കോഴിക്കോട്: വകുപ്പുമന്ത്രി വി. അബ്ദുറഹിമാനുമായുള്ള ശീതയുദ്ധത്തിനൊടുവിൽ മുതിർന്ന സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ടി.കെ. ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്തേക്ക്. ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ സി.പി.എം. നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഹംസ രാജിക്കൊരുങ്ങുന്നത്.
മന്ത്രിയുടെ ഇടപെടലുകളിൽ അതൃപ്തിപ്രകടിപ്പിച്ച് നേതൃത്വത്തെ സമീപിച്ചെങ്കിലും അദ്ദേഹത്തെ പാർട്ടി കൈവിടുകയായിരുന്നുവെന്നാണ് സൂചന. മുതിർന്നനേതാവായ ഹംസയ്ക്കും മന്ത്രിക്കുമിടയിലെ മൂപ്പിളമത്തർക്കം ബോർഡിൽ പ്രതിസന്ധിയുണ്ടാക്കുന്നതായി നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യണമെന്നുകാണിച്ച് അംഗങ്ങളായ എം.സി. മായിൻഹാജി, പി. ഉബൈദുള്ള എം.എൽ.എ., പി.വി. സൈനുദ്ദീൻ എന്നിവർ നൽകിയ കത്ത് പരിഗണിച്ച് ഓഗസ്റ്റ് ഒന്നിന് ബോർഡ് യോഗംചേരുന്നുണ്ട്. ഇതിനുമുമ്പ് ചെയർമാന്റെ രാജിയുണ്ടാവുമെന്നാണ് കരുതുന്നത്. ഹംസയ്ക്ക് കാലാവധി തീരാൻ ഒന്നരവർഷത്തോളം ബാക്കിയുണ്ട്.
തിരുവനന്തപുരത്ത് മന്ത്രി വിളിച്ചുചേർത്തയോഗങ്ങളിൽ ഹംസ പങ്കെടുക്കാതിരുന്നതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. യോഗത്തിൽ പങ്കെടുക്കാത്തത് ഗുരുതരമായ കൃത്യവിലോപമായി കാണുന്നുവെന്ന പരാമർശമുള്ള യോഗത്തിന്റെ മിനുട്‌സും ഇതിനിടെ പുറത്തുവന്നു. വഖഫ് നിയമനം പി.എസ്.സി.ക്ക് വിട്ട തീരുമാനം ദുർബലപ്പെടുത്തിയതിനുശേഷം പുതിയ നിയമം രൂപപ്പെടുത്താൻ നിർദേശിച്ചെങ്കിലും കാര്യമായ പ്രവർത്തനം നടത്താത്തത് വഖഫ് ബോർഡിന്റെ വീഴ്ചയാണെന്നും മിനുട്‌സിൽ പറയുന്നുണ്ട്.
മിനുട്‌സ് പുറത്തുവന്നതിനുപിന്നാലെ വകുപ്പ് സെക്രട്ടറി ബോർഡിന്റെ എറണാകുളത്തുള്ള ആസ്ഥാനത്ത് പരിശോധന നടത്തിയതോടെ പ്രശ്നം രൂക്ഷമായി. വഖഫ് ബോർഡിന്റെ ബാങ്ക് അക്കൗണ്ട് ഹെഡ് ഓഫീസായ എറണാകുളത്തുനിന്ന് മണ്ണുത്തിയിലെ ബാങ്കിലേക്ക് മാറ്റിയതും തർക്കത്തിനിടയാക്കിയിരുന്നു. പതിവിനുവിരുദ്ധമായി ഹംസ ചെയർമാനായിരിക്കേ പി.എ.യെ നിയമിച്ചത് അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താണ് പിന്നീട് വിട്ടുവീഴ്ചചെയ്തത്. ചെയർമാൻസ്ഥാനം രാജിവെക്കേണ്ടിവരുമെന്ന ഘട്ടമെത്തിയതോടെ പി.എ. ആയി നിയമിച്ച ആൾക്ക് മലപ്പുറം ഡിവിഷണൽ ഓഫീസിൽ എൽ.ഡി. ക്ലാർക്കായി താത്കാലികനിയമനം നൽകിയെന്ന ആരോപണവും വിവാദമാവുന്നുണ്ട്.
സേവനപ്രവർത്തനങ്ങൾ മുടങ്ങി
മന്ത്രിക്കും ചെയർമാനുമിടയിലെ സ്വരച്ചേർച്ചയില്ലായ്മ കാരണം ബോർഡിന്റെ സേവനപ്രവർത്തനങ്ങൾ മുടങ്ങിയെന്നാണ് പ്രധാന പരാതി. സാമൂഹികക്ഷേമപദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ഒരു വർഷത്തിലധികമായി വിളിച്ചുചേർത്തിട്ടില്ലെന്ന് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ പറഞ്ഞു.
വിവാഹസഹായധനത്തിനും ചികിത്സാസഹായത്തിനും പെൻഷനുമുള്ള ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട വിധവകളുടെ മക്കൾക്കുള്ള സഹായധനം, അർബുദമുൾപ്പെടെയുള്ള രോഗബാധിതർക്കുള്ള ചികിത്സാസഹായം, അനാഥാലയങ്ങൾക്കുള്ള സഹായം, ഉസ്താദുമാർക്കുള്ള പെൻഷൻ എന്നിവയൊക്കെയാണ് ബോർഡിന്റെ സാമൂഹികസേവനപദ്ധതികളിൽ പ്രധാനം.
ഇതൊക്കെയും ഇപ്പോഴത്തെ ബോർഡ് വന്നശേഷം മുടങ്ങിക്കിടക്കുകയാണെന്നാണ് ആക്ഷേപം.
Content Highlights: Disagreement with Minister Abdurrahman, T.K. Hamza moving out from Waqf Board Chairman position
Published: 30 Jul 2023, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented