
പത്തനംതിട്ട: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിനു പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനം. പേരാവൂരിൽ കെ.കെ ശൈലജയെ മത്സരിപ്പിക്കാതെ പിണറായിതന്നെ മത്സരിക്കണമായിരുന്നുവെന്ന് വിമർശനമുയർന്നു. മുൻ മന്ത്രി വീണാ ജോർജിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി.
ഇളവ് നേടി പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനാണ് മൂന്നാമതും മത്സരത്തിനിറങ്ങിയതെങ്കിൽ പേരാവൂരിൽ കെ.കെ ശൈലജയ്ക്ക് പകരം പിണറായി തന്നെ മത്സരിക്കണമായിരുന്നുവെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. ഭരണരംഗത്തെ പോരായ്മകളും പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളുമാണ് പരാജയത്തിന് കാരണമായതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ശൈലജയെ വിജയസാധ്യതയുള്ള മറ്റൊരു സീറ്റിൽ മത്സരിപ്പിക്കാമായിരുന്നുവെന്നും, പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ ഇറങ്ങിയ പിണറായി നേരിട്ട് കടുത്ത മത്സരങ്ങളിൽ ഏർപ്പെടണമായിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടി. പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് കൊണ്ടുവന്നതിലും വലിയ വിമർശനങ്ങൾ ഉയർന്നു.
മന്ത്രിയുടെ പ്രവർത്തനരീതി ജനങ്ങളിൽനിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് മുൻ മന്ത്രി വീണാ ജോർജിനെതിരേ ഉയർന്ന വിമർശനം. പാർട്ടി പ്രവർത്തകർക്ക് പോലും ആവശ്യങ്ങൾക്ക് ഫോണിൽ വിളിച്ചാൽ കിട്ടാത്ത രീതിയിലായിരുന്നു മന്ത്രിയുടെ ഇടപെടലെന്നും ഈ സമീപനം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും വിമർശനമുയർന്നു. തുടർച്ചയായ വിവാദങ്ങളിൽ അകപ്പെട്ടതും അവയെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ കഴിയാതെപോയതും വീണാ ജോർജിനെതിരേ ഉന്നയിക്കപ്പെട്ട പ്രധാന പരാതികളാണ്.
മുഖ്യമന്ത്രി എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലും തയ്യാറാകാത്ത പിണറായി വിജയനെ എന്തിന് പ്രതിപക്ഷ നേതാവാക്കിയെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനുമുയർന്നിരുന്നു. അദ്ദേഹം വീണ്ടും പാർട്ടി അണികളെ വെല്ലുവിളിക്കുകയാണ്. പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകുന്നതിനുവേണ്ടി മാത്രമാണ്. അതുകൊണ്ട് അടിയന്തരമായി മറ്റാരെങ്കിലും പ്രതിപക്ഷനേതൃപദവി ഏറ്റെടുക്കണം. ഇല്ലെങ്കിൽ കൂടുതൽ തകർച്ചയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ മുന്നറിയിപ്പുണ്ടായി.
Content Highlights: CPM Pathanamthitta district committee criticizes Pinarayi Vijayan's leadership., Internal dissent regarding KK Shailaja's candidacy in Peravoor., Criticism against former minister Veena George's working style and accessibility., Calls for accountability regarding election performance and leadership roles.
Published: 16 May 2026, 03:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented