്ടര്‍ കൂട്ടിച്ചേർത്തു.
മെഡിക്കല്‍ കോളേജുകള്‍ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല. പലയിടത്ത് മെഡിക്കല്‍ കോളേജ് തുടങ്ങുമ്പോള്‍, കോന്നി മെഡിക്കല്‍ കോളേജില്‍തന്നെ അഞ്ഞൂറുകോടിയോളം രൂപ ചെലവായെന്നാണ് തനിക്ക് കിട്ടിയ കണക്ക്. എന്നിട്ടും അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിൽ ഇപ്പോഴും സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സകള്‍ക്ക് പരിമിതികളുണ്ട്. രോഗികളുടെ ബാഹുല്യമുണ്ട്, തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംസാരിക്കവേ ഡോ. ഹാരിസ് പറഞ്ഞു.
വേണുവിനെ കൊണ്ടുവന്നപ്പോള്‍ അവിടെ തറയിലായിരുന്നു കിടത്തിയിരുന്നത്. നമുക്കറിയാം, അവിടെ ഒന്നാംവാര്‍ഡ്, രണ്ടാംവാര്‍ഡ് 28-ാം വാര്‍ഡ് എന്നൊക്കെയുണ്ട്. ഇന്നത്തെ സംസ്‌കാരത്തിലുള്ള ആര്‍ക്കും അവിടെ പോകാന്‍ പറ്റില്ല. ഒരു രോഗിയെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കാന്‍ കഴിയുക, ഡോ. ഹാരിസ് ചോദിച്ചു.
കൊല്ലം സ്വദേശിയായ വേണു, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ മരിച്ചെന്ന ആരോപണം കത്തിനില്‍ക്കുന്ന സമയത്താണ് ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വിമര്‍ശനം. ആശുപത്രിയിൽ തനിക്ക് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് ആരോപിക്കുന്ന വേണുവിന്‍റെ ശബ്ദസന്ദേശവും പുറത്തെത്തിയിരുന്നു.
Content Highlights: dr haris chirakkal on kollam native venu thiruvananthapuram medical college treatment controversy
Published: 08 Nov 2025, 01:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented