തിരുവനന്തപുരം:  യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയുടെ ബാഗുകള്‍ പരിശോധിക്കുന്നതില്‍ തര്‍ക്കം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ബാഗുകള്‍ പരിശോധിക്കാനുള്ള നീക്കത്തെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തെങ്കിലും കസ്റ്റംസ് പിന്‍വാങ്ങിയില്ല. പരിശോധനയ്‌ക്കെതിരേ എതിര്‍പ്പുയരാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണ് കസ്റ്റംസ് പരിശോധന ആരംഭിച്ചത്. 

To advertise here,

അതിനിടെ, അല്‍സാബിയുടെ ബാഗുകളില്‍നിന്ന് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും കണ്ടെടുത്തതായി വിവരമുണ്ട്. എന്നാല്‍ ഇവ കസ്റ്റഡിയിലെടുത്തോ എന്നതില്‍ വ്യക്തതയില്ല. കണ്ടെടുത്ത സാധനങ്ങളും ബാഗുകളും വിട്ടുകൊടുക്കുന്നത് സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. 

സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗുകളും കസ്റ്റംസ് പരിശോധിക്കുന്നത്. നേരത്തെ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയായതിന് പിന്നാലെ അല്‍സാബി കേരളത്തില്‍നിന്ന് മടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ ബാഗുകള്‍ തിരുവനന്തപുരത്തുനിന്ന് തിരികെ കൊണ്ടുപോകാന്‍ നീക്കമുണ്ടായത്. എന്നാല്‍ ബാഗുകള്‍ തിരികെകൊണ്ടുപോകാനുള്ള നീക്കം മുന്‍കൂട്ടി കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവ പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതി നേടിയിരുന്നു. 

Content Highlights: customs checking ex uae consulate consular genrals baggage in trivandrum