തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ വീട്ടില്‍നിന്നു പേടിച്ചോടിപ്പോയ നായയെ ഒരുദിവസത്തിനുശേഷം ഉടമയ്ക്ക് തിരികെക്കിട്ടി.

To advertise here,

മണ്ണാമൂല മേലത്തുമേലെ റിജുവിന്റെ വീട്ടില്‍നിന്നു പടക്കങ്ങളുടെ ശബ്ദം കേട്ട് ഓടിപ്പോയ ലൂണ എന്ന ഷിറ്റ്‌സു ഇനത്തില്‍പ്പെട്ട നായയെയാണ് വട്ടിയൂര്‍ക്കാവ് പോലീസിന്റെയും തട്ടുകട ഉടമ ഉദയന്റെയും ഇടപെടലില്‍ തിരികെ കിട്ടിയത്.

ഐടി ജീവനക്കാരന്‍ റിജുവിന്റെ വീട്ടില്‍ ശനിയാഴ്ച വൈകീട്ട് ദീപാവലി ആഘോഷം നടക്കുമ്പോഴാണ് രണ്ടുവയസ്സുകാരി ലൂണ ഓടിപ്പോയത്. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് വീട്ടില്‍നിന്നു പുറത്ത് കടക്കുന്നത് കണ്ടത്. റിജുവും കുടുംബവും രാത്രി പന്ത്രണ്ടുവരെ നായയെ തേടിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവ് പോലീസില്‍ ലൂണയുടെ ചിത്രം സഹിതം പരാതി നല്‍കി.

അതിനിടെയാണ് ശനിയാഴ്ച രാത്രി നെട്ടയത്ത് അലഞ്ഞു തിരിയുന്ന നായയെ തട്ടുകട ഉടമ ഉദയന്‍ കണ്ടത്. ആരുടെയോ അരുമയാണെന്ന് മനസിലായതോടെ ലൂണയെ വീട്ടിലേക്ക് കൊണ്ടുപോയി.

ഞായറാഴ്ച ഉച്ചയോടെ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെത്തി നായയെ കിട്ടിയ വിവരമറിയിച്ചു. തുടര്‍ന്ന് റിജുവിന് ലൂണയെ കൈമാറി.