കൊച്ചി: റേഞ്ച് റോവർ ഡിഫൻഡർ 110, നിസ്സാൻ പട്രോൾ, ടോയോട്ട പ്രാഡോ, ലാൻഡ് ക്രൂസർ, ലെക്‌സസ് തുടങ്ങിയ ആഡംബര എസ്‌യുവികളാണ് ഭൂട്ടാനിൽനിന്ന് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഇവ ആദ്യം ഭൂട്ടാനിലെത്തിച്ചശേഷം സെക്കൻഡ്ഹാൻഡ് വാഹനം എന്നനിലയ്ക്കാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുക. വാഹനം കണ്ടെയ്‌നറുകളിലോ പാർട്‌സുകളാക്കിയോ എത്തിക്കുകയാണ് പതിവ്. ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരി എന്നനിലയിൽ പെർമിറ്റ് വാങ്ങി ഓടിച്ചും അതിർത്തികടത്താറുണ്ട്. ഇന്ത്യയിൽ ഉപേക്ഷിച്ച് തിരികെപ്പോകും. ഈ വാഹനങ്ങൾ ഹിമാചൽപ്രദേശിലെ ആർടിഒ ഓഫീസുകളിൽ വ്യാജമായി രജിസ്റ്റർചെയ്യും. ഇതിനുശേഷമാണ് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്.
ഭൂട്ടാനിൽ സെക്കൻഡ് ഹാൻഡ് വിപണിയിൽ അഞ്ചുമുതൽ 10 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് കേരളത്തിലെത്തുമ്പോൾ 25 മുതൽ 70 ലക്ഷം രൂപവരെയാണ് വില. വാഹനങ്ങൾക്ക് ഏറെ പഴക്കമുണ്ടാകില്ല. ഫിറ്റ്‌നസോ, ഇൻഷുറൻസോ ആദ്യ രജിസ്‌ട്രേഷൻ ഉടമയോ ഇവയ്ക്കുണ്ടാകില്ല. രൂപമാറ്റവും നടത്തിയിട്ടുണ്ടാകും. ഹിമാചലിൽ രജിസ്റ്റർചെയ്യുമ്പോൾ രണ്ടാം ഉടമയായിട്ടാണ് ചെയ്യുന്നത്. ഇതും വ്യജപേരിലാകും.
സെക്കൻഡ് ഹാൻഡിന് നിരോധനം
സെക്കൻഡ് ഹാൻഡ് വാഹനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമുണ്ട്. മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്ന വാഹനങ്ങൾ കൊണ്ടുവരണമെങ്കിൽ ട്രാൻസ്ഫർ ഓഫ് റെസിഡൻസ് (ടിആർ) വഴി മാത്രമേ കഴിയൂ. ഇതിന് വാഹനവിലയുടെ 150 ശതമാനത്തിലധികം ഡ്യൂട്ടി അടയ്ക്കണം. കേരളത്തിലേക്ക് എത്തിച്ച വാഹനങ്ങളൊന്നുംതന്നെ ടിആർ വഴി കൊണ്ടുവന്നതല്ല.
പരിവാഹൻ സൈറ്റിലും കൃത്രിമത്വം
ഭൂട്ടാനിൽനിന്നെത്തിച്ച വാഹനങ്ങൾ രാജ്യത്ത് രജിസ്റ്റർചെയ്യാൻ കേന്ദ്ര റോഡ്-ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ വെബ്‌സൈറ്റിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മിഷണർ ടിജു പറഞ്ഞു. സൈറ്റ് ഹാക്ക് ചെയ്തിട്ടാണോ ഇത് ചെയ്തതെന്ന് കണ്ടെത്തേണ്ടതുണ്ട്. 2014-ൽ നിർമിച്ച വാഹനം 2005-ൽ രജിസ്റ്റർ ചെയ്തതായി രേഖയുണ്ടാക്കിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
കള്ളപ്പണ ഇടപാടുകളും ആദായനികുതി വെട്ടിപ്പും
കള്ളപ്പണ ഇടപാടുകളും ആദായനികുതി വെട്ടിപ്പും ഷോറൂമുകളിൽ ജിഎസ്ടി വെട്ടിപ്പും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾക്ക് വിവരം കൈമാറും. എസ്‌യുവി കടത്തുമായി ബന്ധപ്പെട്ട് തീവ്രവാദത്തിന് സാമ്പത്തികസഹായം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അങ്ങനെ കണ്ടെത്തിയാൽ എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികളെ അറിയിക്കുമെന്നും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ടി. ടിജു പറഞ്ഞു.
Published: 24 Sept 2025, 03:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented