കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശത്തിൽ ഉറച്ച് സിപിഎം നേതാവ് പി.ഹരീന്ദ്രൻ. ഈ മേഖലയിൽ ആദ്യമായുണ്ടായ പീഡനമല്ല പാലത്തായിയിലേതെന്ന് അദ്ദേഹം പറഞ്ഞു. ഒരേ സമുദായത്തിൽപ്പെട്ട ഇരയും വേട്ടക്കാരനുമുണ്ടായപ്പോഴൊന്നും മുസ്‌ലിം ലീഗോ എസ്ഡിപിഐയോ ജമാഅത്തെ ഇസ്‌ലാമിയോ ഒരുതരത്തിലും അതിനെ പ്രതിഷേധമാക്കി മാറ്റാനോ ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആവശ്യപ്പെടാനോ തയ്യാറായിട്ടില്ല. അത്തരം സംഭവങ്ങൾ ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചത്. പാലത്തായിയിലെ കേസ് കൈകാര്യംചെയ്തത് വർഗീയ താത്പര്യത്തോടെയാണെന്ന പരാമർശമാണ് ഞാൻ നടത്തിയത്. മതപരമായ വിദ്വേഷപരാമർശം നടത്തിയെന്നത് ദുർവ്യാഖ്യാനമാണ്.

To advertise here,

മുസ്‌ലിം ലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനെ രാഷ്ട്രീയമായി വിമർശിച്ചതിനെ വളച്ചൊടിച്ചാണ് വർഗീയപരാമർശം നടത്തിയെന്ന് ലീഗ് പ്രചരിപ്പിക്കുന്നത്. പാലത്തായി കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടത് എൽഡിഎഫ് സർക്കാറിന്റെ ഇച്ഛാശക്തി കാരണമാണ്. വിഷയത്തെ സിപിഎമ്മിനെതിരായി തിരിച്ചുവിടാൻ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പ്രചാരണം നടത്തിയപ്പോൾ സ്വാഭാവികമായും ശക്തമായി വിമർശിച്ചിട്ടുണ്ട്.

പാനൂർ മേഖലയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് മുസ്‌ലിം ലീഗും കോൺഗ്രസുമാണ്. ബിജെപിയുമായി സിപിഎമ്മിനെയും തന്നെയും ബന്ധപ്പെടുത്താൻ ശ്രമിച്ചാൽ പാനൂരിന്റെ ചരിത്രമറിയാവുന്നവർ വിശ്വസിക്കില്ലെന്നും ഹരീന്ദ്രൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

പരാമർശം നെറികെട്ടത്; സിപിഎം വിശദീകരിക്കണം - മുസ്‌ലിം ലീഗ്

മതനിരപേക്ഷതയ്ക്കും സാമുദായിക സൗഹാർദത്തിനും കളങ്കമുണ്ടാക്കുന്ന നെറികെട്ട പരാമർശമാണ് പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ഹരീന്ദ്രൻ നടത്തിയതെന്ന് മുസ്‌ലിം ലീഗ് ജില്ലാപ്രസിഡന്റ് അബ്ദുൽകരീം ചേലേരി. കേസ് അട്ടിമറിക്കാൻ സിപിഎമ്മും ആഭ്യന്തരവകുപ്പും നടത്തിയ ശ്രമങ്ങൾ പലതവണ കേരളം ചർച്ചചെയ്തതാണ്. കേസിലെ പ്രതിയായ ആർഎസ്എസ് നേതാവിനെ കോടതി ശിക്ഷിച്ചതോടെയാണ്‌ കേസിൽ മുസ്‌ലിം ലീഗും ലീഗിന്റെ അഭിഭാഷക സംഘടനയും ഇടപെട്ടത്‌ വർഗീയ സമീപനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹരീന്ദ്രൻ പറഞ്ഞത്.

പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിം കുട്ടിയും പീഡിപ്പിച്ചത് ഹിന്ദുവും ആയതുകൊണ്ടാണ് ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്നാണ് ആരോപണം. ലീഗ് ഒരുഘട്ടത്തിലും ഒരുവിഷയത്തിലും ഇരകളുടെ കൂടെ നിൽക്കുമ്പോൾ മതവും രാഷ്ട്രീയവും നോക്കാറില്ല. ഹരീന്ദ്രൻ പറഞ്ഞത് സിപിഎമ്മിന്റെ നയമാണോ എന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെയുള്ള ഉന്നതനേതാക്കൾ വ്യക്തമാക്കണം -അദ്ദേഹം പറഞ്ഞു.

പ്രസംഗം ദുർവ്യാഖ്യാനംചെയ്യുന്നു - കെ.കെ.രാഗേഷ്

സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് പി.ഹരീന്ദ്രൻ നടത്തിയ പരാമർശം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുതവണ ആർഎസ്എസിന്റെ വധശ്രമത്തിന് ഇരയായ മതനിരപേക്ഷവാദിയായ ഹരീന്ദ്രൻ വർഗീയപരാമർശം നടത്തുന്നയാളല്ല. അദ്ദേഹത്തെ വർഗീയവാദിയാക്കരുത്. എസ്ഡിപിഐയെ വിമർശിക്കുകയാണ് ചെയ്തത്. എസ്ഡിപിഐ പാലത്തായി പീഡനക്കേസിനെ വർഗീയമായി ഉപയോഗിക്കുന്നതിനെയാണ് ഹരീന്ദ്രൻ വിമർശിച്ചത്. മദ്രസ അധ്യാപകരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം ഹരീന്ദ്രൻ വിശദീകരിക്കും. ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും മതരാഷ്ട്രീയം ഏറ്റെടുത്ത് നടത്തുകയാണ് മുസ്‌ലിം ലീഗെന്നും രാഗേഷ് കുറ്റപ്പെടുത്തി.