
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2020ല്‍ ആണ്. 550 കേസുകളാണ് വിവിധ ജില്ലകളിലായി സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റങ്ങള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന കണക്കുകള്‍ 2020ല്‍ കുത്തനെ ഉയര്‍ന്നതായി പോലീസിന്റെ തന്നെ കണക്കുകളില്‍ വ്യക്തമാകുന്നു. 2016ല്‍ 283 സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 2020 വരെ ഒരോ വര്‍ഷവും 50-ന് മുകളില്‍ മാത്രമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ 2020ലെ കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
മുഖ്യമായി സാമ്പത്തിക തട്ടിപ്പുകളും നഗ്നചിത്രങ്ങളും മറ്റും ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനൊപ്പം മറ്റൊരാളെന്ന വ്യാജേനെ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന തട്ടിപ്പുകളും ഉള്‍പ്പെടും.
കഴിഞ്ഞ ഒരുവര്‍ഷം ജനങ്ങള്‍ കൂടുതല്‍ നേരം ഇന്റര്‍നെറ്റ് ഉപയോഗിച്ചതും തട്ടിപ്പിന് കാരണമായി കണക്കാക്കുന്നു. മെബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് പരിചയമില്ലാത്ത പ്രായമായവര്‍ മുതല്‍ കൊച്ചുകുട്ടികളില്‍ വരെ ഇക്കാലയളവില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചു. ഓണ്‍ലൈന്‍ ക്ലാസിന്റെ മറവിലും ഗെയിമുകളുടെ രൂപത്തിലും സോഷ്യല്‍മീഡിയകള്‍ വഴിയും നിരവധി തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറി. ഈയൊരു സാഹചര്യത്തിലാണ് കേസുകള്‍ ഉയര്‍ന്നതെന്ന് കരുതപ്പെടുന്നു.
ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം കഴിഞ്ഞ ഒരുവര്‍ഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളുടെ പകുതിയോളം ഈ വര്‍ഷം മെയ് വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതാണ്. പുറത്തുവന്നതിനേക്കാള്‍ അധികമാകും അറിയപ്പെടാതെ പോയതോ അറിഞ്ഞിട്ടും അപമാനഭയത്താല്‍ പുറത്തറിയിക്കാതിരിക്കുന്നതോ ആയ കുറ്റകൃത്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം 550 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 2021 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 273 കേസുകള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പാലിക്കുകയും തട്ടിപ്പുകളേപ്പറ്റിയും അത് സംഭവിക്കാനിടയുള്ള സാഹചര്യങ്ങളെപ്പറ്റിയും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സൈബര്‍ വിദഗ്ധരും പോലീസും വ്യക്തമാക്കുന്നു.
Content Highlights: Cybercrime increases in kerala during lockdown
Published: 13 Jul 2021, 02:58 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented