ആലപ്പുഴ: സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്. ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജര്‍ റെന്‍സി ഇസ്മയിലാണ് സംശയവുമായി രംഗത്തെത്തിയത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. 

To advertise here,

കാഷായ വേഷം, നരച്ച താടി, രുദ്രാക്ഷമാല- അടുത്തിടെ ട്രാവല്‍ ബ്ലോഗില്‍ കണ്ട സ്വാമി സുകുമാരക്കുറുപ്പ് തന്നെയെന്ന് ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജര്‍ കൂടിയായ റെന്‍സി ഇസ്മയില്‍ പറയുന്നു. മുഖ്യമന്ത്രിക്കടക്കം വിവരങ്ങള്‍ കൈമാറിക്കൊണ്ട് റെന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. 

ഇന്നലെ പത്തനംതിട്ടയിലെത്തിയ ക്രൈം ബ്രാഞ്ച് സംഘം റെന്‍സി ഇസ്മയിലിന്റെ മൊഴി രേഖപ്പെടുത്തി. ഗുജറാത്തില്‍ മുന്‍പ് അധ്യാപകനായിരുന്ന റെന്‍സി അവിടെ ആശ്രമ അന്തേവാസിയായ ശങ്കരഗിരി ഗിരി എന്ന സ്വാമിയെ പരിചയപ്പെട്ടു. ശേഷം പത്രങ്ങളില്‍ സുകുമാരക്കുറുപ്പിന്റെ ചിത്രങ്ങള്‍ കണ്ടതോടെയാണ് അന്ന് കണ്ടത് കുറുപ്പ് ആണെന്ന സംശയങ്ങള്‍ ഉടലെടുത്തത്. 

തുടര്‍ന്ന് അന്ന് തന്നെ വിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ലെന്ന് റെന്‍സി പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലോഗ് കണ്ടതോടെ റെന്‍സി വീണ്ടും സംശയം ഉന്നയിച്ച് പരാതി നല്‍കുകയായിരുന്നു. 

ചാക്കോ വധക്കേസില്‍ 1984 ജനുവരി 21ന് മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്.

Content Highlights: crime brach to investigate on sukumara kurup again after doubts raised by a man