പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികളും നിർമാണ മേഖലയിലെ മുന്നേറ്റവുമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമെന്ന് പറയാറുണ്ട്. എന്നാൽ അതിനുമപ്പുറം സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയത് സേവന മേഖലയുടെ മുന്നേറ്റമാണ്. ദീർഘകാല നിക്ഷേപകനെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിൽ പങ്കാളിയാകാനുള്ള തന്ത്രപരമായ മാർഗം ഈ മേഖലയാണെന്ന് വിശകലനങ്ങൾ സൂചിപ്പിക്കുന്നു.

To advertise here,

സേവന മേഖലയിലെ നിശബ്ദ വിപ്ലവം

ഇന്ത്യയുടെ സാമ്പത്തിക മേഖലയിലുണ്ടായ പ്രധാനമായ മാറ്റമാണ് സേവന മേഖലയുടെ ആധിപത്യം. വികസിത രാജ്യങ്ങൾ സാധാരണമായി കാർഷിക സമ്പദ്‌വ്യസ്ഥയിൽ നിന്ന് വൻകിട വ്യവസായങ്ങളിലേക്കും തുടർന്ന് സേവന മേഖലയിലേക്കും വളരുന്ന രീതിയാണ് പിന്തുടരാറുള്ളത്. എന്നാൽ ഇന്ത്യ ഭീമമായ മൂലധനച്ചെലവ് ആവശ്യമുള്ള നിർമാണ ഘട്ടത്തെ വലിയൊരളവിൽ മറികടന്ന്, നേരിട്ട് സാങ്കേതികവിദ്യയിലും സേവനങ്ങളിലും അധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, സേവന മേഖല വെറുമൊരു അനുബന്ധ ഘടകമല്ല, മറിച്ച് ഇന്ത്യയുടെ യഥാർത്ഥ 'വളർച്ചാ ചാലകശക്തി'തന്നെയാണ്.

രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യവും ഘടനാപരമായ പക്വതയും അളക്കുന്നതിനുള്ള നിർണായക മാനദണ്ഡമാണ് മൊത്തം മൂല്യ വർധന (Gross Value Added - GVA). കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിലെ സേവന മേഖല, വ്യവസായ-കാർഷിക മേഖലകളേക്കാൾ സ്ഥിരമായ വളർച്ചാ നിരക്ക് നിലനിർത്തുന്നുണ്ട്. 2026 സാമ്പത്തിക വർഷത്തെ അനുമാനം അനുസരിച്ച് വിവിധ മേഖലകളുടെ വിഹിതം ഇപ്രകാരമാണ്:

മേഖല

വിഹിതം (FY26)

സേവന മേഖല

65%

വ്യവസായ മേഖല

21%

കൃഷി

14%

ഈ കണക്കുകൾ കേവലം അക്കങ്ങളല്ല, മറിച്ച് ഇന്ത്യയുടെ കോർപ്പറേറ്റ് വരുമാനത്തിന്റെ സ്വഭാവം മാറുന്നു എന്നതിന്റെ സൂചനയാണ്. സമ്പദ്വ്യവസ്ഥ വികസിക്കുമ്പോൾ വരുമാന സ്രോതസ്സുകൾ കാലാവസ്ഥയെ ആശ്രയിക്കുന്ന കൃഷിയിൽ നിന്നോ, ഭീമമായ മൂലധന നിക്ഷേപം ആവശ്യമുള്ള നിർമാണ മേഖലയിൽ നിന്നോ മാറി, കൂടുതൽ ലാഭക്ഷമതയും (High Margin) അളവ് വർധിപ്പിക്കാൻ എളുപ്പവുമുള്ള (Scalable) സേവന മേഖലയിലേക്ക് മാറുന്നു. നിക്ഷേപകർക്ക് ഇത് സുസ്ഥിരമായ 'ആൽഫ' (Alpha generation) നേടാനുള്ള സവിശേഷമായ അവസരമാണ് നൽകുന്നത്. ഈ സ്ഥിതിവിവരക്കണക്കുകൾ കേവലം യാദൃശ്ചികമല്ല; മറിച്ച് താഴെ പറയുന്ന അഞ്ച് ഘടനാപരമായ മാറ്റങ്ങളുടെ ഫലമാണ്.

  1. സമ്പദ്വ്യവസ്ഥയുടെ ഔദ്യോഗികവൽക്കരണം (Formalisation): അസംഘടിത മേഖലയിൽനിന്ന് സംഘടിത മേഖലയിലേക്കുള്ള തൊഴിലാളികളുടെ മാറ്റം സ്ഥിരമായ വരുമാനവും മികച്ച ക്രെഡിറ്റ് പ്രൊഫൈലുകളും സൃഷ്ടിക്കുന്നു. ഇത് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വർദ്ധിപ്പിക്കുകയും സേവന ബിസിനസ്സുകളുടെ ഉപഭോക്തൃ അടിത്തറ വിപുലമാക്കുകയും ചെയ്യുന്നു.
  2. ഡിജിറ്റൽ പരിവർത്തനം (Digital Transformation): ഇന്ത്യയിലെ 70% ആളുകളും ഇന്റർനെറ്റ് ഉപഭോക്താക്കളായതോടെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സമ്പദ്വ്യവസ്ഥകളിലൊന്നായി രാജ്യം മാറി. ഇത് ധനകാര്യ സേവനം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്നു.
  3. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (Digital Public Infrastructure): യുപിഐ പോലുള്ള വിപ്ലവകരമായ പ്ലാറ്റ്ഫോമുകൾ സേവന ദാതാക്കളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുകയും ലാഭക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തു.
  4. സേവനങ്ങളിലെ പ്രീമിയം വൽക്കരണം (Premiumization): വരുമാനം വർധിക്കുന്നതിനനുസരിച്ച് ഗുണനിലവാരമുള്ള ഹോസ്പിറ്റാലിറ്റി, അത്യാധുനിക ആരോഗ്യ സേവനങ്ങൾ, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി പണം ചെലവാക്കാൻ ഇന്ത്യൻ ഉപഭോക്താക്കൾ തയ്യാറാകുന്നു.
  5. നയ പിന്തുണ (Policy Support): 2026-27 കേന്ദ്ര ബജറ്റിലെ കാഴ്ചപ്പാട് അനുസരിച്ച് 2047-ഓടെ ആഗോള സേവന കയറ്റുമതിയിൽ 10% വിഹിതം നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് ഐടി സേവനങ്ങൾക്കും ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾക്കും (GCCs) ഡോളർ വരുമാനത്തിലുള്ള വലിയ വളർച്ച ഉറപ്പാക്കുന്നു.

ഘടനാപരമായ ഈ മാറ്റങ്ങൾ സേവന മേഖലയെ വെറുമൊരു സാമ്പത്തിക പ്രതിഭാസമായല്ല, വൻ നിക്ഷേപ സാധ്യതയുള്ള പ്രത്യേക മേഖലയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

നിക്ഷേപകർക്കുള്ള അവസരങ്ങൾ

തീമാറ്റിക് സർവീസ് ഫണ്ടുകൾ

സേവന മേഖലയിലെ ഈ വളർച്ചയിൽനിന്ന് നേട്ടമുണ്ടാക്കാൻ തന്ത്രപരമായ നിക്ഷേപം അത്യാവശ്യമാണ്. ഏതെങ്കിലും ഒരു പ്രത്യേക വ്യവസായത്തിൽ മാത്രം നിക്ഷേപിക്കുന്നതിന് പകരം 'തീമാറ്റിക് സർവീസ് ഫണ്ടുകൾ' തിരഞ്ഞെടുക്കുന്നത് വഴി നഷ്ടസാധ്യത കുറയ്ക്കാനും അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കും.

വിപുലമായ നിക്ഷേപ ലോകം: ബാങ്കിംഗ്, ടെലികോം, റീട്ടെയിൽ, ഇ-കൊമേഴ്സ്, ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങിയ വിവിധ മേഖലകളിൽ ഒരേസമയം നിക്ഷേപം വ്യാപിപ്പിക്കാൻ തീമാറ്റിക് ഫണ്ടുകളിലൂടെ സാധിക്കും.

നിഫ്റ്റി 500: നിഫ്റ്റി 500 സൂചികയിലെ 500 കമ്പനികളിൽ ഏകദേശം 195 എണ്ണം സേവന മേഖലയുമായി ബന്ധപ്പെട്ടതാണ്. ലാർജ്-ക്യാപ്, മിഡ്-ക്യാപ്, സ്‌മോൾ-ക്യാപ് വിഭാഗങ്ങളിലായി ഏഴ് വ്യത്യസ്ത ഉപമേഖലകളിൽ ഇവ വ്യാപിച്ചു കിടക്കുന്നു.

തന്ത്രപരമായ നേട്ടം: ഈ വൈവിധ്യവൽക്കരണം ഒരു തീമിനുള്ളിൽ നിന്നുതന്നെ വിവിധ സെക്ടറുകളിലേക്ക് നിക്ഷേപം മാറ്റാനുള്ള സ്വാതന്ത്ര്യം ഫണ്ട് മാനേജർമാർക്ക് നൽകുന്നു. ഇത് വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാനും സ്ഥിരതയുള്ള വളർച്ച ഉറപ്പാക്കാനും സഹായിക്കുന്നു. ചുരുക്കത്തിൽ, സേവന മേഖലയിലെ നിക്ഷേപം എന്നത് ഇന്ത്യയുടെ ജിഡിപി വളർച്ചയുടെ യഥാർത്ഥ കാതൽ സ്വന്തമാക്കുന്നതിന് തുല്യമാണ്.

ദീർഘകാല നിക്ഷേപ അവസരം

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലായി സേവന മേഖല മാറിക്കഴിഞ്ഞു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. വർധിച്ചുവരുന്ന പ്രതിശീർഷ വരുമാനം, അതിവേഗത്തിലുള്ള ഡിജിറ്റൈസേഷൻ, അനുകൂലമായ സർക്കാർ നയങ്ങൾ എന്നിവ ഈ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്നു.

ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് സേവന മേഖലയെ കേന്ദ്രീകരിച്ചുള്ള തീമാറ്റിക് ഫണ്ടുകൾ പോർട്ട്ഫോളിയോ തിരഞ്ഞെടുപ്പാണ്. മൂന്നു മുതൽ അഞ്ച് വർഷംവരെ നിക്ഷേപ കാലാവധിയുള്ളവർക്ക്, മൂലധന വർധനവിനും മികച്ച റിസ്‌ക് ക്രമീകരിച്ച റിട്ടേണിനും വൻ സാധ്യതകൾ നൽകുന്നു. സേവന മേഖലയിലുടനീളം വൈവിധ്യവൽക്കരിക്കപ്പെട്ട ഫണ്ടുകൾ വരുംവർഷങ്ങളിൽ സാമ്പത്തിക കുതിപ്പിന്റെ ഭാഗമാകാൻ സഹായിക്കും.