
തളിപ്പറമ്പ്: 2016 ജൂലായ് 11-ന് രാത്രിയിലാണ് രാമന്തളി കുന്നരു കാരന്താട്ടെ സി.പി.എം. പ്രവർത്തകനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന സി.വി. ധനരാജ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുമ്പോൾ ധനരാജിന് 41 വയസ്സായിരുന്നു. അന്ന് രാത്രി കല്ലേറ്റുംകടവിലെ പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്നു ധനരാജ്, 9.30-ന് വീട്ടിലേക്ക് മടങ്ങി.
ഒറ്റയ്ക്ക് ബൈക്കിലായിരുന്നു യാത്ര. ധനരാജിനെ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായ പ്രതികൾ പിന്തുടരുന്നുണ്ടായിരുന്നു. വീട്ടിലെത്തി ബൈക്ക് സ്റ്റാൻഡിൽ ഇടുംമുൻപ് മുട്ടിനുതാഴെ വെട്ടി. രക്ഷപ്പെടുന്നതിനായി വീടിന്റെ തെക്കുഭാഗത്തേക്ക് ഓടിയ ധനരാജിനെ പിന്തുടർന്നുവന്ന മൂന്നുപേർ ചേർന്ന് വീണ്ടും വെട്ടി. കഠാരകൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തു.
ഒന്നാംപ്രതി ടി.പി. ബിജു, രണ്ടാംപ്രതി എം. വിപിൻ, മൂന്നാംപ്രതിയും വിപിന്റെ അനുജനുമായ എം. വൈശാഖ് എന്നിവരാണ് വെട്ടിയത്. ഈ സമയം നാലുമുതൽ 11 വരെയുള്ള പ്രതികൾ വീട്ടുമുറ്റത്തും പരിസരത്തുമായി ആയുധവുമായി നിലയുറപ്പിച്ചിരുന്നു. എന്തെങ്കിലും തടസ്സങ്ങളുണ്ടായാൽ പരിഹരിക്കാനായിരുന്നു ഇവരുടെ ചുമതല.
ശബ്ദംകേട്ട് വന്ന പരിസരവാസികളെ നാലാംപ്രതിയും അഞ്ചാംപ്രതിയും ഭീഷണിപ്പെടുത്തി. പന്ത്രണ്ടാം പ്രതി സി. ബിജുവും (ചൂരക്കാട്ട് ബിജു) സംഘത്തിലുണ്ടായിരുന്നു. ബിജുവാണ് പിന്നീട് കൊല്ലപ്പെട്ടത്. 13 മുതൽ 18 വരെയുള്ള പ്രതികൾ ഗൂഢാലോചനയിലും കൃത്യം കഴിഞ്ഞ് പ്രതികളെ രക്ഷപ്പെടുത്താനും സഹായിച്ചവരാണ്.
പതിനാറാംപ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി എസ്.ആർ. അജീഷ് (കണ്ണൻ) ഈ ഭാഗത്ത് ചാർജുള്ള ആർ.എസ്.എസ്. പ്രചാരകനാണ്. കൃത്യം നടക്കുന്നതിനു മുൻപ് ജൂൺ മാസത്തിൽ കക്കംപാറ മുത്തപ്പൻ ക്ഷേത്രത്തിനുമുന്നിലുള്ള പാറയിൽ ഇരുന്ന് പ്രതികൾ ഗൂഢാലോചന നടത്തി.
കാര്യങ്ങൾ ചർച്ചചെയ്യുകയും ആയുധങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. സംഭവം നടക്കുന്ന ദിവസം ഉച്ചയ്ക്ക് പ്രതികളിൽ ചിലർ ഏഴിമല ടോപ്പ് റോഡിന് അടുത്തുള്ള ആർ.എസ്.എസ്. നേതാവിന്റെ ഗൃഹപ്രവേശനദിവസം സ്ഥലത്ത് എത്തിയിരുന്നു. കാറിലിരുന്നും പുറത്തുനിന്നുമായി ഗൂഢാലോചന നടത്തി.
കൃത്യത്തിന് ഉപയോഗിക്കാൻ പത്തൊൻപതാം പ്രതി കെ.പി. നിജേഷിന്റെ ബൈക്ക് അഞ്ചാംപ്രതി പ്രജിത്ത് ലാലിന് പയ്യന്നൂരിലെ ആർ.എസ്.എസ്. കാര്യാലയത്തിന് മുന്നിൽനിന്ന് കൈമാറി. പ്രജിത്ത് ലാൽ നമ്പർമാറ്റി ഈ ബൈക്ക് കൃത്യത്തിന് ഉപയോഗിച്ചു. ഇരുപതാം പ്രതി ലിജിന്റെ ഓട്ടോ ടാക്സി വാഹനത്തിലാണ് കൃത്യത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടത്.
വെട്ടേറ്റുവീണ ധനരാജിനെ പരിസരവാസികളായ മൂന്നുപേർ ചേർന്ന് അടുത്തവീട്ടിലെ സുരേന്ദ്രനാഥ് എന്നയാളുടെ കാറിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ധനരാജ് മരിച്ചിരുന്നില്ല. കൃത്യം നടക്കുമ്പോൾ ധനരാജിന്റെ വീട്ടിൽ അമ്മ ചുള്ളേരി വീട്ടിൽ മാധവിയും ഭാര്യ എൻ.വി. സജിനിയും മകൻ പത്തുവയസ്സുള്ള വിവേകാനന്ദും ഇളയ കുട്ടിയുമാണ് ഉണ്ടായിരുന്നത്.
സി.പി.എം. ഏഴിമല ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗം, കുന്നരു വില്ലേജ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ധനരാജ് പ്രവർത്തിച്ചിരുന്നു.
പ്രതികൾ ഇവരാണ്
കൊല്ലപ്പെട്ട സംഭവത്തിൽ ആകെ 20 പ്രതികളാണുള്ളത്. 12-ാം പ്രതിയായ സി. ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടു. നിലവിൽ 19 പ്രതികളാണുള്ളത്.
1. രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു (34), 2. രാമന്തളി കക്കംപാറയിലെ എം. വിപിൻ (34), 3. രാമന്തളി കക്കംപാറയിലെ എം. വൈശാഖ് (31), 4. രാമന്തളി ചിറ്റടിയിലെ സി. സുകേഷ് (31), 5. രാമന്തളി കക്കംപാറയിലെ കെ.വി. പ്രജിത്ത് ലാൽ (31), 6. രാമന്തളിയിലെ കെ. അനൂപ് (31)
7. രാമന്തളി കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), 8.കാങ്കോൽ ആലക്കാട്ടെ കെ.എം. ബിജു (44), 9. പയ്യന്നൂർ കാരയിലെ പി. രാജേഷ് കുമാർ (53), 10. രാമന്തളി കക്കംപാറയിലെ കെ. മനൂപ് (32), 11. രാമന്തളി മൊട്ടക്കുന്നിലെ സി. ഷൈജു (31), 12. സി. ബിജു (കൊല്ലപ്പെട്ടു), 13. രാമന്തളി കക്കംപാറയിലെ കെ. ധനേഷ് (39)
14. രാമന്തളി മൊട്ടക്കുന്നിലെ പി.പി. രാജീവൻ (34), 15. രാമന്തളി കക്കംപാറയിലെ കെ. മധു (42), 16. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ. അജീഷ് (കണ്ണൻ-38), 17. ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), 18. പയ്യന്നൂർ കാരയിലെ രമേശൻ കാര (50)
19. കാങ്കോൽ വടശ്ശേരിയിലെ എ.പി. നിജേഷ് (കുട്ടൻ-38), 20. രാമന്തളി മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ലിജിൻ (31). കൃത്യം നടക്കുമ്പോൾ പ്രതികൾക്ക് ഇവിടെ രേഖപ്പെടുത്തിയതിൽനിന്ന് 10 വയസ്സ് കുറവാണ്.
കുറ്റക്കാരായ വിപിനും വൈശാഖും സഹോദരങ്ങൾ
തളിപ്പറമ്പ്: ധനരാജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടാം പ്രതി രാമന്തളി കക്കംപാറയിലെ എം. വിപിനും എം. വൈശാഖും സഹോദരങ്ങളാണ്. വിപിന്റെ അനുജനാണ് വൈശാഖ്. ധനരാജ് വധക്കേസിലെ പ്രതികളിൽ മറ്റ് രണ്ട് ജോഡി സഹോദരങ്ങൾ കൂടിയുണ്ട്.
ആറാംപ്രതി രാമന്തളിയിലെ കെ. അനൂപും പത്താംപ്രതി കെ. മനൂപും സഹോദരങ്ങളാണ്. അനൂപിന്റെ ജ്യേഷ്ഠനാണ് മനൂപ്. ഒൻപതാം പ്രതി പയ്യന്നൂർ കാരയിലെ പി. രാജേഷ് കുമാറും 18-ാം പ്രതി രമേശൻ കാരയും സഹോദരങ്ങളാണ്. രാജേഷ് കുമാറിന്റെ അനുജനാണ് രമേശൻ.
ധനരാജ് വധം: നാൾവഴികൾ
2016 ജൂലായ് 11: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജ് (41) കൊല്ലപ്പെട്ടു. രാത്രി 9.45-ഓടെ ധനരാജിന്റെ ബൈക്കിനെ പിന്തുടർന്നെത്തിയ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരാണ് വീട്ടുമുറ്റത്തുവച്ച് വെട്ടിയത്.
2016 ജൂലായ് 12: പുലർച്ചെ രണ്ടോടെ അന്ന് പയ്യന്നൂർ എസ്.ഐ. ആയിരുന്ന എ.വി. ദിനേശൻ എഫ്.ഐ.ആർ. ഇട്ടു.
2016 ജൂലായ് 12: രാവിലെതന്നെ അന്ന് പയ്യന്നൂർ സി.ഐ. ആയിരുന്ന വി. രമേശന്റെ നേതൃത്വത്തിൽ കേസന്വേഷണം ആരംഭിച്ചു.
2016 ജൂലായ് 17: മൂന്നാംപ്രതി വൈശാഖ്, നാലാംപ്രതി സുകേഷ്, അഞ്ചാംപ്രതി പ്രജിത്ത് ലാൽ, ആറാംപ്രതി അനൂപ് എന്നിവർ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ പോലീസ് പിടിയിലായി. രക്ഷപ്പെടാനായി ടിക്കറ്റെടുത്ത് നിൽക്കുമ്പോഴാണ് പിടിയിലായത്.
2016 ജൂലായ് 27: പത്താം പ്രതി മനൂപിനെ തളിപ്പറമ്പിൽനിന്ന് അറസ്റ്റുചെയ്തു. 19-ാം പ്രതി നിജേഷിനെ പെരിങ്ങോത്തുനിന്ന് പിടികൂടി.
2016 ജൂലായ് 28: 20-ാം പ്രതി ലിജിനെ അറസ്റ്റുചെയ്തു.
2016 ഓഗസ്റ്റ് അഞ്ച്: ഒന്നാംപ്രതി ടി.പി. ബിജു, രണ്ടാംപ്രതി എം. വിപിൻ എന്നിവരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റുചെയ്തു. എട്ടാംപ്രതി കെ.എം. ബിജുവും ഒൻപതാം പ്രതി പി. രാജേഷ് കുമാറും പയ്യന്നൂർ കോടതിയിൽ ഹാജരായി.
2016 ഓഗസ്റ്റ് 17: പയ്യന്നൂർ സി.ഐ.ആയെത്തിയ എം.പി. ആസാദ് കേസന്വേഷണം ഏറ്റെടുത്തു.
2017 മേയ് എട്ട്: പയ്യന്നൂർ സി.ഐ. എം.പി. ആസാദ് പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2025 സെപ്റ്റംബർ 25: തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് മുൻപാകെ കേസ് വിസ്താരം തുടങ്ങി.
2026 ജൂലായ് 25: കോടതിയിൽ കേസ് വിസ്താരം പൂർത്തിയായി
2026 നവംബർ 16: വാദി-പ്രതി ഭാഗങ്ങളിലെ വാഗ്വാദവും പൂർത്തിയായി.
2026 നവംബർ 23: ധനരാജ് വധക്കേസിൽ വിധി
കേസിൽ കുറ്റക്കാരായ മൂന്നുപേരെയും കണ്ണൂർ ജില്ലാ ജയിലിലേക്കുമാറ്റി. ഗൂഢാലോചനക്കുറ്റമുൾപ്പെടെ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നു വിധിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് നാലുമുതൽ 11 വരെയും 13 മുതൽ 20 വരെയുമുള്ള പ്രതികളെ വെറുതേ വിട്ടു. ശിക്ഷ ബുധനാഴ്ച വിധിക്കും
Content Highlights: In July 2016, C.V. Dhanaraj, a CPM and DYFI leader, was murdered by BJP-RSS activists in Ramanthali, Kerala. He was attacked while returning home on his bike and succumbed to multiple injuries. A total of 20 individuals were implicated in the murder, with key suspects including T.P. Biju, M. Vipin, and M. Vaishakh, who were directly involved in the attack. The case involved complex planning and execution, with several accused later arrested. The trial concluded in November 2026, with the court finding three individuals guilty while acquitting others due to insufficient evidence of conspiracy. Sentencing was scheduled for the following Wednesday.
Published: 24 Nov 2026, 06:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented