പത്തനംതിട്ട: ശബരിമലയിലെ വാജിവാഹനം വീട്ടിൽക്കൊണ്ടുപോയ സംഭവത്തിൽ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വത്തിന്റെ രേഖ. വാജിവാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്നതാണ് ദേവസ്വം ബോർഡിന്റെ രേഖ. ഈവിധത്തിലുള്ള സ്വത്തുവകകളെല്ലാം ദേവസ്വത്തിന്റേതാണെന്നും രേഖ വ്യക്തമാക്കുന്നു. തന്ത്രി സമാജം ആവശ്യപ്പെട്ടതനുസരിച്ച് 2012-ൽ ദേവസ്വം ബോർഡ് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

To advertise here,

തന്ത്രിമാർക്ക് ആചാരപരമായ ചടങ്ങുകൾ കഴിഞ്ഞാൽ ശബരിലയിലെ ഇത്തരം വസ്തുക്കളിൽ അവകാശമില്ലെന്നും ഇവ ദേവസ്വത്തിന്റെ പൊതുസ്വത്താണെന്നും രേഖ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം വസ്തുക്കൾ തന്ത്രിമാർ കൊണ്ടുപോയിട്ടുണ്ട് എന്നത് തുടർന്നും കടത്തിക്കൊണ്ടുപോകാനുള്ള ന്യായീകരണമല്ലെന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2012-ൽ കേരള തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരമാണ് തന്ത്രിമാരുടെ അവകാശങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡ് ഇത്തരമൊരു വിശദീകരണം നൽകിയത്. ക്ഷേത്രങ്ങളിലെ ഭൗതിക വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴോ അല്ലെങ്കിൽ മാറ്റം വരുത്തുമ്പോഴോ അവ ദേവസ്വത്തിന്റെ സ്വത്തായിത്തന്നെ നിലനിർത്തണം എന്ന് ഈ ഉത്തരവിൽ പറയുന്നു. ഇത്തരം വസ്തുക്കൾ പൊതുസ്വത്താണെന്നും അവ ദേവസ്വം ബോർഡിന്റെ പക്കൽത്തന്നെ സൂക്ഷിക്കണമെന്നും മറുപടിയിൽ കൃത്യമായി പറയുന്നുണ്ട്.

2017-ൽ ശബരിമലയിലെ പഞ്ചലോഹ കൊടിമരം മാറ്റിസ്ഥാപിച്ചപ്പോൾ അതിനു മുകളിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് കൊണ്ടുപോയിരുന്നു. ഇത് തനിക്ക് അവകാശപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. എന്നാൽ, 2012-ലെ ഉത്തരവ് പ്രകാരം ഈ വാദം നിലനിൽക്കില്ല.

2022-ൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന് ഇടിമിന്നലേറ്റ് കേടുപാട് സംഭവിച്ചപ്പോൾ, അതിനു മുകളിലുണ്ടായിരുന്ന ഗരുഡ വാഹനം അന്നത്തെ ദേവസ്വം ബോർഡ് സ്റ്റോർ റൂമിൽ സൂക്ഷിക്കുകയുമാണ് ചെയ്തത്. ചുരുക്കത്തിൽ,  ഇത്തരം വസ്തുക്കൾ പൊതുസ്വത്താണെന്നും അവ തന്ത്രിക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നുമാണ് ദേവസ്വം ബോർഡ് സ്വീകരിച്ചുവരുന്ന നിലപാട്.

നേരത്തേ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്ന് കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമല ക്ഷേത്രത്തിലെ കൊടിമരം മാറ്റി സ്ഥാപിച്ചത് 2017-ലാണ്. വർഷങ്ങൾ പഴക്കമുള്ള 11 കിലോയോളം ഭാരം വരുന്ന, പഞ്ചലോഹത്തിൽ നിർമിച്ച് സ്വർണം പൊതിഞ്ഞ വാജിവാഹനം ദേവസ്വത്തിന് കൈമാറാതെ തന്ത്രി കൈവശം വെച്ചിരിക്കുകയായിരുന്നു.

പിന്നീട് ഇത് വിവാദമായതിനെ തുടർന്ന് വാജിവാഹനം തിരികെ നൽകാൻ തയ്യാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോൾ തന്ത്രിയുടെ കൈവശമുള്ളത് അന്നുണ്ടായിരുന്ന വാജിവാഹനം തന്നെയാണോയെന്ന് ദേവസ്വം ബോർഡ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് അത് തിരിച്ചെടുക്കാൻ തയ്യാറായില്ല. അതിനാൽ തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിൽ ഇത് സൂക്ഷിക്കുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് ശേഷം ചെങ്ങന്നൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നാണ് സ്വർണപ്പണിക്കാരുടെ സഹായത്തോടെ പരിശോധിച്ച് വാജിവാഹനം കസ്റ്റഡിയിലെടുത്തത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് തന്ത്രിയുടെ അവകാശാധികാരങ്ങളേപ്പറ്റി കോടതിയിൽ വാദങ്ങൾ നടക്കാനിരിക്കെയാണ് വാജിവാഹനം കോടതിയിലെത്തുന്നത്. ഇത് കൈവശം വയ്ക്കാനുള്ള അധികാരം തന്ത്രിക്കുണ്ടെന്നാണ് നേരത്തെ കണ്ഠര് രാജീവര് അവകാശപ്പെട്ടത്.