ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാൻ പരിശ്രമിക്കരുത്. കിട്ടേണ്ടത് കിട്ടിയിരിക്കും.

പയ്യന്നൂർ: ധനരാജ് കൊല്ലപ്പെട്ടിട്ടില്ലന്ന് കോടതി പറയാത്തത് ഈ നാടിന്റെ ഭാഗ്യമെന്ന് സി.പി.എം. നേതാവും മുൻ എം.എൽ.എ.യുമായ ടി.ഐ.മധുസൂദനൻ. കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനുസ്മരണ ദിനാചരണത്തിൽ സംസാരിക്കുന്പോഴായിരുന്നു കോടതിയെ അതിരൂക്ഷമായി വിമർശിച്ചത്. ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് ആ കവിതകളൊക്കെ ഉദ്ധരിക്കാം. ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇങ്ങനെ തടവും ശിക്ഷയും കൊടുത്ത് ഇല്ലാതാക്കാമെന്ന സങ്കൽപ്പമോടിയിൽ സഞ്ചരിക്കാം. ഭരണകൂട താത്പര്യത്തിനുവേണ്ടി ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്‌ത്തുകയെന്ന നയം തന്നെയാണ് ഈ ഭരണകൂടത്തിന്റെ ഭാഗമായുള്ള ജുഡീഷ്യറിയും നിർവഹിച്ചുകൊണ്ടിരിക്കുന്നത് -മധുസൂദനൻ പറഞ്ഞു.
സി.പി.എം. എഴുതിക്കൊടുത്തിട്ടാണോ ഇന്നവരെ ശിക്ഷിക്കണമെന്ന് ജഡ്ജി നിശ്ചയിക്കുന്നത്. ധനരാജിന്റെ വീടിന് തൊട്ടുമുന്നിലുള്ള സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. അയാളാണ് ഒന്നാംസാക്ഷി. അദ്ദേഹം പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമല്ല. അയാൾ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. ബാങ്ക് ജീവനക്കാരനാണ്. അതുകൊണ്ട് പറഞ്ഞത് അംഗീകരിക്കാനാകില്ലെന്നാണ് കോടതി പറയുന്നത്. നിങ്ങൾ അംഗീകരിക്കേണ്ട. പക്ഷേ ഈ കോടതികളും ഈ ഭരണകൂട സംവിധാനങ്ങളും നമ്മളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്. അഞ്ചുപേരെ ചുട്ടുകരിച്ച് കൊന്ന ചീമേനിയിലെ സംഭവത്തിൽ ഒരുകോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല. പക്ഷേ അവരാരും ഇന്ന് ഈ ഭൂമിയിൽ നിലനിൽക്കുന്നില്ലെന്ന കാര്യം മനസ്സിലാക്കുന്നത് നല്ലതാണെന്നും മുന്നറിയിപ്പിന്റെ ഭാഷയിൽ മധുസൂദനൻ പറഞ്ഞു.
കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കും. അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ല. ഞങ്ങളെ പരിഹസിക്കുന്ന സോഷ്യൽ മീഡിയ ജിവികളില്ലേ, അവർ ആലോചിക്കണം. നിങ്ങളുടെയൊന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടാണ്. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാൻ പരിശ്രമിക്കരുത്. കിട്ടേണ്ടത് കിട്ടിയിരിക്കും. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തെ വേട്ടയാടുന്നവരോട് നന്നായിട്ട് ആലോചിച്ച് എഴുതിയാൽ മതിയെന്ന വിനയമുള്ള അഭ്യർഥനയാണുള്ളത്. ഞങ്ങളുടെ എല്ലാ ശേഷിയുമുപയോഗിച്ച് ന്യായമായ ജനാധിപത്യപരമായ രീതിയിൽ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഈ കേസ് മുന്നോട്ട് കൊണ്ടുപോയത്. പക്ഷേ, ഞങ്ങൾ ആഗ്രഹിക്കുന്ന വിധി കിട്ടുമെന്ന് കണക്കുകൂട്ടലുണ്ടായിരുന്നു. ഇത് അവസാനത്തെ കോടതിയല്ല -മധുസൂദനൻ പറഞ്ഞു. വി.കുഞ്ഞികൃഷ്ണനെതിരേയും രൂക്ഷഭാഷയിൽ ടി.ഐ.മധുസൂദനൻ പ്രതികരിച്ചു. ഈ പാർട്ടിയെ ഒറ്റുകൊടുത്തവനാണ് ഇപ്പോൾ എം.എൽ.എ.യെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: CPM leader T.I. Madhusoodanan criticizes the court's stance in the Dhanaraj murder case during a memorial event in Payyannur.
Published: 26 Nov 2026, 06:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented