തിരുവനന്തപുരം: എല്ലാ വഴിവിട്ട മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി യു.ഡി.എഫ് നേടിയെടുത്ത വിജയമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലേതെന്ന് സി.പി.എം കേന്ദ്രകമ്മറ്റിയംഗം എം.കെ ബാലന്‍. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഔപചാരികമായ ഫലപ്രഖ്യാപനം വരുന്നതിനുമുമ്പേ തന്നെ എസ്.ഡി.പി.ഐ, യുഡിഎഫ് സ്ഥാനാര്‍ഥിക്കനുകൂലമായി പാലക്കാട് ടൗണില്‍ പ്രകടനജാഥ നടത്തിയതെന്നും എ.കെ ബാലന്‍ പറഞ്ഞു.
എസ്.ഡി.പി.ഐ അടിച്ച നോട്ടീസ് വീടുകളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐക്കൊപ്പം പോവുക എന്നത് എന്ത് രാഷ്ട്രീയമാണെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഏതുവഴിവിട്ട മാര്‍ഗവും സ്വീകരിക്കുക എന്നത് ഞങ്ങളുടെ രീതിയല്ല. ബി.ജെ.പിയെ ഒറ്റപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ദേശീയനയം. ഒരു തത്വാധിഷ്ഠിതമായ നയം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായി ആര്‍എസ്എസ്സുമായി കൂട്ടുകെട്ടുണ്ടാക്കുന്നതും എസ്.ഡി.പി.ഐയുമായി കൂട്ടുണ്ടാക്കുന്നതും അവരോടൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന എന്നതും എന്തൊരു നിലപാടാണെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള നെറികെട്ട രാഷ്ട്രീയസമീപനം കൊണ്ടാണ് കെ.മുരളീധരന്റെ ഗതികേട് ഇങ്ങനെയായത് എന്നും അത്തരം നിലപാടുകള്‍ ഒരിക്കലും എല്‍.ഡി.എഫ് എടുത്തിട്ടില്ല എന്നും എം.കെ ബാലന്‍ പറഞ്ഞു.
'ചേലക്കര തിരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടമാണ്. പിണറായി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ നിലപാട് എന്തായിരിക്കും എന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കാണാം എന്നാണ് യു.ഡി.എഫ് പറഞ്ഞത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാളും വലിയ വോട്ട് യു.ആര്‍ പ്രദീപിന് കിട്ടി. ഏതുരൂപത്തിലാണ് ചേലക്കരയില്‍ യു.ഡി.എഫിന്റെ ജനകീയ അടിത്തറപോയത്? കേരളത്തിലെ ജനങ്ങളോടുള്ള യു.ഡി.എഫിന്റെ നെറികെട്ട സമീപനത്തിന്റെ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സഖാവ് സരിന്‍ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന ഒരു നക്ഷത്രമാവാന്‍ പോവുകയാണ്. അദ്ദേഹത്തെ ഡീമോറലൈസ് ചെയ്യാന്‍ ഇടതുപക്ഷം സമ്മതിക്കില്ല'- എ.കെ ബാലന്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ 5000 വോട്ടിന്റെ കുറവുണ്ടായിട്ടുപോലും തങ്ങളുടെ അടിസ്ഥാനവോട്ട് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. 'എന്നാല്‍ ഇതുമതിയോ എന്നുചോദിച്ചാല്‍ അതുപോര. തിരഞ്ഞെടുപ്പിന്റെ തലേദിവസം ഡോ. സരിനെ വിളിച്ച് പറഞ്ഞിരുന്നു, മൂന്നാം സ്ഥാനത്തായിരിക്കില്ല. എന്നാല്‍ രണ്ടാം സ്ഥാനത്തെത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. പരാജയപ്പെട്ടുപോയാല്‍ ഏതെങ്കിലും തരത്തില്‍ വിഷമമുണ്ടാവാന്‍ പാടില്ല. അപ്പോള്‍ സരിന്‍ പറഞ്ഞത് താന്‍ മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫിന്റെ കൂടെയാണല്ലോ വന്നിരിക്കുന്നത് എന്നാണ്.' ഒരു നിലപാടിന്റെ ഭാഗമാണ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതെങ്കില്‍ താന്‍ അതിനെ സ്വാഗതം ചെയ്യുന്നു, ഒരു വിഷമവും ഇല്ല. ഇടതുപക്ഷത്തോടൊപ്പം ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്' എന്നാണ് സരിന്‍ പറഞ്ഞത്. ആ സരിനെ ഏതെങ്കിലും രൂപത്തില്‍ സരിന്‍ ഇഫക്ട് ഉണ്ടായില്ല എന്നുപറഞ്ഞ് അപമാനിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം സരിന്റെ വ്യക്തിത്വം അവര്‍ക്ക് അറിയാം എന്നതുകൊണ്ടാണ്. സരിനെ നല്ല രൂപത്തില്‍ എല്‍.ഡി.എഫ് പ്രോത്സാഹിപ്പിക്കും. സംഘടനാരംഗത്തും പാര്‍ലമെന്ററി രംഗത്തും ഏറ്റവും നല്ല ഒരാളായി സരിന്‍ മാറും. സരിനെ ഏതെങ്കിലും തരത്തില്‍ നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കണ്ട.' - എ.കെ.ബാലന്‍ പറഞ്ഞു.
'അവിടെ മൂന്നാം സ്ഥാനത്തുള്ള എല്‍ഡിഎഫിന് ഒന്നാം സ്ഥാനത്തേക്ക് വരണമെങ്കില്‍ ശക്തമായ ചില നിലപാടുകള്‍ എടുക്കേണ്ടി വരും. പ്രത്യേകിച്ച് ബി.ജെ.പിക്ക് എതിരായ നിലപാട് ഒരുഭാഗത്തും യുഡിഎഫിനെതിരായ ശക്തമായ നിലപാട് മറ്റൊരുഭാഗത്തും ഉള്ളപ്പോള്‍. ഈ രണ്ടുനിലപാടും സ്വീകരിച്ചുകൊണ്ടാണ് ഏറ്റവും ശക്തമായ പ്രകടനം എല്‍ഡിഎഫ് പാലക്കാട് നടത്തിയത്. അതിന്റെ ഗുണം അവിടെയുണ്ടായി. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയും മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം ഗണനീയമായി കുറഞ്ഞു. 2021-ല്‍ 13700 വോട്ടായിരുന്നു രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയും മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫും തമ്മിലുള്ള വ്യത്യാസം. അത് ഇക്കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ 8400 ആയി കുറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ 2400 വോട്ടായി വീണ്ടും ചുരുങ്ങി. ഇത് അത്ഭുതകരമായിട്ടുള്ള ഒരു മാറ്റമാണ്. വളരെ അകലെയുള്ള എല്‍.ഡി.എഫ് രണ്ടാംസ്ഥാനത്തേക്ക് എങ്ങനെയാണ് കഴിഞ്ഞ നാലുവര്‍ഷക്കാലത്തിനിടയില്‍ വന്നത് എന്നതിന്റെ കണ്ണഞ്ചിപ്പിക്കുന്ന മാറ്റമാണ്. എല്‍.ഡി.എഫ് ബി.ജെ.പിയെ അതിജീവിച്ച് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ പോകുന്നു എന്നതിന്റെ ഏറ്റവും നല്ല പ്രതീതി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും എ. രാഘവന് ലഭിച്ചതിനേക്കാള്‍ 2400 വോട്ട് അഞ്ചുമാസത്തിനുള്ളില്‍ ഡോ. സരിന് കൂടുതലായി വാങ്ങാന്‍ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ലെന്നും എ.ക ബാലന്‍ വിശദമാക്കി.
വയനാട്ടില്‍ പിന്നോട്ടടിയുണ്ടായെന്നും അതിന്റെ കാരണം ഒരു ദേശീയ നേതാവ് മത്സരിച്ചു എന്നതാണെന്നും എ.കെ ബാലന്‍ പറഞ്ഞു. അവര്‍ 'ഇന്ത്യ' ബ്ലോക്കിന്റെ ഭാഗമാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് സ്വാഭാവികമായും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിക്കെതിരായി ഒരു ദേശീയ നേതാവാണ് മത്സരിക്കുന്നത് എന്നുള്ളതുകൊണ്ടും പത്രദൃശ്യമാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള കൃത്രിമത്വമുള്ള പ്രചരണത്തിന്റെയും ഭാഗമായി വിചാരിച്ച വോട്ടുകള്‍ കിട്ടിയിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. 17100 കോടിയുടെ ആസ്തിയുള്ള ഒരു സ്ഥാനാര്‍ഥിയാണ് പ്രിയങ്ക എന്നോര്‍ക്കണം. 120 കോടി ബി.ജെ.പിക്ക് കള്ളപ്പണ ഇനത്തില്‍ 'വൈറ്റാ'ക്കാന്‍ വേണ്ടി കൊടുത്ത ഒരു കുടുംബത്തിലെ പ്രതിനിധിയാണ് ഇവിടെ മത്സരിക്കുന്നത്. അതൊന്നും ഇവിടെ രാഷ്ട്രീയ ചര്‍ച്ചയായില്ല. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ രൂപം കൊണ്ട ഇന്ത്യമുന്നണിയുടെ ഒരു നേതാവാണ് ഇവിടെ വന്ന് മത്സരിക്കുന്നത്.'
സംഘടനാപരമായി എല്‍ഡിഎഫിന്റെ എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി പാര്‍ട്ടി പരിശോധിച്ച് വിലയിരുത്തി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ്സില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും താന്‍ ആര്‍എസ്എസ് അല്ലെന്ന് വാര്യര്‍ പറഞ്ഞിട്ടില്ലെന്നും ആര്‍എസ്എസ്സിന് കൊടുത്ത ഭൂമി തിരിച്ചെടുത്തോ എന്നും എ.കെ ബാലന്‍ ചോദിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകനെക്കുറിച്ച് കേരളത്തില്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പെട്ടി വിവാദം തങ്ങള്‍ ഉണ്ടാക്കിയതല്ലെന്നും വിവാദങ്ങളെല്ലാം കോണ്‍ഗ്രസ് തന്നെ ഉണ്ടാക്കിയതാണെന്നും അതിന് മറുപടി പറയാന്‍ എല്‍.ഡി.എഫ് നിര്‍ബന്ധിക്കപ്പെടുകയാണെന്നും എ.കെ ബാലന്‍ പ്രതികരിച്ചു. പക്വതക്കുറവുണ്ടായെന്ന് പാലക്കാട്ടെ പാര്‍ട്ടി പറഞ്ഞിട്ടില്ല. സി.പി.എം ഉള്‍പ്പാര്‍ട്ടി നയങ്ങളെയും മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് തത്വശാസ്ത്രങ്ങളെയും മനസ്സിലാക്കി പാര്‍ട്ടി കേഡര്‍സ്വഭാവം പിന്തുടരാന്‍ തയ്യാറാണെങ്കില്‍ വരാം എന്നാണ് സന്ദീപ് വാര്യരോട് പറഞ്ഞത്. ആ സമയത്ത് സന്ദീപ് വാര്യരെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ല എന്നു പറഞ്ഞിട്ടുണ്ടെന്നും എ.കെ ബാലന്‍ പ്രതികരിച്ചു.
Content Highlights: cpm leader ak balan reacts on kerala bypolls 2024
Published: 24 Nov 2024, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented