തിരുവനന്തപുരം: അർജുൻ ആയങ്കി ഉൾപ്പെടെയുള്ള ക്രിമിനൽ-ക്വൊട്ടേഷൻ സംഘങ്ങളെ തള്ളി സി.പി.എം സംസ്ഥാന നേതൃത്വം. അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട യാതൊരു ആവശ്യവും തനിക്കോ പാർട്ടിക്കോ ഇല്ലെന്നും ഇയാൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ തടസ്സങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പിണറായി വിജയൻ ഇക്കാര്യം അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്.

To advertise here,

പിന്നാലെ അർജുൻ ആയങ്കി വളർന്നുവന്ന പാർട്ടി സി.പി.എം അല്ലെന്ന് എം.വി. ജയരാജനും ആവർത്തിച്ചു. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി തയ്യാറാകണമെന്നും അതിന് യാതൊരുവിധ തടസ്സങ്ങളും പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വൊട്ടേഷൻ സംഘങ്ങളെ പിന്തുണയ്ക്കുന്നവർ അവരും ആ സംഘത്തിലെ അംഗങ്ങളാണെന്ന് കരുതേണ്ടി വരുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയയിലൂടെയുള്ള ആശയപ്രചരണത്തിന് ക്രിമിനൽ-ക്വൊട്ടേഷൻ സംഘങ്ങളുടെ യാതൊരുവിധ പിന്തുണയും സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ ആവശ്യമില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ക്വൊട്ടേഷൻ സംഘങ്ങൾക്ക് പ്രത്യേക രാഷ്ട്രീയമോ പാർട്ടിയോ ഇല്ലെന്നും 'ക്വൊട്ടേഷൻ' എന്നത് മാത്രമാണ് അവരുടെ പാർട്ടിയെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.

അർജുൻ ആയങ്കിയുമായി ബന്ധമുണ്ട് എന്ന് വരുന്നത് സിപിഎമ്മിന് ക്ഷീണമാകുമെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പരസ്യമായി തള്ളിപ്പറയുന്നതിലേക്ക് നേതൃത്വം എത്തിയത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളിന് പാർട്ടി ബന്ധമുണ്ടെന്ന് വരുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് സിപിഎം ഭയക്കുന്നു. പോലീസിനെയും ആഭ്യന്തര വകുപ്പിനെയും നിരന്തരം പരിഹസിച്ച് ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പോയ ആയങ്കിയെ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.