
യു.പി.ഐ. ഇടപാടിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ഗുജറാത്ത്, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളിലെ സൈബർ സെല്ലിന്റെ നിർദേശപ്രകാരമാണ് കേരളത്തിലടക്കം നിരവധി പേരുടെ അക്കൗണ്ടുകൾ പല ബാങ്കുകളും മരവിപ്പിക്കുന്നത്. നിയമപരമല്ലാത്ത പണം ഒട്ടേറെ തലത്തിൽ കൈമാറി വന്ന് യു.പി.ഐ. വഴി കച്ചവടക്കാരുടേയും മറ്റും അക്കൗണ്ടിൽ എത്തുന്നുവെന്നാണ് പരാതി. എന്നാൽ, ഇത് സംബന്ധിച്ച് വ്യാപാരികൾക്കോ മറ്റോ അറിവില്ല താനും. ഇതോടെ ചെറുകിട കച്ചവടക്കാരുടെ അക്കൗണ്ട് അടക്കമാണ് വലിയ രീതിയിൽ മരവിപ്പിക്കപ്പെട്ടിട്ടുള്ളത്.
'തണ്ണിമത്തൻ വാങ്ങിയ ആൾ കടയിൽ വെച്ചിട്ടുണ്ടായിരുന്ന സ്കാനർ വഴി 120 രൂപ ട്രാൻസ്ഫർ ചെയ്തു. ഇതാണ് അക്കൗണ്ട് മരവിപ്പിക്കാൻ കാരണമെന്നാണ് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്. സാധനങ്ങൾ വാങ്ങാൻ ഇപ്പോൾ കടം വാങ്ങേണ്ട അവസ്ഥയാണ്.'- പറയുന്നത് കൊച്ചി മുപ്പത്തടത്ത് ബേക്കറി നടത്തുന്ന നൗഷാദ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് സംസ്ഥാനത്തെ ചെറുകിട വ്യാപാര മേഖലയുമായി ബന്ധപ്പെട്ടവരും പറയുന്നു. എന്നാൽ ഈ അക്കൗണ്ടുകൾക്ക് എന്താണ് സംഭവിക്കുന്നത്? എവിടെയാണ് പരാതിപ്പെടേണ്ടത്? ആരാണ് പരിഹാരം കണ്ടെത്തേണ്ടത്? എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിക്കുന്നവരാണു കൂടുതലും. അറിയാത്ത സാഹചര്യമാണ് പലർക്കും.
ഇക്കഴിഞ്ഞ 22-ാം തീയതിയാണ് കൊച്ചി മുപ്പത്തടത്ത് ബേക്കറി നടത്തുന്ന നൗഷാദിന്റെ അക്കൗണ്ട് ഫ്രീസായതായി ബാങ്കിൽനിന്ന് അറിയിപ്പ് വരുന്നത്. ഭാര്യയുടെ അക്കൗണ്ടിലാണ് കടയിൽനിന്നുള്ള ഇടപാടുകൾ നടത്തിയിരുന്നത്. ഈ പണം ഉപയോഗിച്ചാണ് സാധനങ്ങൾ വാങ്ങുന്നതും കടയിലെ മറ്റ് ആവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കുന്നതും. എന്നാൽ, ഈ അറിയിപ്പ് വന്നതിന് പിന്നാലെ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് തണ്ണിമത്തൻ വാങ്ങിയ ആൾ കടയിൽ വെച്ചിട്ടുണ്ടായിരുന്ന സ്കാനർ വഴി 120 രൂപ ട്രാൻസ്ഫർ ചെയ്തു. ഇതാണ് അക്കൗണ്ട് മരവിപ്പിക്കാൻ കാരണമെന്നാണ്. ഗുജറാത്ത് സൈബർ സെല്ലിന്റെ പരാതിയിന്മേലാണ്അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുന്നതെന്നും തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. ഗുജറാത്ത് സൈബർ സെല്ലുമായി സംസാരിച്ചപ്പോൾ കാര്യങ്ങൾ വിശദീകരിച്ച് ഒരു മെയിൽ അയയ്ക്കാനാണ് പറഞ്ഞത്. പിന്നീട് സൈബർ സെല്ലിലും അടുത്തുള്ള പോലീസ് സ്റ്റേഷനിലും പരാതിയുമായി പോയെങ്കിലും പരാതി സ്വീകരിക്കാനോ അന്വേഷണം നടത്താനോ സാധിക്കില്ലെന്നാണ് അറിയിച്ചത്. ഇതുവരെ അക്കൗണ്ട് പഴയപടിയാവുകയോ പണമിടപാട് നടത്താനോ സാധിക്കാത്ത അവസ്ഥയിലാണ് നൗഷാദ്. ഗുജറാത്ത് സൈബർ സെല്ലിലേക്ക് അയച്ച മെയിലിനു മറുപടിയില്ലെന്നും നൗഷാദ് പറയുന്നു.
മുപ്പത്തടത്ത് കോഴിയിറച്ചി കട നടത്തുന്ന നവാസിന്റെ അക്കൗണ്ട് മാർച്ച് 17-ാം തീയതി് ഫ്രീസ് ആയി. 22-ാം തീയതിയോടെയാണ് ഇക്കാര്യം നവാസ് അറിയുന്നത്. അക്കൗണ്ടിൽനിന്നു പണം അയക്കാൻ ശ്രമിക്കുമ്പോൾ അയക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ആദ്യം കരുതിയത് ഗൂഗിൾ പേ ഇടക്കിടെ പ്രശ്നം വരുന്നതു പോലെയാണെന്നാണ്. എന്നാൽ മൂന്ന് നാല് തവണ നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് അക്കൗണ്ട് ഫ്രീസ് ആയ വിവരം നവാസ് അറിയുന്നത്. എന്നാൽ അക്കൗണ്ട് ഫ്രീസായതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് ബാങ്കിൽനിന്ന് കിട്ടിയിരുന്നില്ലെന്നും നവാസ് പറയുന്നു.
ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ നൗഷാദിനു കിട്ടിയ മറുപടി തന്നെ നവാസിനും കിട്ടി. ഗുജറാത്ത് സൈബർ സെല്ലിന്റെ നിർദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുന്നത്. വലിയ തുകയുടെ ഇടപാടുകളൊന്നും അക്കൗണ്ട് വഴി നടത്തിയിട്ടില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ രണ്ട് ചെറിയ ഇടപാടുകളുടെ വിവരമാണ് ബാങ്ക് അധികൃതർ കാരണമായി കണ്ടത്.
'എന്റെ മകളുടെ ഭർത്താവ് നവാസിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതും മറ്റൊന്ന് ഒരു കടയിൽനിന്നും സാധനം വാങ്ങിയതിന് ശേഷം ഞാൻ ഒരു കടയിലേക്ക് പണം കൊടുത്തതുമാണ് ഈ രണ്ട് ഇടപാടുകൾ. രണ്ട് പേരേയും എനിക്ക് അറിയുന്നതും അവരുടെ പേരിൽ കേസുകളോ മറ്റോ പ്രശ്നങ്ങളോ ഇല്ലാത്തതുമാണ്. മകളുടെ ഭർത്താവിന് കോഴിയിറച്ചി കച്ചവടം നടത്തുന്ന കടയാണ്. കോഴിയിറച്ചി വിറ്റ ഇനത്തിൽ മകളുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ഒരു കടയിൽനിന്നും പണം അയച്ചിരുന്നു. അവർ സാധനം വാങ്ങിയ മറ്റ് പലർക്കും ഇതുപോലെ പണം അയച്ചിരുന്നു. അവരുടെ അക്കൗണ്ടുകളും ഫ്രീസ് ആയതായാണ് വിവരം. ആദ്യം ഫ്രീസായത് ഈ കടക്കാരനാണ്. അത് അൽഫാമും ഷവർമയും ഒക്കെ വിൽക്കുന്ന കടയാണ്. അയാളുടെ കടയിൽ വന്ന് ആരോ 180 രൂപയ്ക്ക് ഷവർമയോ മറ്റോ വാങ്ങിയിരുന്നു. അതോടെയാണ് അയാളുടെ അക്കൗണ്ട് ഫ്രീസ് ആയതെന്നാണ് അറിയുന്നത്.'- നവാസ് പറയുന്നു.
സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാതികൾക്കനുസൃതമായി അതാത് സംസ്ഥാനങ്ങളിലെ സൈബർ പോലീസ് നൽകുന്ന നിർദ്ദേശമനുസരിച്ചാണ് അക്കൗണ്ട് ഫ്രീസ് ചെയ്യുന്നത് എന്നാണ് ബാങ്ക് അധികൃതരും സൈബർ സെല്ലും വ്യക്തമാക്കുന്നത്. എന്നാൽ, സംസ്ഥാനത്തെ നിരവധി ചെറുകിട കച്ചവടക്കാരുടെയും മറ്റും അക്കൗണ്ടുകൾ മരവിപ്പിച്ചതായാണ് വിവരം. എന്തുകൊണ്ടാണ് ഇത്തരത്തിൽ ചെറുകിട കച്ചവടക്കാരുടെ പോലും അക്കൗണ്ടുകൾ മരവിപ്പിക്കുന്നതെന്നും എവിടെയാണ് പരാതിപ്പെടേണ്ടതെന്നുമെല്ലാം ആശങ്കയിലാണിവർ.

ബാങ്കുകൾക്ക് പ്രത്യേകിച്ച് റോൾ ഇല്ല- പി.ഡി. ശങ്കരനാരായണൻ
(സാമ്പത്തിക വിദഗ്ധൻ)
രാജ്യത്ത് കഴിഞ്ഞ ഒരു മാസം 868.53 കോടി ട്രാൻസാക്ഷൻസാണ് യു.പി.ഐ. വഴി മാത്രം നടന്നത്. ഇതിൽ 75 ശതമാനവും അഞ്ഞൂറ് രൂപയിൽ താഴെയാണ്. അഞ്ഞൂറ് രൂപയിൽ താഴെയുള്ള ഇടപാട് നടത്തുന്നത് കച്ചവടക്കാരും വഴിയോര കച്ചവടക്കാരുമൊക്കെയാണ്. ഇവരുടെ ആരുടെയെങ്കിലും അക്കൗണ്ടിലേക്കായിരിക്കും ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിച്ചതോ തീവ്രവാദ പ്രവർത്തനത്തിലോ ഉൾപ്പെട്ടിട്ടുള്ളവരുടെ പണം അയച്ചിട്ടുണ്ടാവുക. അന്വേഷണ ഉദ്യോഗസ്ഥന് ഇയാളുടെ ബാക്ക്ഗ്രൗണ്ട് അറിയില്ല. പണം അക്കൗണ്ടിലേക്ക് വന്നു എന്ന് മാത്രമേ അറിയാൻ കഴിയൂ. അവർ അത് ബ്ലോക്ക് ചെയ്യും. ഇതാണ് സംഭവിക്കുന്നത്. ബാങ്കിൽ പോയി ബഹളം വെച്ചിട്ട് കാര്യമില്ല. അക്കൗണ്ട് ഇത്തരത്തിൽ ഫ്രീസ് ആകുന്നതിൽ ബന്ധപ്പെട്ട ബാങ്കുകൾക്ക് ഒരു റോളും ഇല്ല. പോലീസിന്റെ നിർദ്ദേശപ്രകാരമാണ് ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുന്നത്.
പണമോ അക്കൗണ്ടോ മരവിപ്പിച്ചിട്ടുണ്ടെങ്കിൽ ബാങ്കിൽനിന്ന് അറ്റാച്ച്മെന്റ് കോപ്പി വാങ്ങുക. അതിൽ എന്തുകൊണ്ടാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ടാകും. അത് മനസിലാക്കിയ ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് തെളിവ് സഹിതം അപേക്ഷ സമർപ്പിക്കുകയാണു വേണ്ടത്. സാധാരണക്കാരനായ വ്യക്തിയല്ല തെറ്റായ പണമിടപാട് നടത്തിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ 1000 രൂപയിൽ താഴെയുള്ള ചെറിയ പണമിടപാടുകളെല്ലാം ഇത്തരം അന്വേഷണത്തിന് കീഴിൽനിന്ന് ഒഴുവാക്കുകയാണെങ്കിൽ പോലീസിന് അന്വേഷണത്തിന് സഹായകമാകും. തീവ്രവാദ പ്രവർത്തനമോ കള്ളം വെളുപ്പിക്കുകയോ ചെയ്തവരെല്ലാം വലിയ വലിയ തുകകളായിരിക്കും ട്രാൻസ്ഫർ ചെയ്തിട്ടുണ്ടാവുക. അവരാരും നൂറോ ഇരുന്നൂറോ രൂപ ഇതിനായി കൈകാര്യം ചെയ്യില്ല.
ഉപഭോക്തൃ ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ യു.പി.ഐക്ക് സുരക്ഷാ സവിശേഷതകളും സുരക്ഷാ ആവരണങ്ങളും ഉണ്ട്.
കള്ളപ്പണം വെളുപ്പിച്ചെടുക്കുമ്പോൾ ആ പണം സമ്പദ് വ്യവസ്ഥയിലേയ്ക്ക് നിയമപരമല്ലാതെ എത്തിച്ചേരുകയാണു സംഭവിക്കുന്നത്. അദ്ധ്വാനിച്ച് കിട്ടിയതല്ലാത്തത് കൊണ്ട് അനിയന്ത്രിതമായി ചെലവാക്കപ്പെടുന്നു. ഈ രീതിൽ പണപ്രവാഹം വരുമ്പോൾ വിലനിലവാരം കുതിച്ചുയരും. അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും സാമ്പത്തിക ഭദ്രതയെയും അപകടത്തിലാക്കുന്നു. അതിനാലാണ് പണം വെളുപ്പിച്ച കേസുകളിൽ ബാങ്ക് അക്കൗണ്ടുകളിലെ പണം പിൻവലിക്കുന്നത് നിയമം മൂലം തടയുന്നത്. സ്വാഭാവികമായും ഇത്തരം കേസുകളിൽ സംശയിക്കപ്പെടുന്ന അക്കൗണ്ടുകളിൽനിന്ന് പണമെത്തിയ, അവിടെനിന്നു തുടർന്നെത്തിയ, ആ പണത്തിന്റെ യാത്രയിൽ എവിടെയെങ്കിലും അറിയാതെ കണ്ണിയായ അക്കൗണ്ടുകൾ, തുകയെത്ര ചെറുതായാലും സത്യസന്ധമായാലും, ആദ്യ നടപടി എന്ന നിലയിൽ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നു. ഇത് യു.പി.ഐയ്ക്ക് മാത്രം ബാധകമായ നിയമമല്ല. എല്ലാ ഇടപാടുകളും ഇത്തരം സാഹചര്യങ്ങളിൽ നിരീക്ഷിക്കപ്പെടാറുണ്ട്; നടപടി വരാറുമുണ്ട്.
കളവ്, വഞ്ചന, ആൾമാറാട്ടം തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം ചാർജ്ജ് ചെയ്യുന്ന, സാമ്പത്തികമാനങ്ങളുള്ള കേസുകളിൽ, പ്രതികൾ പണം ബിനാമികൾക്ക് കൈമാറി സംരക്ഷിച്ചെടുക്കുന്നത് തടയാനായി, ഇത്തരം സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികളുടെ അക്കൗണ്ട്, അല്ലെങ്കിൽ ആ പണത്തിന്റെ യാത്ര കടന്നുപോയ അക്കൗണ്ടുകൾ, മരവിപ്പിക്കാനോ അതിലെ പണം കണ്ടുകെട്ടാനോ പോലീസിന് അധികാരം നൽകുന്നതാണ് CrPCയുടെ 102-ാം വകുപ്പ്. ഒരു കുറ്റകൃത്യം ചെയ്യാൻ ഒരു അക്കൗണ്ടിലെ പണം ഉപയോഗിക്കുന്നുവെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെങ്കിലും, ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടാൻ ഈ വകുപ്പ് പോലീസിന് അധികാരം നൽകുന്നു. ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെയും സഹായികളുടെയും സംരക്ഷകരുടെയും ബാങ്ക് അക്കൗണ്ട് അടക്കമുള്ള സ്വത്ത് മരവിപ്പിക്കുന്നതാവട്ടെ യു.എ.പി.എയിലെ വകുപ്പ് 25 പ്രകാരമാണ്. ഭീകര-വിദ്ധ്വംസക പ്രവർത്തനം തടയൽ (ടാഡ) നിയമത്തിലെ 7A വകുപ്പും സമാനമാണ്.

കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ട സ്വത്തുക്കൾ മരവിപ്പിക്കുന്നതിനും കണ്ടുകെട്ടുന്നതിനും 2002-ലെ പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ (പി.എം.എൽ.എ.) വ്യവസ്ഥയുണ്ട്. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് തീവ്രവാദികൾക്ക് പണമെത്തുന്ന വഴികൾ അടയ്ക്കുന്നതിന്റെ ഭാഗമായാണ് മുമ്പ് ഇത്തരം നിയമങ്ങൾ ഇല്ലാതിരുന്ന രാജ്യങ്ങൾ കൂടി സമാനസ്വഭാവമുള്ള പി.എം.എൽ.എ. വകുപ്പുകൾ വാർത്തെടുത്തത്.
കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ട സ്വത്ത് താൽക്കാലികമായി കൈവശത്തിലെടുക്കുവാൻ പി.എം.എൽ.എ. നിയമത്തിലെ വകുപ്പ് 5 അധികാരം നൽകുന്നു. സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വകുപ്പുകൾ ഇവയാണ്:
- 1. വകുപ്പ് 17: കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന സ്വത്തിന്റെ താൽക്കാലിക അറ്റാച്ച്മെന്റ് ആരംഭിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) ഈ വകുപ്പ് അധികാരം നൽകുന്നു. അറ്റാച്ച്മെന്റ് 180 ദിവസം വരെ നടത്താം. വേണ്ടിവന്നാൽ, ഇത് 90 ദിവസം കൂടി നീട്ടാം.
- 2. വകുപ്പ് 18: വകുപ്പ് 17 പ്രകാരം ചെയ്ത പ്രൊവിഷണൽ അറ്റാച്ച്മെന്റിന്റെ സ്ഥിരീകരണം ഈ സെക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രൊവിഷണൽ അറ്റാച്ച്മെന്റ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ, അറ്റാച്ച്മെന്റിന്റെ സ്ഥിരീകരണത്തിനായി ഇ.ഡി. അധികാരികൾ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുമ്പാകെ പരാതി ഫയൽ ചെയ്യണം. അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി അറ്റാച്ച്മെന്റ് സ്ഥിരീകരിക്കുകയാണെങ്കിൽ, അത് പരമാവധി 180 ദിവസത്തേക്ക് തുടരും.
- 3. വകുപ്പ് 19: കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടാൻ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ട സ്വത്ത് കണ്ടുകെട്ടാൻ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് ഉത്തരവിടാം. എന്നാൽ, അത് ബന്ധപ്പെട്ട വ്യക്തിക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകിയ ശേഷം വേണം.
- 4. വകുപ്പ് 20: കുറ്റകൃത്യത്തിൽനിന്ന് ലഭിച്ച വരുമാനം കണ്ടുകെട്ടാൻ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിൽനിന്നുള്ള വരുമാനം, ബന്ധപ്പെട്ട വ്യക്തിക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകിയ ശേഷം, കണ്ടുകെട്ടാൻ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി ഉത്തരവിട്ടേക്കാം.
മഹാവ്യാധിക്കാലത്ത് ജീവനും ജീവനോപാധിയും മാറോടടുക്കിപ്പിടിച്ച് ഒരുവിധം സങ്കടക്കടൽ നീന്തിക്കയറിയ, സൂക്ഷ്മസംരംഭകൻ എന്ന് സർക്കാറുകൾ ഓമനപ്പേരിട്ട് വിളിക്കുന്ന വഴിയോര/ തണലോര വ്യാപാരി, കോവിഡാനന്തരം നടത്തുന്ന അതിജീവനത്തിനിടയിലാണ് ഇടിത്തീ പോലെ ചെറുകിട വ്യാപാരികളുടെ ജീവിതത്തിൽ ഈ ഇരുട്ടടി സംഭവിക്കുന്നത്.
ഇന്ത്യയിൽ 2021-ൽ മാത്രം 1,55,622 പേർ വാഹനാപകടങ്ങളിൽ മരിച്ചിട്ടുണ്ട്. 16,431 പേർ റെയിൽവേ അപകടങ്ങളിലും മരിച്ചിട്ടുണ്ട്. അതേവർഷം ലോകത്ത് 113 വിമാനാപകടങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും നമ്മളാരും വാഹന/വിമാന യാത്രകൾ ഉപേക്ഷിച്ചിട്ടില്ല. അതുപോലെ, എവിടെയെങ്കിലും ചിലരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു എന്ന കാരണത്താൽ യു.പി.ഐ. ഉപയോഗിക്കുന്നനെ ഭയക്കുകയോ അതിൽനിന്ന് പിന്മാറുകയോ വേണ്ട.
അക്കൗണ്ട് ആർക്കെല്ലാം ഫ്രീസ് ചെയ്യാം
- സി.ആർ.പി.സി. സെക്ഷൻ 102 പ്രകാരം ഏതെങ്കിലും ഒരു കുറ്റകൃത്യത്തിൽ നഷ്ടപ്പെടുകയോ ഉൾപ്പെടുകയോ ചെയ്തിട്ടുള്ള പണം പോലീസിനു ഫ്രീസ് ചെയ്യാം.
- പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ടിലെ 17, 18 സെക്ഷനുകൾ പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കള്ളപ്പണം വെളുപ്പിച്ചതാണെന്ന് തോന്നുന്ന തുകകൾ ഫ്രീസ് ചെയ്യാം.
- യു.എ.പി.എ. ആക്ടിലെ 25-ാം വകുപ്പ് പ്രകാരം പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതോ മറ്റെന്തെങ്കിലും ബന്ധമുണ്ടെങ്കിലോ പോലീസിന് പണം മരവിപ്പിച്ച് വെക്കാം.
- ടെററിസ്റ്റ് ആൻഡ് ഡിസ്റപ്റ്റീവ് പ്രിവൻഷൻ ആക്ടിലെ സെക്ഷൻ 7 എ പ്രകാരവും പണം മരവിപ്പിക്കാം.
ഇവയിൽ ഏതെങ്കിലുമായി ബന്ധപ്പെട്ടിട്ടുള്ള പണം യു.പി.ഐ. വഴി മാത്രമല്ലാതെ ബാങ്ക് അക്കൗണ്ടുകൾ വഴി അയക്കുകയാണെങ്കിലും അവയെല്ലാം നിയമത്തിന് കീഴിൽ വരും. അതായത് ഇവയിൽ ഏതെങ്കിലുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിട്ടുള്ള പണം മറ്റേതെങ്കിലും നല്ല നിലക്ക് നമ്മുടേതായ അക്കൗണ്ടിലേക്ക് വന്നാലും നിയമത്തിന്റെയും പോലീസ് അന്വേഷണത്തിന്റേയും ഭാഗമാകേണ്ടി വരും. എവിടെയോ ഉള്ള അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ തെറ്റായ മാർഗത്തിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം മരവിപ്പിക്കുക എന്നതാണ് പ്രധാനം.
അക്കൗണ്ട് ഫ്രീസ് ആയാൽ
ഇത്തരത്തിൽ അക്കൗണ്ട് ഫ്രീസ് ആയിട്ടുണ്ടെങ്കിൽ അതാത് ഓഫീസർമാർക്കാണ് പരാതി കൊടുക്കേണ്ടത്. എങ്ങനെയാണ് ഈ പണം ലഭിച്ചതെന്നും തീവ്രവാദ പ്രവർത്തനത്തിലൂടെയും തെറ്റായ മാർഗത്തിലൂടെയുമല്ല പണം തന്റെ അക്കൗണ്ടിലേക്ക് വന്നതെന്ന് വ്യക്തമാക്കി കൊണ്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി കൊടുക്കാം. പരാതി കൊടുത്തിട്ടും പരിഹാരം ലഭിച്ചില്ലെങ്കിൽ ഉന്നതാധികാരികളെ സമീപിക്കുക എന്നതാണ് ചെയ്യാൻ സാധിക്കുക.
Read More : യു.പി.ഐ. ഒരു ഭീകരജീവിയല്ല
Content Highlights: digital payment account freezing complaints
Published: 13 Apr 2023, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented