തിരുവനന്തപുരം: രാജ്യത്തെ ജി.എസ്.ടി. സംവിധാനത്തിലെ പോരായ്മകാരണം അന്തഃസംസ്ഥാന വ്യാപാരത്തിൽ നികുതിയിനത്തിൽ (ഐ.ജി.എസ്.ടി.) കേരളത്തിന് വൻനഷ്ടമെന്ന് സംസ്ഥാന ധനവ്യയ അവലോകന കമ്മിറ്റി റിപ്പോർട്ട്. ഇത് പരിഹരിക്കാൻ കേരളം ഉൾപ്പെടുന്ന ഉപഭോക്തൃ സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കൗൺസിലിൽ കൂട്ടായ ശ്രമം വേണമെന്ന് കമ്മിറ്റി നിർദേശിച്ചു. 2020-21ലെ റിപ്പോർട്ട് ധനവകുപ്പ് നിയമസഭയിൽ സമർപ്പിച്ചു.

To advertise here,

ജി.എസ്.ടി. നടപ്പായ 2017 ജൂലായ് ഒന്നുമുതൽ 2020-21 വരെ ഇങ്ങനെ 20,000 കോടിമുതൽ 25,000 കോടിവരെ നഷ്ടമായെന്നാണ് റിപ്പോർട്ടിലെ അനുമാനം. 2022 ജൂൺവരെ കേന്ദ്രത്തിൽനിന്ന് നഷ്ടപരിഹാരം കിട്ടിയിരുന്നു. നഷ്ടപരിഹാരം നിലച്ചതോടെ ഇതുവഴിയുള്ള നഷ്ടം കൂടുമെന്നാണ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. റിപ്പോർട്ടിലെ ഇതുസംബന്ധിച്ച വിവരങ്ങൾ ചോർന്നത് വിവാദമായിരുന്നു. ഈ വർഷം ജൂണിലാണ് പ്രൊഫ. ഡി. നാരായണ അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

ജി.എസ്.ടി. സമ്പ്രദായം ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന നിഗമനത്തിലാണ് കേരളം സ്വാഗതംചെയ്തത്. എന്നാൽ, ഇപ്പോഴും ഉത്പാദക സംസ്ഥാനങ്ങൾക്കാണ് പ്രയോജനം കിട്ടുന്നതെന്ന് സമിതി വിലയിരുത്തി. ഐ.ജി.എസ്.ടി. സംബന്ധിച്ച ഡേറ്റ സംസ്ഥാനങ്ങൾക്ക് കിട്ടാത്തതാണ് പ്രശ്നം നേരിടാൻ തടസ്സമാകുന്നത്.

ഇത് പഠിക്കാൻ കേരളം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അന്തഃസംസ്ഥാന വ്യാപാരം സംബന്ധിച്ച വിവരങ്ങൾ കേരളം ജി.എസ്.ടി. കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ കൈമാറാമെന്ന് കഴിഞ്ഞ ജി.എസ്.ടി. കൗൺസിൽ തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു.

കടം വളരുന്നു, വരുമാനത്തെക്കാൾ വേഗത്തിൽ

2011-12 മുതൽ 2019-20 വരെയുള്ള പത്തുവർഷത്തിൽ കേരളത്തിന്റെ കടത്തിന്റെ വളർച്ചനിരക്ക് ആഭ്യന്തര വരുമാന വളർച്ചനിരക്കിനെക്കാൾ കൂടുതലാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. ഈ 10 വർഷം കടത്തിന്റെ വളർച്ച 14.53 ശതമാനമായിരുന്നു. സമ്പദ്‌വ്യവസ്ഥ വളർന്നതാകട്ടെ 9.26 ശതമാനമെന്ന നിരക്കിലും.

2011-12 മുതൽ 2015-16 വരെയുള്ള അഞ്ചുവർഷം കടവും ആഭ്യന്തര വരുമാനവും തമ്മിലുള്ള അനുപാതം 24.56 ശതമാനത്തിൽനിന്ന് 28 ശതമാനമായി. ധനകാര്യ കമ്മിഷൻ നിശ്ചയിച്ചത് 25 ശതമാനമായിരുന്നു. 2018-19 പ്രളയവർഷത്തിൽ ഇത് 31.58 ആയി ഉയർന്നിരുന്നു.