കണ്ണൂർ: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘങ്ങൾ വീണ്ടും സജീവമാകുമ്പോഴും പ്രധാന കണ്ണികൾ കണ്ണൂരിൽനിന്നുള്ളവർ. കഴിഞ്ഞദിവസം കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ സംഭവത്തിലും പ്രധാനമായും ഉൾപ്പെട്ടത് ജില്ലയിൽ നിന്നുള്ളവരാണ്. കരിപ്പൂരിൽ പിടിയിലായവർ സ്വർണം പൊട്ടിക്കൽ സംഘത്തിലെ സജീവ കണ്ണികളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പാനൂർ കണ്ണംവെള്ളി ബേസിൽപീടിക സ്വദേശികളാണ് കരിപ്പൂരിൽ അറസ്റ്റിലായ ശ്രീലാലും പ്രിൻസും. മേക്കുന്ന് സ്വദേശിയാണ് സുബിത്ത്. വിദേശത്തുനിന്ന് സ്വർണവുമായെത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്കയാണ് ഇവർക്കൊപ്പം അറസ്റ്റിലായ മറ്റൊരാൾ. പ്രിയങ്കയാണ് സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയത്.

To advertise here,

ശ്രീലാലിന് ടി.പി.വധക്കേസ് പ്രതി ഷാഫി, കാപ്പ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന സ്വർണം പൊട്ടിക്കൽ കേസിലെ പ്രതി അർജുൻ ആയങ്കി എന്നിവരുമായി ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളും പുറത്തുവന്നു. ഷാഫിക്കും അർജുൻ ആയങ്കിക്കുമൊപ്പമുള്ള ചിത്രങ്ങൾ ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സ്വർണക്കടത്തിനെ മഹത്ത്വവത്കരിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇയാളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലുണ്ട്.

ശ്രീലാൽ സി.പി.എം. പ്രവർത്തകനാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സ്വർണം പൊട്ടിക്കൽ കേസുകൾ കുറഞ്ഞുവരികയാണെന്ന് കരുതിയെങ്കിലും അതുതെറ്റിച്ചാണ് പുതിയ സംഭവങ്ങളുണ്ടാകുന്നത്. നേരേത്തയുണ്ടായിരുന്നതിന്റെ തുടർച്ചയായാണ് പുതിയ കണ്ണികൾ രംഗത്തുവരുന്നതെന്ന് പോലീസും കരുതുന്നു.

 പാനൂർ, ചൊക്ലി സ്റ്റേഷനുകളിലായി ഈ സംഘത്തിൽ ഉൾപ്പെട്ടവരുടെ പേരിൽ കേസുകളുണ്ട്. ആയുധം കൈവശം വെച്ചതുൾപ്പെടെയുള്ളതാണിവ. മയക്കുമരുന്ന് കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണമീടാക്കുന്നതും ഇവരുടെ പതിവാണെന്ന് പറയപ്പെടുന്നു. ആഡംബര കാറുകളിലും ബൈക്കുകളിലുമാണ് ഇവരുടെ സഞ്ചാരമെന്നാണ് നാട്ടുകാർ പറയുന്നത്. 2021 ജൂണിൽ അഞ്ചുപേരുടെ മരണത്തിന് കാരണമായ രാമനാട്ടുകര സ്വർണം പൊട്ടിക്കൽ കേസിലാണ് നേരേത്ത അർജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള കണ്ണൂർ സംഘത്തിന്റെ ഇടപെടലുണ്ടായത്.

ഇവർക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ശക്തമായതോടെ ഇത്തരം സംഘങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. കരിപ്പൂരിൽ കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ സി.പി.എം. ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി. ജനറൽ സെക്രട്ടറി സന്തോഷ് കണ്ണംവെള്ളി ആഭ്യന്തരമന്ത്രിക്ക്‌ നിവേദനം നൽകി.