കൊല്ലം: പ്രതിപക്ഷനേതാവ് പിണറായി വിജയനും മകളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സി.പി.എം. വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഇ.എം.എസും എ.കെ.ജി.യും മക്കൾക്കുവേണ്ടി പാർട്ടിയെ ഉപയോഗിച്ചില്ലെന്നും മകൾക്കുവേണ്ടി പിണറായി ഉണ്ടാക്കിയ അവമതിപ്പ് ചെറുതല്ലെന്നും കുണ്ടറയിൽനിന്നുള്ള പ്രതിനിധി തുറന്നടിച്ചു.

To advertise here,

പിണറായിയുടെ മകൾക്ക് എന്തിനാണ് ഇത്രയും പണം എന്ന് പാർട്ടി തിരക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനപ്രസംഗത്തിൽ പിണറായി വിജയനെയും റിയാസിനെയും ന്യായീകരിച്ച സംസ്ഥാന സെക്രട്ടറിയെ പരിഹസിക്കുന്ന പരാമർശവും ഉണ്ടായി.

'ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും' എന്ന മട്ടിലാണ് പാർട്ടി സെക്രട്ടറി സംസാരിച്ചത്. ജില്ലാ കമ്മിറ്റിയിൽ പിണറായിയെ ആരും വിമർശിക്കേണ്ടെന്ന സന്ദേശമാണ് ഉദ്ഘാടനപ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി നൽകിയത്. ചർച്ചചെയ്യേണ്ട വിഷയങ്ങൾ മിണ്ടരുതെന്ന് പറയാൻ ആർക്കും അവകാശമില്ല. ഇത് പാർട്ടി രീതികൾക്ക് വിരുദ്ധമാണെന്ന് പ്രതിനിധികൾ പറഞ്ഞു.

തിരുത്തൽ സംസ്ഥാന സെക്രട്ടറിയിൽനിന്ന് തുടങ്ങണം. കണ്ണൂരിലെ തോൽവിക്ക് പിണറായിയും ഗോവിന്ദനുമാണ് പ്രധാന കാരണക്കാരെന്നും വിമർശനമുണ്ടായി. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ തന്നെ ശാസിച്ചവിവരം ജില്ലാ കമ്മിറ്റികളിൽ വന്ന് റിപ്പോർട്ട് ചെയ്യേണ്ടിവരുന്നത് സംസ്ഥാന സെക്രട്ടറിയുടെ ഗതികേടാണെന്ന് അഞ്ചലിൽനിന്നുള്ള പ്രതിനിധി പറഞ്ഞു.

ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരേ അതിരൂക്ഷ വിമർശനം ഉയർന്നു. മൂന്നു ടേമായി ജില്ലാ സെക്രട്ടറി പാർട്ടിയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് നയിക്കുകയാണ്. ജില്ലാ സെന്റർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. സെക്രട്ടറിയെ മാറ്റണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

വർഗ്ഗ ബഹുജന സംഘടനകളെ പാർട്ടി ഗൗരവത്തിൽ കാണുന്നില്ല. പാർട്ടി മെമ്പർഷിപ്പ് നിലവാരമുള്ളതാകണം. പ്രവർത്തിക്കാത്തവരെ ഒഴിവാക്കണം. അമിതമായ ഫണ്ട് പിരിവും പരിപാടികളും പ്രവർത്തകരുടെ മനസ്സ് മടുപ്പിക്കുന്നെന്നും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ശനിയാഴ്ച ഉച്ചവരെ തുടരും.