കണ്ണൂർ: കെ.കെ. ശൈലജയെ പരിഹസിച്ച് പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. ഓരോ തിരഞ്ഞെടുപ്പു തോൽവിയും ശൈലജയ്ക്ക് സംഘടനാപരമായ പ്രൊമോഷൻ ലഭിക്കാനുള്ള അവസരമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ പരാമർശം. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കെ.കെ. ശൈലജ.

To advertise here,

‘ശൈലജടീച്ചറും ഞാനുമായി ആദ്യമൊന്ന് മത്സരിച്ചു. എനിക്കൊരു ഇമേജും ഉണ്ടായിരുന്നില്ല. പക്ഷേ, സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളായിരുന്നു. ഞാൻ ജയിച്ചു. ശൈലജ ടീച്ചർ, ഈ പറയുന്ന ഇമേജോടു കൂടി വടകരയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ഇവിടെ മത്സരിക്കാൻ ശൈലജ ടീച്ചറുടെ മനസ്സ് എന്താണെന്ന് നിങ്ങൾ വായിച്ചു മനസ്സിലാക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ടീച്ചർക്കൊരു പ്രൊമോഷൻകിട്ടി സംഘടനാപരമായി, കേന്ദ്രകമ്മിറ്റി അംഗമായി. ഇപ്പോൾ തോൽക്കുമ്പോൾ ടീച്ചറെ ചിലപ്പോൾ പൊളിറ്റ് ബ്യൂറോയിലേക്ക് എടുക്കും. ആ ഓഫർ ഇല്ലെങ്കിൽ ടീച്ചർ മത്സരിക്കാനിടയില്ല, എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

അതേസമയം, സണ്ണി ജോസഫിന് മറുപടിയുമായി കെ.കെ. ശൈലജ രംഗത്തെത്തി. ‘പൊളിറ്റ് ബ്യൂറോയിലെത്തുന്നത് ഒരു വലിയ കാര്യമാണ്. പക്ഷേ സംഘടനയിൽ നിയമസഭയിൽ തോറ്റിട്ടും ജയിച്ചിട്ടുമുണ്ട് എല്ലാവരും. അതിൽ യാതൊരു സംശയവുമില്ല. പാർട്ടിയുടെ ബ്രാഞ്ചിൽനിന്ന് തുടങ്ങി ലോക്കലിലും ഏരിയയിലും ജില്ലയിലുമെല്ലാം പ്രവർത്തിച്ചിട്ടാണ് സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റിയിലുമെത്തിയത്. കേന്ദ്രകമ്മിറ്റിയിൽ എത്തിയത് തിരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷമല്ല. കേന്ദ്രകമ്മിറ്റിയിൽ സ്വാഭാവികമായി എത്തിച്ചേർന്നതാണ്, ശൈലജ പറഞ്ഞു.