കണ്ണൂർ: പോരാട്ടങ്ങൾ പുതുനിര നേതൃത്വത്തിന് കൈമാറി സിപിഎം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയിറങ്ങുമ്പോഴും ഉയർന്നുപാറുന്നത് കണ്ണൂരിന്റെ കരുത്തുതന്നെ. സംസ്ഥാന നേതൃത്വത്തിലെന്നപോലെ ദേശീയതലത്തിലും ജില്ലയുടെ മേൽക്കൈ ഉറപ്പിച്ചാണ് 24-ാം പാർട്ടി കോൺഗ്രസിന്റെ കൊടിയിറങ്ങിയത്.

To advertise here,

18 അംഗ പോളിറ്റ് ബ്യൂറോയിലുൾപ്പെട്ട അഞ്ച്‌ മലയാളികളിൽ മൂന്നുപേരും കണ്ണൂരിൽനിന്നുള്ളവരാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയായ വിജു കൃഷ്ണൻ എന്നിവരാണ് പിബിയിലെ കണ്ണൂരുകാർ. കർഷകസമരങ്ങളിലൂടെ ശ്രദ്ധേയനായ വിജു കൃഷ്ണൻ കരിവെള്ളൂർ സ്വദേശിയാണ്.

85 അംഗ കേന്ദ്ര കമ്മിറ്റിയിലും കണ്ണൂരിന്റെ പ്രാതിനിധ്യം പാർട്ടിയുടെ കരുത്താണ്. പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവർക്കൊപ്പം വിജു കൃഷ്ണനും കൂടി ചേരുമ്പോൾ കണ്ണൂരുകാർ ആറായി. എല്ലാവരും സംസ്ഥാന രാഷ്ട്രീയത്തിലെന്നപോലെ ദേശീയതലത്തിലും സിപിഎമ്മിന്റെ മുഖങ്ങൾ. ഇതിനുപുറമെ സ്ഥിരം ക്ഷണിതാവായി ജോൺ ബ്രിട്ടാസ് എംപിയും കേന്ദ്ര കമ്മിറ്റിയിലെത്തി.

പാർട്ടി കണ്ണൂർ കേന്ദ്രീതമാകുന്നുവെന്ന പതിവ്‌ വിമർശനം കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തിലും ഉയർന്നെങ്കിലും രാജ്യത്ത് ഏറ്റവുംകൂടുതൽ അംഗങ്ങളുള്ള ജില്ലയെ ചേർത്തുപിടിച്ചാണ് സമ്മേളനം സമാപിച്ചത്. 17 സംസ്ഥാന കമ്മിറ്റി അംഗങ്ങളും അഞ്ച് സെക്രട്ടേറിയറ്റംഗങ്ങളുമായി കണ്ണൂർ സ്ക്വാഡ് തന്നെ പാർട്ടിയെ നയിക്കുമെന്ന പ്രഖ്യാപനമാണ് കൊല്ലത്തുണ്ടായത്. മധുരയിൽ ആ മേധാവിത്വത്തിന് ഒരിക്കൽക്കൂടി അടിവരയിട്ടു.

ഇളവോടെ ശ്രീമതി

75 വയസ്സ് പ്രായപരിധി നിബന്ധന കർശനമായി പിന്തുടരാൻ പാർട്ടി കോൺഗ്രസ് തീരുമാനിച്ചെങ്കിലും പി.കെ. ശ്രീമതിയ്ക്ക് ഇളവ് അനുവദിച്ച് കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയത് ജില്ലയിലെ പ്രവർത്തകർക്ക് ആവേശമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയെന്നനിലയിലാണ് ശ്രീമതിക്ക് ഇളവുകിട്ടിയത്. പ്രായപരിധി നിബന്ധനയെ തുടർന്ന് കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തിൽ അവർ സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന്‌ ഒഴിഞ്ഞിരുന്നു. പകരം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ.കെ. ശൈലജ സെക്രട്ടേറിയറ്റിലെത്തി. സ്ഥാനമൊഴിഞ്ഞശേഷവും പ്രവർത്തനരംഗത്ത് അവർ സജീവമായിരുന്നു.

മുഖ്യമന്ത്രിയെന്നനിലയിൽ പിണറായി വിജയന് പ്രായപരിധിയിൽ ഇളവുനൽകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെയും മുന്നണിയെയും പിണറായി വിജയൻ തന്നെ നയിക്കുമെന്ന പുതിയ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രഖ്യാപനത്തിൽ അപ്രതീക്ഷിതമായൊന്നുമില്ലെങ്കിലും കണ്ണൂരിലെ പാർട്ടിക്ക് അത് ആവേശകരമാണ്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദൻ 2022 ഒക്ടോബറിലാണ് പോളിറ്റ് ബ്യൂറോയിലെത്തിയത്.

വിജു കൃഷ്ണൻ, ജോൺ ബ്രിട്ടാസ് കണ്ണൂരിൽനിന്നുതന്നെ പുതുനിര നേതൃത്വവും

അഖിലേന്ത്യാ കിസാൻസഭയുടെ ജനറൽ സെക്രട്ടറിയെന്നനിലയിൽ വിജു കൃഷ്ണനും രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസും സിപിഎം ദേശീയനേതൃത്വത്തിന്റെ ഭാഗമാകുമ്പോൾ പാർട്ടിയിൽ കുറിക്കപ്പെടുന്നത് തലമുറമാറ്റത്തിന്റെ സൂചനകൾ. 51-കാരനായ വിജു കൃഷ്ണൻ 1995-ൽ ജെഎൻയുവിൽ എസ്എഫ്‌ഐ പ്രവർത്തകനായാണ് പൊതുരംഗത്തെത്തിയത്.‌

2004-ൽ എസ്എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര എക്സിക്യുട്ടീവ് അംഗവുമായി. കാർഷിക സമ്പദ് വ്യവസ്ഥയെ ആസ്പദമാക്കിയുള്ള പഠനത്തിൽ പിഎച്ച്ഡി നേടിയശേഷം ബെംഗളൂരു സെയ്ന്റ് ജോസഫ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദവിഭാഗം മേധാവിയായി. 2008- ലാണ് അധ്യാപനം ഉപേക്ഷിച്ച് കാർഷികപ്രശ്നങ്ങളേറ്റെടുത്ത് പൊതുരംഗത്ത് സജീവമായത്. 2009 മുതൽ കിസാൻസഭയുടെ മുഴുവൻസമയ പ്രവർത്തകനായ അദ്ദേഹം വിവിധ സംസ്ഥാനങ്ങളിൽ കർഷകരെ സംഘടിപ്പിച്ച് സമരം നയിച്ചു. 2018-ൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻ ലോങ്ങ്മാർച്ച് മുതൽ ഡൽഹി കർഷകസമരം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളുടെ നേതൃത്വത്തിൽ അദ്ദേഹമുണ്ടായിരുന്നു. ലോങ്മാർച്ചിന്റെ നേതൃത്വമാണ് 2018-ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലെത്തിച്ചത്. അതിനുമുമ്പ് കിസാൻസഭ പ്രതിനിധിയെന്നനിലയിൽ പ്രത്യേക ക്ഷണിതാവായിരുന്നു. സമരങ്ങൾ ശക്തിപ്പെടുന്ന ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ വിജു കൃഷ്ണൻ സിപിഎമ്മിന്റെ മുഖമായിമാറുമെന്നാണ് വിലയിരുത്തൽ. പിബി അംഗത്വം അതിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്.

രാജ്യസഭയിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ജോൺ ബ്രിട്ടാസ് കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായെത്തുന്നതും സിപിഎം സ്വീകരിക്കുന്ന പുതുരാഷ്ട്രീയത്തിന്റെ തെളിവായി വേണം കാണാൻ. കണ്ണൂർ നടുവിൽ പുലിക്കുറുമ്പ സ്വദേശിയായ ബ്രിട്ടാസ് കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവുമാണ്. 2021-ൽ രാജ്യസഭാംഗമായി. സംസ്ഥാനസമിതിയിലെ ക്ഷണിതാവായ ബ്രിട്ടാസ് പാർലമെന്റിലെ പ്രകടനത്തിന്റെ ബലത്തിലാണ് കൊല്ലം സമ്മേളനത്തിൽ സംസ്ഥാനസമിതി അംഗമായത്.

വിത്തുവീണ മണ്ണിൽ വേരുകൾ ഭദ്രം

കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിക്ക്‌ വിത്തിട്ട കണ്ണൂരിന്റെ മണ്ണിലാണ് ഇപ്പോഴും ഏറ്റവുമാഴത്തിൽ വേരുകളുള്ളതെന്നതിന്റെ തെളിവാണ് സിപിഎം ദേശീയനേതൃനിരയിൽ ജില്ലയിലെ പ്രാതിനിധ്യം. 1939 ഡിസംബർ അവസാനം പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാർട്ടി പിറന്നുവീണതുമുതൽ നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ നയിച്ചവരിലേറെയും കണ്ണൂരിൽനിന്നുള്ള നേതാക്കളാണ്. 1964-ൽ പാർട്ടിയിലുണ്ടായ പിളർപ്പിനെത്തുടർന്ന് സിപിഎം നിലവിൽവന്നപ്പോഴും അതിന് മാറ്റമുണ്ടായില്ല. ഒക്ടോബർ 31 മുതൽ നവംബർ ഏഴുവരെ കൊൽക്കത്തയിൽ നടന്ന പാർട്ടി കോൺഗ്രസോടെയാണ് സിപിഎം നിലവിൽ വന്നത്. ആ രൂപവത്കരണ സമ്മേളനം 60 കൊല്ലം പിന്നിട്ടപ്പോൾ നടന്ന 24-ാം പാർട്ടികോൺഗ്രസിലും കണ്ണൂരിലെ വേരുകൾ സുദൃഢമായിത്തുടരുന്നു.

ഇന്ത്യയിൽ സിപിഎമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളും വർഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലാഘടകം ഇത്തവണയും കണ്ണൂരാണ്. 4421 ബ്രാഞ്ചുകളിലും 249 ലോക്കൽകമ്മിറ്റികളിലും 18 ഏരിയാകമ്മിറ്റികളിലുമായി 65,550 പാർട്ടിയംഗങ്ങളാണുള്ളത്. ബംഗാളിലെ നോർത്ത് പർഗാനാസ് ജില്ലയെ ആറുവർഷം മുമ്പാണ് കണ്ണൂർ മറികടന്നത്. 29,51,70 അംഗങ്ങൾ വിവിധ വർഗബഹുജന സംഘടനകളിലായി കണ്ണൂരിലുണ്ട്. വനിതാ അംഗങ്ങളുടെ അംഗസംഖ്യയും കൂടുതൽ കണ്ണൂരിൽത്തന്നെ.

സ്വാഭാവികമായും ഇതിന് ആനുപാതികമായുള്ള പ്രാതിനിധ്യമാണ് കണ്ണൂരിന് സിപിഎമ്മിന്റെ നേതൃത്വത്തിൽ കിട്ടുന്നത്. ആധിപത്യത്തിനെതിരായ വിമർശനങ്ങളെ ഈ യുക്തികൊണ്ടുതന്നെയാണ് നേതൃത്വം നേരിടാറുള്ളതും. അടിത്തട്ടിലും നേതൃത്വത്തിലും കരുത്തുചോർന്നിട്ടില്ലെങ്കിലും ലോക്‌സഭാതിരഞ്ഞെടുപ്പിലുണ്ടായ പരാജയം കണ്ണൂർ ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ സിപിഎം നേതൃത്വത്തിന് ഇപ്പോഴും കുരുക്കഴിച്ചെടുക്കാനാവാത്ത പ്രതിസന്ധിയായി തുടരുന്നുമുണ്ട്.

കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ആഘാതത്തിൽനിന്ന് പാർട്ടി ഇപ്പോഴും മോചിതമായിട്ടില്ല. പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളിലെല്ലാം ഇത് ഗൗരവത്തോടെയാണ് പരിശോധിക്കപ്പെട്ടത്. ദേശീയനേതൃത്വത്തിൽ പ്രാതിനിധ്യമേറുമ്പോൾ ഇക്കാര്യത്തിൽ കണ്ണൂരിലെ പാർട്ടിക്ക് ഉത്തരവാദിത്വവുമേറും. ദേശീയതലത്തിലും സംസ്ഥാനരാഷ്ട്രീയത്തിലും പ്രതിസന്ധികളിൽ ഉലയാതെ നയിക്കുകയെന്ന നയിക്കുകയെന്ന ദൗത്യത്തിലും വലിയ പങ്കുവഹിക്കാനുള്ളത് കണ്ണൂരുകാരായ നേതാക്കൾക്കുതന്നെ.