തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനെതിരേ കെ.ജി.എം.ഒ.എ. (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍). സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന് പരാതി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയാണ് കളക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ആക്ഷേപം.

To advertise here,

കുഴിനഖത്തിന്റെ ചികിത്സയ്ക്കായാണ് ഡോക്ടറെ കളക്ടർ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന് വീട്ടിൽ കാത്തിരിക്കേണ്ടി വന്നുവെന്നും വിവരമുണ്ട്. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിയിലിരിക്കെയാണ് ഡോക്ടറെ സ്വകാര്യ ആവശ്യത്തിനായി വിളിച്ചുവരുത്തിയത്. 

തിരക്കേറിയ ഒ.പിയിൽ പൊതുജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം നടത്തിക്കൊണ്ട് സ്വകാര്യ ആവശ്യത്തിന് വിളിച്ചുവരുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് കെ.ജി.എം.ഒ.എ. കുറ്റപ്പെടുത്തി.

കളക്ടറുടെ നടപടി കാരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിലെ ഡോക്ടർമാരോട് മാന്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ.ജി.എം.ഒ.എ. ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.