
തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ അയ്യപ്പസംഗമംമുതൽ തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ മത്സരിച്ചതിൽവരെ തെറ്റുപറ്റിയെന്ന കുറ്റസമ്മതവുമായി സിപിഎം. ഭരണത്തുടർച്ച പ്രതീക്ഷിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് വിവാദവിഷയങ്ങളിൽ മുൻകാല ന്യായീകരണങ്ങൾ തെറ്റായെന്ന ഏറ്റുപറച്ചിൽ.
അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനോ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ തോൽവിയിൽ വ്യക്തിപരമായി ഉത്തരവാദിത്വമില്ല. താഴെത്തട്ടുമുതൽ മുകളിൽവരെയുള്ള പാർട്ടിഘടകങ്ങളിൽ സംഘടനാദൗർബല്യമുണ്ടായി. ബ്രാഞ്ച്മുതലുള്ള ചർച്ചകൾ ക്രോഡീകരിച്ചുള്ള തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗീകരിച്ചു.
തിരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും പരാജയമുണ്ടാവുമെന്നു മനസ്സിലാക്കാൻ സംസ്ഥാന കമ്മിറ്റിക്കു കഴിഞ്ഞില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭരണവിരുദ്ധവികാരം ഏറ്റുപറച്ചിൽ
ഏറ്റുപറച്ചിൽ: എൽ.ഡി.എഫ്. ഭരണത്തെക്കുറിച്ച് പൊതുവിൽ മതിപ്പായിരുന്നു. എന്നാൽ, ഭരണത്തിന്റെ ഭാഗമായുള്ള പരമ്പരാഗത മേഖല, നിർമാണമേഖല, കശുവണ്ടി, കയർ, കൈത്തറി തുടങ്ങിയ മേഖലകളിലുള്ളവർ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നിർവഹിക്കാനായില്ല.
ഇതു തന്നെയല്ലേ ഭരണവിരുദ്ധവികാരം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അതുണ്ടായിട്ടുണ്ട്’ എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
മുൻനിലപാട്: ഏറ്റവും കൂടുതൽ ജനക്ഷേമവും വികസനപദ്ധതികളും നടപ്പാക്കിയ സർക്കാരിനോട് ആർക്കും എതിർപ്പില്ല. ഭരണവിരുദ്ധവികാരമെന്നതു വ്യാജപ്രചാരണം.
വെള്ളാപ്പള്ളി വിവാദം
ഏറ്റുപറച്ചിൽ: വെള്ളാപ്പള്ളിയുടെ മുസ്‌ലിംവിരുദ്ധ പ്രസ്താവനയെ വേണ്ടവിധം പ്രതിരോധിച്ചില്ല എന്ന തോന്നൽ ജനങ്ങളിലുണ്ടായി. ആ സംശയം ദൂരീകരിക്കാനായില്ല. മുസ്‌ലിംവിരുദ്ധ പ്രചാരവേലയ്ക്കു പാർട്ടി വേണ്ടത്ര മറുപടി നൽകിയില്ലെന്നും പറഞ്ഞതിനൊന്നും ശക്തി പോരെന്നുമാണ് പാർട്ടി ചർച്ചകളിലെ വിലയിരുത്തൽ.
മുഖ്യമന്ത്രിയായിരിക്കേ പിണറായിയും മന്ത്രി വി.എൻ. വാസവനും വെള്ളാപ്പള്ളിയെ പുകഴ്ത്തിയതും ചേർത്താണ് സ്വയംവിമർശനം.
മുൻനിലപാട്: ഏതുതരം വർഗീയതയെയും എതിർക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നു പറഞ്ഞതല്ലാതെ, വെള്ളാപ്പള്ളിയുടെ പേരെടുത്തുപറഞ്ഞു വിമർശിക്കാനോ തള്ളിപ്പറയാനോ തയ്യാറായില്ല.
അയ്യപ്പസംഗമവും ശബരിമല സ്വർണക്കൊള്ളയും
ഏറ്റുപറച്ചിൽ: അയ്യപ്പസംഗമം സംഘടിപ്പിച്ചതിലൊന്നും പ്രശ്നമില്ല. പക്ഷേ, പരിപാടിയിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരിച്ചടിയായി. സ്വർണക്കൊള്ളക്കേസിൽ ഉൾപ്പെട്ട സി.പി.എം. നേതാക്കൾക്കെതിരേ നടപടിയെടുത്തില്ലെന്ന പ്രചാരണവും തിരിച്ചടിയായി. പത്മകുമാറിനെതിരേ നടപടിയെടുക്കാത്തത് സ്വയംവിമർശനപരമായി അംഗീകരിക്കുന്നു.
മുൻനിലപാട്: സ്വർണക്കൊള്ളക്കേസ് നിയമപരമായി നീങ്ങട്ടെ. കേസിൽ ഉൾപ്പെട്ട സി.പി.എം. നേതാക്കൾക്കെതിരേ കുറ്റപത്രംവരാതെ നടപടിയെടുക്കാനാവില്ല.
തളിപ്പറമ്പ്, പയ്യന്നൂർ സ്ഥാനാർഥിത്വം
ഏറ്റുപറച്ചിൽ: തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥിനിർണയത്തിൽ തെറ്റുപറ്റിയെന്നു കണ്ണൂർ ജില്ലാകമ്മിറ്റി സമ്മതിച്ചു. ഈ വിമർശനം സംസ്ഥാന കമ്മിറ്റിയും അംഗീകരിക്കുന്നു. എം.വി. ഗോവിന്ദന് ഇക്കാര്യത്തിൽ വ്യക്തിപരമായി ഉത്തരവാദിത്വമില്ല.
തളിപ്പറമ്പിൽ വിജയിച്ച സി.പി.എം. വിമതൻ ടി.കെ. ഗോവിന്ദനെ പാർലമെന്ററി വ്യാമോഹമാണ് നയിച്ചത്. ആലപ്പുഴയിൽ ജി. സുധാകരനെ നയിച്ചതും പാർലമെന്ററി വ്യാമോഹം. സ്ഥാനാർഥിത്വം മാത്രമല്ല, പയ്യന്നൂരിലെ പ്രശ്നം. അവിടെ വിഭാഗീയപ്രശ്നങ്ങൾ രൂപപ്പെട്ടിരുന്നു.
മുൻനിലപാട്: തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല. പാർട്ടിയുടെയും മഹിളാസംഘടനയുടെയും നേതാവാണവർ. പയ്യന്നൂരിൽ പി.വി. കൃഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചു. അദ്ദേഹം ആരോപിച്ച രക്തസാക്ഷിഫണ്ട് ക്രമക്കേട് ശരിയല്ല.
Content Highlights: CPM acknowledges organizational weaknesses from branch level upwards. Admission that anti-incumbency sentiment was real despite previous denials. Failure to effectively counter communal narratives and specific controversial statements. Self-correction regarding candidate selection in Taliparamba and Payyannur. Acknowledgment of the political fallout from the Ayyappa Sangamam event.
Published: 10 Jun 2026, 06:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented