കോന്നി (പത്തനംതിട്ട): പശുവിനെ തീറ്റാൻ പോയ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനി വയലിൽ മരിച്ചനിലയിൽ. പൂവൻപാറ, കോട്ടമുരുപ്പേൽ അജ്മിന (17) ആണ് മരിച്ചത്. പൂവൻപാറ പി.എം.ജി. പള്ളിയ്ക്ക് സമീപത്തെ വയലിൽ ശനിയാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയാണ് മൃതദേഹം കണ്ടത്.

To advertise here,

പത്തനാപുരം സ്വദേശികളായ ശിഹാബുദ്ദീന്റെയും ഷീനയുടെയും മകളാണ്. അമ്മ ഷീനയുടെ കോന്നി ചേരിമുക്കിലെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായിരുന്നു അജ്മിന താമസം.

കോന്നി, എലിയിറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. ശനിയാഴ്ച രാവിലെയാണ് പശുവിനെ തീറ്റാനായി അജ്മിന വീട്ടിൽനിന്ന്‌ സമീപത്തെ വയലിലേക്ക് പോയത്. മുത്തശ്ശനും മുത്തശ്ശിയും രാവിലെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും പോയിരുന്നു.

ഉച്ചയ്ക്കുശേഷം ഇരുവരും വീട്ടിലെത്തിച്ചേർന്നെങ്കിലും അജ്മിനയെ കണ്ടില്ല. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. വാർഡ് മെമ്പർ പ്രവീൺ പ്ലാവിളയിന്റെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.