
കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തിചെയ്ത അഞ്ചംഗ കുടുംബത്തിന്റെ വീടിന്റെ പൂട്ടുതകര്‍ത്ത് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷ്. വീട്ടിലെ താമസക്കാരുടെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളും പുറത്തെടുക്കാനാണ് പൂട്ടുതകര്‍ത്തത്. സ്വകാര്യ ധനകാര്യസ്ഥാപനം കൊല്ലം അഴീക്കലില്‍ ജപ്തിചെയ്ത വീടാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ തുറന്നത്.
അച്ഛനും അമ്മയും രണ്ടുപെണ്‍മക്കളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ വീടാണ് ജപ്തിചെയ്യപ്പെട്ടത്. ഇതില്‍ മൂത്ത പെണ്‍കുട്ടി പത്താംക്ലാസ് ഉയര്‍ന്ന മാര്‍ക്കോടെ പാസായതാണ്. രണ്ടാമത്തെ പെണ്‍കുട്ടി ആറാംക്ലാസിലാണ്. ആണ്‍കുഞ്ഞിന് ഒന്‍പതുമാസമാണ് പ്രായം. ഇവരുടെ അമ്മയ്ക്ക് ഒരു കണ്ണിന് കാഴ്ചശക്തിയില്ല. സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും വീടിന് അകത്തായതോടെ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്. ജീവനൊടുക്കിയാലോ എന്നുപോലും ചിന്തിച്ചിരുന്നതായി കുടുംബം പറയുന്നു.
ശനിയാഴ്ച ഉച്ചയോടെ എംഎല്‍എ, കുടുംബത്തിനൊപ്പം വീട്ടിലെത്തുകയും ധനകാര്യ സ്ഥാപനം ഇട്ടിരുന്ന പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിക്കുകയുമായിരുന്നു. കുടുംബാംഗങ്ങൾ വസ്ത്രങ്ങളും ആശുപത്രി രേഖയുള്‍പ്പെടെയുള്ളവ എടുത്ത് പുറത്തിറങ്ങി. തുടർന്ന് എംഎല്‍എ തന്നെ വീടും ഗേറ്റും പൂട്ടി. താന്‍ ചെയ്തത് വലിയ തെറ്റാണെങ്കില്‍, തൂക്കിക്കൊല്ലാനാണ് വിധിക്കുന്നതെങ്കില്‍ അത് ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് എംഎല്‍എ പ്രതികരിച്ചു. ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥ കണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 18 ലക്ഷം രൂപയുടെ ബാധ്യതയാണ് ഈ കുടുംബത്തിനുള്ളത്. ആറരലക്ഷത്തോളം തിരിച്ചടച്ചുവെന്നാണ് കുടുംബം പറയുന്നത്. വീട്ടമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും രണ്ടാമത്തെ കണ്ണിന്റെ കാഴ്ച മങ്ങുകയും ചെയ്തതോടെ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവന്നു. ചികിത്സാച്ചെലവിനെ തുടര്‍ന്ന് ചില മാസങ്ങളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെവന്നു. വിഷയം കോടതിയിലെത്തുകയും തുടര്‍ന്ന് വീട് ഫിനാന്‍സുകാര്‍ അടച്ചുപൂട്ടുകയും ചെയ്തു. എന്നാല്‍, വീട് അടച്ചുപൂട്ടുന്ന സമയത്ത് വീട്ടുകാര്‍ അവിടെയുണ്ടായിരുന്നില്ല. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പോലും കുടുംബത്തിന് എടുക്കാനും കഴിഞ്ഞില്ല. പിന്നീട് ഇവര്‍ ഓച്ചിറ അമ്പലത്തില്‍ അഭയംതേടുകയായിരുന്നു.
Content Highlights: cr mahesh mla breaks lock of house confiscated by private finance company
Published: 31 May 2025, 05:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented