പറളി(പാലക്കാട്): സൈബർ തട്ടിപ്പിലൂടെ 2025 ഒക്ടോബറിൽ തേനൂർ സ്വദേശിക്ക് നഷ്ടപ്പെട്ട 40,000 രൂപ തിരികെ ലഭിച്ചു. ഏപ്രിൽ ഒന്നിന് രാവിലെ മൊബൈൽ ഫോണിൽ സന്ദേശമെത്തിയപ്പോൾ ആരെങ്കിലും ഏപ്രിൽ ഫൂൾ ആക്കിയാതാകാമെന്നാണ് ആദ്യം കരുതിയത്. തുടർന്ന് ബാങ്ക് അക്കൗണ്ട് പരിശോധിച്ച് പണമെത്തിയെന്ന് ഉറപ്പിക്കുകയായിരുന്നു. വാർഷിക കണക്കെടുപ്പിനെത്തുടർന്ന് ബാങ്ക് അവധിയായതിനാൽ അടുത്ത പ്രവൃത്തിദിവസമായ ശനിയാഴ്ചയേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. 2025 ഒക്ടോബർ നാലിന് നടന്ന യു.പി.ഐ. ഇടപാടിന്റെ റീഫണ്ടായാണ് തുക രേഖപ്പെടുത്തിയിരിക്കുന്നത്.

To advertise here,

തേനൂർ സ്വദേശി സി.പി. വിജയകുമാറിന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് കഴിഞ്ഞ ഒക്ടോബർ നാലിന് നഷ്ടമായിരുന്നത്. ആറു മിനിറ്റിനിടെ വിവിധ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളുടെ പേരിൽ അൻപതോളം ഒ.ടി.പി.കൾ വരികയും തുക നഷ്്ടപ്പെടുകയുമായിരുന്നു. ഒ.ടി.പി. കൈമാറുകയോ ഏതെങ്കിലും ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യുകയോ ചെയ്തിരുന്നില്ല. മരുന്നുവിതരണ സ്ഥാപനത്തിലെ ഡ്രൈവറായ വിജയകുമാർ തന്റെ വാഹനത്തിന്റെ അടവിനായി സൂക്ഷിച്ചിരുന്ന തുകയായിരുന്നു നഷ്ടപ്പെട്ടത്. തുടർന്ന് ബാങ്കിനെ വിവരമറിയിക്കുകയും സൈബർ ക്രൈം പോർട്ടലിലും, മങ്കര പോലീസ് സ്റ്റേഷനിലും മുഖ്യമന്ത്രി പരാതി പരിഹാരസെല്ലിലും പരാതി നൽകി.

വിജയകുമാറിന്റെ ഫോൺ ഹാക്ക് ചെയ്ത് പിൻനമ്പർ മാറ്റാതെ ബാഹ്യമായ ഉപകരണത്തിന്റെ സഹായത്തോടെയാണ് വിനിമയം നടത്തിയതെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അധികൃതർ കണ്ടെത്തിയിരുന്നു.