രാഷ്ട്രപതി ദ്രൗപതി മുർമുവിന് വേണ്ടി വാങ്ങുന്ന പുതിയ ബിഎംഡബ്ല്യു കാറിന് സംയോജിത ചരക്ക് സേവന നികുതിയിൽ(IGST)നിന്നും നഷ്ടപരിഹാര സെസിൽനിന്നും ജിഎസ്ടി കൗൺസിൽ ഇളവ് അനുവദിച്ചു. 3.66 കോടി രൂപ വിലമതിക്കുന്ന ഈ കവചിത വാഹനം, നിലവിലുള്ള മെഴ്‌സിഡീസ് മെയ്ബ എസ് 600 ​പുൾമാൻ ഗാർഡ് ലിമോസിന് പകരമായിരിക്കും. വാഹനത്തിന്റെ സവിശേഷമായ സ്വഭാവം കണക്കിലെടുത്താണ് ഈ നികുതിയിളവ്.

To advertise here,

രാഷ്ട്രപതിയുടെ വാഹനം ഒരു വാണിജ്യപരമായ ആഡംബര വസ്തുവല്ല, മറിച്ച് അവരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ, രാജ്യത്തിന്റെ ഒരു തന്ത്രപ്രധാനമായ ആസ്തിയാണ് എന്നതാണ് ഇതിന് പിന്നിലെ കാരണമായി പറയുന്നത്. സാധാരണയായി ഒരു ആഡംബര കാർ ഇറക്കുമതി ചെയ്യുമ്പോൾ 28 ശതമാനം ഐജിഎസ്ടി, അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി, അധിക സെസ് എന്നിവയുൾപ്പെടെ വലിയ നികുതി ഭാരം വരാറുണ്ടെങ്കിലും, ജിഎസ്ടി കൗൺസിലിന്റെ ഫിറ്റ്‌മെന്റ് കമ്മിറ്റി ഇളവ് നൽകാൻ നിർദേശിക്കുകയായിരുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമുള്ള ഒരു ഇരട്ട നികുതി സമ്പ്രദായമാണ് ജിഎസ്ടി എന്നതിനാൽ, ഈ ഇളവിന് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം നിർണായകമായിരുന്നു. നികുതിച്ചെലവില്ലാതെ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിന് വാഹനം വാങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള ഒരു സംയുക്ത ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ഇത്തരത്തിലുള്ള ഇളവുകൾ പൊതുവെ അപൂർവമാണ്. പൊതുതാൽപ്പര്യാർഥം, വാണിജ്യേതരമായ പ്രത്യേക ആവശ്യങ്ങൾക്കായി ഓരോ കേസും പ്രത്യേകമായി പരിഗണിച്ചാണ് സാധാരണയായി ഇത്തരം ഇളവുകൾ അനുവദിക്കുന്നത്.

മെഴ്‌സിഡീസ് മെയ്ബ എസ് 600 ​പുൾമാൻ ഗാർഡ്

2018-ലാണ് മെഴ്‌സിഡീസ് ആഗോളതലത്തിൽ എസ് 600 പുൾമാൻ മെയ്ബ ഗാർഡ് പുറത്തിറക്കുന്നത്. മെഴ്‌സിഡീസിന്റെ ആഡംബര സംവിധാനങ്ങൾക്കൊപ്പം ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നുവെന്നതാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. ഇ.ആർ.വി.2010 ലെവൻ, വി.ആർ9 ലെവൽ സുരക്ഷ സംവിധാനങ്ങളാണ് ഈ വാഹനത്തിൽ ഉറപ്പാക്കിയിട്ടുള്ളത്. ബോംബ് സ്‌ഫോടനത്തെ പോലും ചെറുക്കാൻ സാധിക്കുന്നതും എ.കെ.47 കൊണ്ടുള്ള വെടിവെപ്പിനെ പോലും ചെറുക്കുന്നതുമായി സുരക്ഷയാണ് ഈ വാഹനം ഉറപ്പാക്കുന്നത്. 

വാഹനത്തിന്റെ ബോഡിക്കും ഔട്ടർ സ്‌കിന്നിനും ഇടയിലായി സ്റ്റീൽ ഗാർഡ് നൽകിയാണ് ബുള്ളറ്റ് പ്രൂഫ് സംവിധാനം കാര്യക്ഷമമാക്കുന്നത്. കുഴിബോംബുകൾ പൊട്ടിത്തെറിച്ചാലും കേടുപാടുകൾ സംഭവിക്കാത്ത രീതിയിലാണ് ഫ്‌ളോറുകൾ ഒരുക്കിയിട്ടുള്ളത്. ഇതിനെല്ലാം പുറമെ, ടയർ പഞ്ചറായാലും ഓടിക്കാൻ കഴിയുമെന്ന സൗകര്യവും ഇതിലുണ്ട്. സുരക്ഷയും ആഡംബര സംവിധാനത്തിനൊപ്പം ഉയർന്ന കരുത്തും വാഹനത്തിന് ഉറപ്പുവരുത്തിയിട്ടുണ്ട്.

6.0 ലിറ്റർ ട്വിൻ ടർബോ വി12 എൻജിനാണ് മെഴ്‌സിഡീസ് എസ് 600 ഗാർഡ് പുൾമാൻ വാഹനത്തിൽ നൽകിയിരിക്കുന്നത്. ഇത് 530 ബി.എച്ച്.പി. പവറും 830 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്ററായി ഉയർന്ന വേഗത പരിമിതപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.