
കോഴിക്കോട്: വിശ്വാസികളിലേക്ക് പാർട്ടി ഇറങ്ങണമെന്നും എതെങ്കിലും ആഘോഷത്തെ ഏതെങ്കിലും ഒരുവിഭാഗം മാത്രം കൈയ്യടക്കിവെക്കുന്നത് തടയണമെന്നും സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്ത പ്രതിനിധികൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഉത്സവങ്ങളെ പൊതുഇടമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഉത്സവങ്ങളെയും ആഘോഷങ്ങളെയുമെല്ലാം വെള്ളം കടക്കാത്ത ഇടമായി വേർതിരിച്ച് പൊതുഇടം എന്നതിനപ്പുറം സ്വകാര്യഇടമാക്കി മാറ്റി. ഇതിൽ പാർട്ടി ഇടപെടൽ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി പോലുള്ള ആഘോഷങ്ങൾ ആർഎസ്എസ് നേതൃത്വം കീഴടക്കിയെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പാർട്ടി കൂടതൽ ശക്തമായി വിശ്വാസികളിലേക്ക് ഇറങ്ങാനുള്ള ആവശ്യം യോഗം മുന്നോട്ടുവെച്ചത്. ഇത് എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ അടിയന്തര രൂപരേഖയുണ്ടാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
വിശ്വാസികളെ ചേർത്തുപിടിക്കാതെ വർഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻമാസ്റ്റർ നടത്തിയ വാർത്താസമ്മേളനത്തിലും ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് പുറമെ മറ്റുപല ആഘോഷങ്ങളും കേരളത്തിൽ സജീവമായി. ഇതിനെയെല്ലാം ഒരുവിഭാഗം മാത്രം കീഴ്‌പ്പെടുത്താനുള്ള ശ്രമം ഉണ്ട്. ബിജെപിയുടെ വോട്ട് വർധനവടക്കം ഉണ്ടായത് ഇതിന്റെ ഭാഗമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് ആൾബലം കൂട്ടാനുള്ള കുറുക്കുവഴിയായി ബിജെപി നേതൃത്വം ആഘോഷങ്ങളെ കാണുന്നു. ഈയൊരു സാഹചര്യത്തിലാണ് വിശ്വാസികളിലേക്ക് ഇറങ്ങാതെ രക്ഷയില്ലെന്ന നിർദേശം യോഗം മുന്നോട്ടുവെച്ചത്.
പുതിയകാലത്തെ നേതാക്കൾക്കും പ്രവർത്തകർക്കും ആവശ്യമായ പാർട്ടി ക്ലാസുകൾ നൽകുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന വിമർശനവും പ്രതിനിധികൾ ഉന്നയിച്ചു. ആധുനിക കാലത്തിന് ഉതകുന്നതത്തിൽ പാർട്ടി ക്ലാസുകൾ സംഘടിപ്പിക്കണം. പറ്റുമെങ്കിൽ ആപ്പ് അധിഷ്ടിത പാർട്ടി ക്ലാസുകളിലേക്കും അതിന്റെ ഫോളോ അപ്പിലേക്കും പാർട്ടി മാറണമെന്ന ആവശ്യവും പ്രതിനിധികൾ ഉന്നയിച്ചു.
വിപ്ലവപാർട്ടിയെന്ന സങ്കൽപ്പം പാർട്ടി കളഞ്ഞുകുളിച്ചുവെന്ന വിമർശനവും വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഇതിന് പുറമെയാണ് പാർട്ടി ക്ലാസുകൾ നൽകുന്നതിലും നേതൃത്വം പരാജയപ്പെട്ടുവെന്ന വിമർശനം ഉയർന്നത്.
പാർട്ടി പ്രവർത്തകർ ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടന്നത് മറന്നുപോയെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഇതുകൂടി കണക്കിലെടുത്ത് ജനങ്ങളുടെ പ്രശ്‌നങ്ങളെ സജീവമായി ഏറ്റെടുത്ത് മുന്നോട്ടുപോവാനുള്ള നിർദേശവും യോഗം നൽകി. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടുയുള്ള കാര്യങ്ങളിൽ പരിശോധന കുടുതൽ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Content Highlights: CPM delegates demanded deeper engagement with believers to counter communal forces., Festivals should be kept as public spaces rather than private political domains., MV Govindan stated that fighting communalism is impossible without embracing believers., Calls for modern, app-based party classes for leaders and cadres.
Published: 14 Sept 2026, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented