തിരുവനന്തപുരം: സംസ്ഥാന സമ്മേളനം അവസാനിച്ചതിന് പിന്നാലെ സി.പി.എമ്മിലെ ഒട്ടേറെ നേതാക്കൾ പരസ്യമായും രഹസ്യമായും തങ്ങളുടെ അതൃപ്തി പ്രകടമാക്കിയിരുന്നു. സംസ്ഥാന സമിതിയിലും സെസ്ഥാന സെക്രട്ടറിയേറ്റിലും ഇടംലഭിക്കാതെപോയ നേതാക്കളാണ് ഫേയ്സ്ബുക്കിലൂടെയും മറ്റും തങ്ങളുടെ വിയോജിപ്പ് പ്രകടമാക്കിയത്. സംസ്ഥാന സമിതി അംഗമായ കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഈ സാഹചര്യത്തിൽ ചർച്ചയാകുകയാണ്.

To advertise here,

സമ്മേളനത്തിന് പിന്നാലെ അദ്ദേഹം ഫെയ്‌സ്ബുക്കിലെ കവര്‍ ചിത്രം മാറ്റി. ഇതിന് അടിക്കുറിപ്പായി ചേര്‍ത്ത വാക്കുകള്‍ക്ക് അവസാനമുള്ള ആശ്ചര്യചിഹ്നമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവായ തന്നെ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതില്‍ അദ്ദേഹത്തിനുള്ള അതൃപ്തിയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

'നവകേരളമാര്‍ച്ചിന്റെ സമാപനസമ്മേളനം, 2016 ഫെബ്രുവരി 15!' എന്ന കുറിപ്പാണ് ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നത്. തിങ്ങിക്കൂടിയ പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് കടകംപള്ളി സംസാരിക്കുന്നതാണ് ചിത്രം. പോസ്റ്റിന് താഴെ കടകംപള്ളിയെ അനുകൂലിച്ചും എതിര്‍ത്തും പ്രവര്‍ത്തകര്‍ രംഗത്തെത്തി.

സമ്മേളനം അവസാനിക്കുന്നതിന് മുമ്പുതന്നെ സംസ്ഥാനസമിതി തിരഞ്ഞെടുപ്പില്‍ അതൃപ്തി പരസ്യമാക്കി മുന്‍ എം.എല്‍.എയും ദേവസ്വംബോര്‍ഡ് ചെയര്‍മാനുമായിരുന്ന എ. പദ്മകുമാര്‍ രംഗത്തെത്തിയിരുന്നു. തന്നെ തഴഞ്ഞ് മന്ത്രി വീണാ ജോര്‍ജിനെ മന്ത്രിയാക്കിയതിലായിരുന്നു അദ്ദേഹത്തിന് എതിര്‍പ്പ്. സമ്മേളനസമാപനത്തിന് നില്‍ക്കാതെ അദ്ദേഹം പത്തനംതിട്ടയിലേക്ക് തിരിക്കുകയും വിമര്‍ശനം പരസ്യമാക്കി പോസ്റ്റിടുകയും ചെയ്തു.

പദ്മകുമാറിന് പിന്നാലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോ. സെക്രട്ടറിയുമായ എന്‍. സുകന്യ, പി. ജയരാജന്റെ മകന്‍ ജെയിന്‍ ജയരാജ് എന്നിവരും പരോക്ഷ സൂചനകളുള്ള സാമൂഹികമാധ്യമപോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. പി. ജയരാജനും ജെ. മേഴ്‌സിക്കിട്ടിയമ്മയ്ക്കും അവഗണനയില്‍ നീരസമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.