കൊട്ടിയം (കൊല്ലം): റവന്യു പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് പൂർവ സ്ഥിതിയിലാക്കിയതിന്റെപേരിൽ സിപിഎം നേതാക്കൾ വില്ലേജ് ഓഫീസറുടെ കാൽ തല്ലിയൊടിച്ച് ആറ്റിൽ കെട്ടിത്താഴ്‌ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ അംഗങ്ങളടങ്ങിയ സംഘം വില്ലേജ് ഓഫീസിൽ കടന്ന് അതിക്രമം കാട്ടിയതായി നെടുമ്പന വില്ലേജ് ഓഫീസർ കണ്ണനല്ലൂർ എസ്എച്ച്ഒയ്ക്ക് പരാതിനൽകി.

To advertise here,

കഴിഞ്ഞ 19-നാണ് സംഭവം. നാലരമണിക്കൂറിലേറെ ഓഫീസിൽ ഭീകരാന്തരീക്ഷമുണ്ടാക്കി തന്നെ തടഞ്ഞുവെച്ചെന്ന്‌ വില്ലേജ് ഓഫീസറുടെ പരാതിയിൽ പറയുന്നു. നല്ലില ആത്മാവ്മുക്ക് റോഡിൽ അങ്കണവാടിക്കു സമീപം ലക്ഷങ്ങൾ വിലയുള്ള നാലുസെൻറ് ഭൂമിയാണ് ചിലർ കൈയേറിയത്. ഇവിടെ മണ്ണുമാന്തിയന്ത്രം കൊണ്ട് കുഴിച്ച് കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിക്കാനുള്ള നീക്കമാണ് വില്ലേജ് ഓഫീസർ തടഞ്ഞത്. റവന്യു ഉദ്യോഗസ്ഥർ കൈയേറ്റമൊഴിപ്പിച്ച് സ്ഥലം പൂർവസ്ഥിതിയിലാക്കുകയും ചെയ്തു.

അന്നും ഒരുസംഘം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ റവന്യു ഉദ്യോഗസ്ഥരെ അപമാനിക്കുകയും മാനഹാനിയുണ്ടാക്കുംവിധം വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ ഏപ്രിൽ അഞ്ചിന് കണ്ണനല്ലൂർ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തിെല്ലന്ന് വില്ലേജ് ഓഫീസർ പറയുന്നു.