തിരുവനന്തപുരം: ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ നാശംവിതച്ചു. തമിഴ്‌നാട്ടിൽ കനത്തമഴ പെയ്തു. എന്നാൽ, കേരളത്തിൽ കാര്യമായി മഴയുണ്ടായില്ല. പകരം പകലും രാത്രിയും നന്നായി തണുത്തു. രണ്ടുദിവസമായി മൂടിക്കെട്ടിയ കാലാവസ്ഥയാണ് സംസ്ഥാനത്ത്. ശനിയാഴ്ച കണ്ണൂരിൽ മാത്രമാണ് താപനില അല്പം ഉയർന്നുനിന്നത്.

To advertise here,

ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാടിന് അടുത്തേക്കുവരുന്ന ചുഴലിക്കാറ്റ് രൂപപ്പെടുമ്പോൾ കേരളത്തിൽ കനത്തമഴ പ്രതീക്ഷിച്ചിരുന്നു. ഇതനുസരിച്ച് മുന്നറിയിപ്പുകളും നൽകി. എന്നാൽ, മലയോരങ്ങളിൽ മാത്രമാണ് നേരിയമഴ പെയ്തത്.

ഡിറ്റ്‌വാ ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ ദുർബലമായി ന്യൂനമർദമായി മാറും. കേരളത്തിൽ ഞായറാഴ്ചയും കാര്യമായ മഴയ്ക്ക് സാധ്യതയില്ല. ഉച്ചയോടെ കാലാവസ്ഥ സാധാരണനിലയിലേക്ക്‌ മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ നീത എം. ഗോപാൽ പറഞ്ഞു.