പാലക്കാട്: പകുതി വിലയ്ക്ക് സ്‌കൂട്ടറും ഹോം അപ്ലൈന്‍സസും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി സി.പി.എം. നേതാവ് പി.സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നജീബ് കാന്തപുരം എം.എല്‍.എ. നടത്തുന്ന തട്ടിപ്പിന്റെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവരുന്നതെന്ന് സരിന്‍ ആരോപിച്ചു. 'ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍' എന്ന തലക്കെട്ടോടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് ബി.ജെ.പി-കോണ്‍ഗ്രസ് ബന്ധമുള്ളവരാണെങ്കില്‍ അതിനുനേരിട്ട് നേതൃത്വം കൊടുത്തയാളാണ് പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരമെന്നാണ് സരിന്‍ പറയുന്നത്. നജീബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന് ഗുണഭോക്താക്കളുടെ പട്ടിക നല്‍കിയതിലൂടെ എം.എല്‍.എ. ആളുകളില്‍ പണം തട്ടിക്കാനും മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചു എന്നാണ് ആരോപണം.
എം.എല്‍.എയ്ക്ക് ഈ തട്ടിപ്പില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുകൊണ്ടുവരുമെന്നും സരിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പറഞ്ഞുപറ്റിച്ച ആളുകള്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്നോ, ഫൗണ്ടേഷന്റെ പണത്തില്‍ നിന്നോ, മുസ്‌ലീം ലീഗിന്റെ ഫണ്ടില്‍ നിന്നോ പണം തിരികെ നല്‍കി രക്ഷപ്പെടാമെന്നു കരുതേണ്ടന്നും സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. എ.എന്‍.രാധാകൃഷ്ണന്‍ തന്റെ ഫൗണ്ടേഷന്‍ വഴി നടത്തിയ തട്ടിപ്പ് തന്നെയാണ് നജീബ് കാന്തപുരവും നടത്തിയിരിക്കുന്നതെന്നും സരിന്‍ കുറ്റപ്പെടുത്തുന്നു.
പി.സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
നജീബ് കാന്തപുരം നടത്തുന്ന തട്ടിപ്പ് മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്തു വരുന്നത്!
സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നില്‍ക്കുന്നത് ബിജെപി - കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എംഎല്‍എ മുസ്ലിം ലീഗിന്റെ ശ്രീ നജീബ് കാന്തപുരം ആണ് എന്നതിന് തെളിവുകള്‍ പുറത്തു വരികയാണ്.
നജീബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കള്ളപ്പണം വെളുപ്പിച്ച് എടുക്കാന്‍ ഉള്ള ഒരു വഴി മാത്രമല്ല എന്നുവേണം മനസ്സിലാക്കാന്‍.
പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎല്‍എ തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്‍കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി എം.എല്‍.എ, ഒരേ സമയം ആളുകളില്‍ നിന്ന് പണം തട്ടിക്കാനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭീമമായ ഫണ്ടുകള്‍ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ട്.
എംഎല്‍എക്ക് ഈ തട്ടിപ്പില്‍ നിന്ന് കൈകഴുകാന്‍ പറ്റാത്തവിധം വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും. പറഞ്ഞു പറ്റിച്ച ആളുകള്‍ക്ക് MLA തന്റെ സ്വന്തം പോക്കറ്റില്‍ നിന്നോ, ഫൗണ്ടേഷന്റെ പേരില്‍ നടക്കുന്ന വെട്ടിപ്പ് പണത്തില്‍ നിന്നോ, ഇനി മുസ്ലിം ലീഗിന്റെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് തന്നെയോ തുക മടക്കി നല്‍കും എന്ന അവകാശവാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതണ്ട.
തട്ടിപ്പ് പരിപാടിക്ക് പോയി ഉദ്ഘാടകന്‍ ആയതോ, പോസ്റ്ററില്‍ ഫോട്ടോ വന്നതോ അല്ല എംഎല്‍എ ചെയ്ത ഗുരുതരമായ കുറ്റം. താന്‍ നേരിട്ട് നടത്തുന്ന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഈ തട്ടിപ്പിന് ആളെ ചേര്‍ക്കുന്ന വിധം ഗുണഭോക്താക്കളെ നേരിട്ട് തെരഞ്ഞെടുത്ത്, അവരില്‍ നിന്ന് പണം കൈപ്പറ്റിയതിന്റെ തെളിവുകള്‍ പുറത്ത് വരും. കോടികള്‍ വരും ഈ പിരിച്ചെടുത്തത്.
എ. എന്‍ രാധാകൃഷ്ണന്‍ തന്റെ ഫൗണ്ടേഷന്‍ വഴി നടത്തിയ അതേ തട്ടിപ്പ് തന്നെയാണ് നജീബ് കാന്തപുരം എം.എല്‍.എ യും നടത്തിയിരിക്കുന്നത്.
എംഎല്‍എ പദവി ദുരുപയോഗം ചെയ്തതിന്റെ അടക്കം നിയമപരമായ എല്ലാ വശങ്ങളും അന്വേഷണത്തിന് വിധേയമാക്കണം. മുദ്ര ഫൗണ്ടേഷന്റെ പേരില്‍ മറ്റു തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം.
ലീഗിന്റെ അഭിവന്ദ്യനായ ഹൈദരാലി ശിഹാബ് തങ്ങളുടെ അടക്കം പേര് ദുരുപയോഗം ചെയ്തു തന്നെ ഈ തട്ടിപ്പിന് ആളെ കൂട്ടണമായിരുന്നോ?
മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കണ്ട തന്റെ നാട്ടുകാരെ ഇങ്ങനെ പറഞ്ഞു പറ്റിക്കണമായിരുന്നോ?
Content Highlights: CPM leader P Sarin accuses MLA Najib Kanthapuram of a massive scam
Published: 06 Feb 2025, 01:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented