
നിലമ്പൂർ: ചുങ്കത്തറയിലെ കൂറുമാറ്റത്തിനെതിരെ സി.പി.എം ഏരിയാ സെക്രട്ടറിയുടേത് എന്നവകാശപ്പെടുന്ന ഭീഷണി ഫോൺ കോൾ പുറത്ത്. കൂറുമാറിയ പഞ്ചായത്ത് അംഗം നുസൈബയുടെ ഭർത്താവിനാണ് ഫോൺ കോൾ. സി.പി.എം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രനാണ് ഭീഷണിപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. പി.വി.അൻവറിനൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾ നേരിടേണ്ടി വരും, പാർട്ടിയെ കുത്തിയാണ് നീ പോവുന്നത്, അത് ഓർമവെച്ചോ എന്നാണ് മുന്നറിയിപ്പ്.
ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത് കഴിഞ്ഞദിവസമായിരുന്നു. എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ് ഇതിലൂടെ സംഭവിച്ചത്. സംഘർഷവും ഇതിനെത്തുടർന്ന് പ്രദേശത്തുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ ഏരിയാ സെക്രട്ടറിയുടേത് എന്ന് കരുതുന്ന ഭീഷണി കോളും പുറത്തുവന്നിരിക്കുന്നത്. പി.വി.അൻവറിനെ കണ്ടിട്ടാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കമെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സുധീറിന് ലഭിച്ച ഭീഷണിയിലുള്ളത്.
"അങ്ങനെയൊരു നിലപാട് നിങ്ങളെടുത്തിട്ടുണ്ടെങ്കിൽ നമ്മൾക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ അൻവറെ കണ്ടിട്ട് ഈ തീരുമാനമെടുത്തത് ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. പാർട്ടിയെ കുത്തിയിട്ടാണ് നിങ്ങൾ പോകുന്നത്. അതോർമ്മവെയ്ക്കണം. ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. പാർട്ടിയെ പുറത്തുനിന്ന് കുത്തിയിട്ടാണ് നിങ്ങൾ പോകുന്നത്.
നിങ്ങൾ അൻവറിന്റെ പിന്നാലെയല്ലേ നടക്കുന്നത്? അങ്ങനെത്തന്നെ നടന്നോ. നമുക്ക് നോക്കാം. എൻവർ എന്താണ് എന്നത് എനിക്കറിയാം. സ്വന്തം കാര്യത്തിനുവേണ്ടിമാത്രം നിൽക്കുന്നയാളാണയാൾ. ഞങ്ങൾക്ക് ആറോ എട്ടോ മാസം ഭരണം പോകുമെന്നേയുള്ളൂ. കരുതിയിരുന്നോളൂ." ഭീഷണി സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ.
സി.പി.എം അംഗമായിരുന്ന നുസൈബ യു.ഡി.എഫിന് ഒപ്പം നിന്ന് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. തുടർന്ന് എൽ.ഡി.എഫിന് ഭരണം നഷ്ടമാവുകയും ചെയ്തു. ഇതിന് ശേഷമാണ് തൃണമൂൽ കോൺഗ്രസിന്റെ നിലമ്പൂർ മണ്ഡലം പ്രസിഡന്റുകൂടിയായ നുസൈബയുടെ ഭർത്താവിന് ഭീഷണി ഫോൺകോൾ എത്തിയത്. ചുങ്കത്തറയിലെ കൂറ് മാറ്റത്തെ തുടർന്നുള്ള വാക്പോരിന് പിന്നാലെയാണ് ഭീഷണി.
2020-ലെ തിരഞ്ഞെടുപ്പിൽ 10 വീതം അംഗങ്ങളാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെ വത്സമ്മ സെബാസ്റ്റ്യൻ പഞ്ചായത്ത് പ്രസിഡന്റായി. ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിലും യു.ഡി.എഫിന് തന്നെയായിരുന്നു വിജയം. എന്നാൽ 15 മാസത്തെ ഭരണം പൂർത്തിയായപ്പോഴേക്കും മുസ്‌ലിംലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചിരുന്ന എം.കെ. നജ്മുന്നീസയെ യു.ഡി.എഫിൽ നിന്ന് അടർത്തിയെടുത്ത് എൽ.ഡി.എഫിന്റെ ഭാഗമാക്കിയാണ് പഞ്ചായത്തിൽ ഇടതുഭരണം കൊണ്ടുവന്നത്. അന്ന് അതിന് നേതൃത്വംകൊടുത്തിരുന്നത് അന്നത്തെ എം.എൽ.എ. ആയിരുന്ന പി.വി. അൻവർ ആയിരുന്നു. ഇപ്പോൾ ഇടതുപക്ഷ ഭരണത്തിൽനിന്ന് ചുങ്കത്തറ പഞ്ചായത്തിനെ യു.ഡി.എഫ്. പക്ഷത്ത് എത്തിച്ചതും എം.എൽ.എ. സ്ഥാനം രാജിവെച്ച പി.വി. അൻവർതന്നെയാണെന്നതാണ് ശ്രദ്ധേയം.
Content Highlights: CPM Threat After Defection in Chungathara
Published: 27 Feb 2025, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented