വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്താണ് ഈ അതിതീവ്ര ദുരന്തം? അങ്ങനെ വിജ്ഞാപനം ചെയ്താൽ എന്താണ് മെച്ചം?

To advertise here,

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രസിഡന്റിന് ഒരു സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാം. ഇന്ത്യയിൽ അങ്ങനെയൊരു വിജ്ഞാപനത്തിനുള്ള വകുപ്പില്ല. എന്നാൽ, ദുരന്തം സംബന്ധിച്ച വിലയിരുത്തൽ നടത്തുന്നത് ധനകാര്യ കമ്മീഷനുകളാണ്, 12-ാം കമ്മീഷൻ മുതൽ ഇത്തരം വലിയ ദുരന്തങ്ങളെ അതിതീവ്ര ദുരന്തം (ഡിസാസ്റ്റർ ഓഫ് സിവിയർ നേച്ചർ) എന്നാണ് പറയുക. പതിനാറാം കമ്മീഷൻ വരാനിരിക്കുന്നു. 

നാഷണൽ ഗൈഡ്‌ലൈൻസ് ഫോർ പ്രിപ്പറേഷൻ ഓഫ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാനിലെ നാലാം അധ്യായത്തിൽ ദുരന്തങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു.

1. എൽ സീറോ (സാധാരണം)
2. എൽ വൺ (ഒരു ജില്ലയ്ക്ക് കൈകാര്യം ചെയ്യാവുന്നവ)
3. എൽ ടൂ (ജില്ലയ്ക്കു പുറത്ത് സംസ്ഥാന മെഷീനറിയുടെയും സഹായമാവശ്യമുള്ളവ)
4. എൽ ത്രീ (കേന്ദ്രസേനകളുടെയും മറ്റും സജീവപിന്തുണ ആവശ്യമുള്ളത്രയും വലിയവ)

ഇപ്പോൾ വയനാട്ടിൽ നടക്കുന്ന ദുരന്തം എൽ ത്രീ വിഭാഗത്തിൽപ്പെട്ടതാണ്. അതിലും നിബന്ധനകളില്ല. കേന്ദ്രസേനകൾ എത്രയുണ്ടാവണമെന്നും മറ്റും. ദേശീയദുരന്തം എന്ന പദപ്രയോഗം പോലും ദേശീയ ദുരന്തനിവാരണത്തിന്റെ ചട്ടക്കൂടിലോ മാനദണ്ഡത്തിലോ ഇല്ല. അങ്ങനെ ചെയ്യാൻ നിയമവുമില്ല.

ദുരന്തം വിജ്ഞാപനം ചെയ്യേണ്ടത് സംസ്ഥാന സർക്കാരുകളാണ്. നമ്മളത് ചെയ്തുകഴിഞ്ഞു. ദുരന്തത്തെയല്ല, അംഗീകൃത ദുരന്തത്താൽ ബാധിക്കപ്പെട്ട പ്രദേശത്തെയാണ് വിജ്ഞാപനം ചെയ്യുന്നത്. മേപ്പാടി പഞ്ചായത്തിലെ മൂന്നു വില്ലേജുകളെ ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കി കേന്ദ്രം എന്തെങ്കിലും അധികസഹായം നൽകിയാലും ആ പണം കൃത്യമായ ചട്ടങ്ങളനുസരിച്ചു മാത്രമേ ചെലവാക്കാനാവൂ. അതിനാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിരിവുനടത്തുന്നത്. ആ പണം എങ്ങനെ ചെലവാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. വിജ്ഞാപനം വന്നാൽ മാത്രമേ ബാങ്കുകളിൽനിന്ന് ദുരന്തം കണക്കിലെടുത്ത് വായ്പാമോറട്ടോറിയം പോലുള്ള പ്രത്യേക ഇളവുകൾ അനുവദിക്കാനാവൂ. വിജ്ഞാപനം ചെയ്യപ്പെട്ട മേഖലകളിൽ മാത്രമാണ് റിസർവ് ബാങ്കിന്റെ അനുമതിയോടെ ഇത്തരം സഹായങ്ങൾ അനുവദിക്കുക. ഒരുപക്ഷേ, കേന്ദ്രത്തിന്റെ പ്രതീകാത്മകമായ ഇടപെടലാവാം ഉണ്ടാവുക. എങ്കിലും വിജ്ഞാപനം ദുരന്തത്തെ ദേശീയശ്രദ്ധയിൽ കൊണ്ടുവരാൻ സഹായിക്കും. കേന്ദ്ര സർക്കാർ ദുരന്തത്തെ വളരെ ഗൗരവത്തോടെ കാണുന്നു എന്ന ബോധ്യം മറ്റ് ഏജൻസികളുടെ ഇടപെടലിലും സഹായത്തിലും ഗണ്യമായ മാറ്റം വരുത്തും.

ധനകാര്യകമ്മീഷനുകൾ രൂപം കൊടുത്തിട്ടുള്ള സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ (എസ്.ഡി.ആർ.എഫ്) കേന്ദ്രം എഴുപത്തഞ്ചു ശതമാനവും സംസ്ഥാനം ബാക്കി തുകയും ഇടും. ആ തുക എല്ലാവർഷവും ലഭിക്കുന്നുണ്ട്. ഉപയോഗിച്ചില്ലെങ്കിൽ ലാപ്‌സാവുന്ന പണമല്ല ഇത്. ആവശ്യമുള്ളപ്പോൾ പണം എടുക്കാവുന്ന ബാങ്ക് പോലെയാണത്. കൈവശമുള്ള പണം തികയാതെ വന്നാൽ മാത്രമേ ദേശീയ ദുരന്ത പ്രതികരണനിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്നും അധികമായി എന്തെങ്കിലും കിട്ടൂ. ഈ വർഷത്തെ ആദ്യഗഡു ഈയിടെയാണ് എത്തിയത്.

കഴിഞ്ഞ പത്തു വർഷത്തിനിടെ ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപയാണ് ദേശീയനിധിക്കു കേന്ദ്രം നൽകിയത്. സർക്കാർ മാനദണ്ഡങ്ങളനുസരിച്ച് ദുരന്തം കൈകാര്യം ചെയ്യാനുള്ള തുക അതിലുണ്ടാവും. യഥാർത്ഥ സാഹചര്യങ്ങളെ നേരിടാൻ അതിന്റെ പലമടങ്ങ് പണം വേണ്ടിവരും. സംസ്ഥാനങ്ങൾ ധനകാര്യകമ്മീഷനുകളോട് നിരന്തരം ആവശ്യപ്പെടുന്ന ഒരു കാര്യം എസ്.ഡി.ആർ.എഫിലെ ഫണ്ട് ദുരന്തങ്ങളുടെ ഗൗരവമനുസരിച്ച് ചെലവാക്കാനുള്ള സ്വാതന്ത്ര്യം തങ്ങൾക്ക് നൽകണം എന്നാണ്.