തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരുപങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷം എ.കെ.ജി. സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പെരിയ കൊലക്കേസില്‍ സി.പി.എം. ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പെരിയ ഇരട്ടക്കൊലക്കേസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരുപങ്കും ഇല്ല. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ ശിക്ഷിച്ചതിനെതിരെ ഏതറ്റം വരേയും പോയി രാഷ്ട്രീയമായ നീക്കത്തെ രാഷ്ട്രീയമായി നേരിടും', എം.വി. ഗോവിന്ദന്‍ പറഞ്ഞു.
വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യ ഗൗരവമുള്ള വിഷയമാണ്. കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണം. കോണ്‍ഗ്രസിന്റെ തന്നെ ട്രഷററും മകനും കോണ്‍ഗ്രസിനാല്‍ കൊല്ലപ്പെട്ടു എന്ന് തന്നെ പറയണം. വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനനിയമത്തില്‍ ജനവിരുദ്ധമായ അമിതാധികാരമുള്ള എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ചര്‍ച്ചചെയ്ത് മാറ്റംവരുത്തി മാത്രമേ നിയമമാക്കുകയുള്ളൂ എന്നാണ് സി.പി.എം. നിലപാട്. സര്‍ക്കാര്‍ തെറ്റായ ഒരു സമീപനവും സ്വീകരിക്കില്ല', എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
'അന്‍വര്‍ മുമ്പേ യു.ഡി.എഫിന്റെ ഭാഗമാണ്. വെറുതേ അതിനെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ല. അതൊന്നും ചര്‍ച്ചചെയ്യാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. രാത്രിയും അര്‍ധരാത്രിയും അറസ്റ്റുചെയ്യുന്ന എത്ര പാരമ്പര്യം ഇവിടെയുണ്ട്? സാധാരണ അറസ്റ്റുചെയ്യുന്നതല്ലേ? ഫോറസ്റ്റ് ഓഫീസ് തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത ആളാരായാലും അതിന്റെ പേരില്‍ നടപടിയുണ്ടാവുമല്ലോ? ജയിലില്‍ പോയി വന്നിട്ട് കാണിച്ചുതരാമെന്നാണ് പറഞ്ഞത്. കാണിച്ചുതരുന്നത് എന്താണെന്ന് നോക്കാം. ജയിലില്‍ പോയതാണോ വീരപരിവേഷം. അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണോ? ഒരുവീരപരിവേഷവുമില്ല. പരിവേഷം കിട്ടണമെങ്കില്‍ അയാളെന്തോ മഹാമേരുവായി നില്‍ക്കണ്ടേ? അയാളെ അറസ്റ്റുചെയ്തു, എന്താണ് കുഴപ്പം? ആയാള്‍ എവിടെപ്പോയാലും ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. അന്‍വറിനെ തള്ളുമ്പോള്‍ ഞങ്ങളുടെ മനസില്‍ ആദ്യമുണ്ടായത്, അദ്ദേഹം യു.ഡി.എ.ഫിലേക്ക് ചേക്കേറും എന്നതാണ്', പി.വി. അന്‍വറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: MV Govindan responds to Periya double murder case convictions and PV Anvar`s arrest
Published: 07 Jan 2025, 07:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented