കണ്ണൂർ: ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം തള്ളി സിപിഎം. കോടതി വെറുതെ വിട്ടാലും പാർട്ടി വെറുതെ വിടില്ലെന്ന മധുസൂദനന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനുപിന്നാലെയാണ് പാർട്ടിയുടെ പ്രതികരണം. കേരളത്തിൽ ഇനി രാഷ്ട്രീയത്തിന്റെ പേരിൽ ഒരു കൊലപാതകം ഉണ്ടാകരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. 

To advertise here,

അതേസമയം, മധുസൂദനനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നവർ അതിനുമുമ്പ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മധുസൂദനന്റെ പ്രസംഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. കൊലവിളിയും കൊലപാതകവും മഹത്വവത്കരിക്കുന്നതല്ല കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയെന്നും കമ്മ്യൂണിസം എന്നാൽ മനുഷ്യസ്നേഹത്തിന്റെ മറ്റൊരു പേരാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യസ്നേഹവും നീതിയുമാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിലായിരുന്നു മുൻ എംഎൽഎയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. കോടതി വെറുതെ വിട്ടാലും കണക്ക് തീർക്കാൻ പാർട്ടിക്ക് മടിയില്ലെന്നും അതിന് പ്രസ്ഥാനത്തിന് മടിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

1987-ൽ ചീമേനിയിൽ അഞ്ച് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചില്ലെങ്കിലും അവർ ഇന്ന് ജീവിച്ചിരിപ്പില്ലെന്നായിരുന്നു മധുസൂദനന്റെ വാക്കുകൾ. പാർട്ടിയെ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നവർ തെരുവിലിറങ്ങിയാൽ അവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുമെന്നായിരുന്നു പ്രസംഗത്തിലെ മറ്റൊരു പരാമർശം.