കോഴിക്കോട്: കേരളത്തിലെ യാക്കോബായ സുറിയാനി സഭയുടെ പ്രയാസങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ പറഞ്ഞു. കോഴിക്കോട് വേളംകോട് സെന്റ് മേരീസ് സൂനോറോ പള്ളിയില്‍ ചേര്‍ന്ന ഭദ്രാസന വിശ്വാസിസംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
 
തന്റെ സന്ദര്‍ശനത്തിനൊടുവില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണുന്നുണ്ട്. സഭയിലെ കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കും. മലബാറിലെ ദേവാലയങ്ങളില്‍ ഒരിടത്തു പോലും സഭാതര്‍ക്കമോ സംഘര്‍ഷമോ ഇല്ല. പള്ളികള്‍ നഷ്ടപ്പെടുകയും ആരാധനാസ്വാതന്ത്ര്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥിതി മറ്റു ഭദ്രാസനങ്ങളിലുണ്ട്. പള്ളിയും ആരാധനാസൗകര്യവും നഷ്ടപ്പെടുന്നവരുടെ മനപ്രയാസം വളരെ വലുതാണ്. കോട്ടയം , എറണാകുളം ജില്ലകളില്‍ നിന്ന് മുന്‍കാലത്ത് കുടിയേറിയവരാണ് കോഴിക്കോട് ഭദ്രാസനത്തിലുള്ളത്. അവര്‍ പള്ളികള്‍ സ്ഥാപിച്ചു. രക്തവും വിയര്‍പ്പും നൽകി സഭയെയും സമൂഹത്തെയും വളര്‍ത്തി.
 
ആത്മീയ പിതാവ് എന്ന നിലയില്‍ തനിക്ക് നൽകുന്ന സ്‌നേഹം വളരെ വലുതാണെന്ന് അറിയാം. മക്കളോട് പിതൃനിര്‍വിശേഷമായ സ്‌നേഹം തിരികെ നൽകേണ്ടത് തന്റെ കടമയാണ്. 'നിങ്ങളുടെ സ്‌നേഹം എന്റെ ഹൃദയത്തില്‍ നിറഞ്ഞു നിൽക്കുന്നു. പ്രതിസന്ധികളില്‍ നിന്നുള്ള നിങ്ങളുടെ രക്ഷയ്ക്കായി സര്‍വശക്തനായ ദൈവത്തോട് പ്രാർഥിക്കും', ബാവാ പറഞ്ഞു.
 
മലങ്കര മെത്രാപ്പോലീത്ത ഡോ.ജോസഫ് മോര്‍ ഗ്രീഗോറിയോസ് അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ.എം.ബീനാ ഫിലിപ്പ്, മെത്രാപ്പോലീത്തമാരായ ഡോ. പൗലോസ് മോര്‍ ഐറേനിയോസ്, ഗീവറുഗീസ് മോര്‍ സ്‌തേഫാനോസ്, യല്‍ദോ മോര്‍ തീത്തോസ്, മാത്യൂസ് മോര്‍ അപ്രേം, മോര്‍ ഔഗേന്‍ അല്‍ഖൗരി അല്‍ഖാസ്, മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറസ്, സി.എസ്.ഐ. മലബാര്‍ മഹായിടവക ബിഷപ്പ് ഡോ.റോയിസ് മനോജ് വിക്ടര്‍, ഭദ്രാസന സെക്രട്ടറി മൈക്കോട്ടുംകര ഫിലിപ്പ് ജോണ്‍ കശ്ശീശ, ഫാ.സ്‌ക്കറിയ ഈന്തലാംകുഴിയില്‍, തൊണ്ടലില്‍ ഏലിയാസ് കോര്‍ എപ്പിസ്‌ക്കോപ്പ, ഷെവലിയര്‍ സി.ഇ.ചാക്കുണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.

To advertise here,