തിരുവനന്തപുരം: വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക്പട്ടികയിലുണ്ടായിരുന്ന 45 പേർക്കുകൂടി നിയമനശുപാർശ ലഭിച്ചു. ഇവരിൽ മൂന്നുപേർ സെക്രട്ടേറിയറ്റ് നടയിലെ സമരത്തിൽ പങ്കെടുത്തവരാണ്.

To advertise here,

ഇതോടെ ഈ റാങ്ക്പട്ടികയിൽനിന്നുള്ള ആകെ നിയമനശുപാർശ 337 ആയി. ഒരു വർഷമെന്ന കാലാവധി പൂർത്തിയാക്കി ശനിയാഴ്ച രാത്രി 12-ന് റാങ്ക്പട്ടിക റദ്ദായി.

ആകെ 961 പേരുള്ള പട്ടികയിൽനിന്ന് 35 ശതമാനം പേർക്കേ നിയമനശുപാർശ ലഭിച്ചുള്ളൂ. കഴിഞ്ഞ റാങ്ക്പട്ടികയിൽനിന്ന് 815 പേർക്ക് നിയമനശുപാർശ ലഭിച്ചതാണ്. ഇത്തവണ പകുതിപ്പേർക്കുപോലും നിയമനം നൽകാനായില്ല.

ഇപ്പോഴത്തെ നിയമനശുപാർശയിൽ നാലെണ്ണം എൻജെഡി (നോൺ ജോയിനിങ് ഡ്യൂട്ടി)യാണ്. 41 എണ്ണം പുതിയ ഒഴിവും. ആകെയുണ്ടായ 337 നിയമനശുപാർശകളിൽ 64 എണ്ണം എൻജെഡിയാണ്. അതിനാൽ 273 പുതിയ ഒഴിവുകൾ മാത്രമാണ് ഈ റാങ്ക്പട്ടികയുടെ കാലാവധിക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തത്.